കൊല്ലപ്പെട്ട റാണ ബാലചൗര്യ (ഇടത്) ഗായകൻ സിദ്ദു മൂസെവാല (വലത്)

സെൽഫിയെടുക്കാനെന്ന വ്യാജേന കബഡിതാരത്തെ തടഞ്ഞു നിർത്തി വെടിവെച്ച് കൊന്നു

പഞ്ചാബ്: ചണ്ഡീഗറിൽ കബഡി താരത്തെ ബൈക്കിലെത്തിയ അഞ്ജാത സംഘം വെടിവെച്ചു കൊന്നു. മൊഹാലിയിൽ വെച്ച് നടന്ന മത്സരത്തിന് ശേഷം മടങ്ങുകയായിരുന്ന കൻവർ ദിഗ്‍വിജയ് സിങ് എന്ന റാണ ബാലചൗര്യയെ ​സെൽഫി എടുക്കാനെന്ന വ്യാജേന തടഞ്ഞു നിർത്തിയാണ് ആക്രമികൾ വെടിയുതിർത്തത്. വെടിവെപ്പിൽ ഗുരുതരമായി പരി​ക്കേറ്റ റാണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കബഡി ടൂർണമെന്റ് നടന്നു കൊണ്ടിരിക്കുന്ന മൊഹാലിയിലെ സോഹാനയിലാണ് സംഭവം. മത്സരത്തിന്റെ സമാപന ദിവസമായിരുന്നു ഇന്നലെ. ടൂർണമെന്റ് യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ ആരാധകരായി അഭിനയിച്ച് റാണയുടെ അടുത്തേക്ക് വരുകയും സെൽഫി ആവശ്യപ്പെടുകയുമായിരുന്നു.

തുടർന്ന് തങ്ങളുടെ കൈയിലെ തോക്ക് ഉപയോഗിച്ച് റാണക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടരെയുള്ള വെടിവെപ്പിൽ മുഖത്തും നെഞ്ചിലുമായി അ‍ഞ്ച് വെടിയുണ്ടകളാണ് റാണക്ക് ഏറ്റത്. തുടക്കത്തിൽ വെടിയൊച്ചകൾ പടക്കങ്ങളാണെന്ന് കാണികൾ തെറ്റിദ്ധരിച്ചു. പിന്നീടാണ് കാണികളെ ഭയപ്പെടുത്താൻ വേണ്ടി അക്രമികൾ ആകാശത്തേക്ക് വെടിയുതിർത്തത്. സംഭവസ്ഥലത്ത് നടത്തിയ ഫോറൻസിക് പരിശോധനയിൽ അഞ്ച് ഷെല്ലുകൾ കണ്ടെടുത്തിട്ടുണ്ട്.

ഇതിനിടെ റാണയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോപി ഗൺ​ഷാംപൂർ ഗ്യാങ് രംഗത്തുവന്നു. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തെ തുടർന്നുള്ള പ്രതികാരമാണ് റാണയെ ആക്രമിക്കാൻ കാരണമെന്ന് സംഘം സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.

സിദ്ദുവിനെ കൊന്ന ലോറൻസ് ബിഷ്‍ണോയി, ജഗ്ഗു ബഗ്‍വാൻപുരിയ തുടങ്ങിയവരുമായി റാണക്ക് ബന്ധമുണ്ടെന്നും ഇവർക്ക് സഹായം നൽകിയയെന്നും സംഘം ആരോപിച്ചു. റാണയെ കൊന്നതിലൂടെ ഞങ്ങളുടെ സഹോദരൻ മൂസെവാലക്ക് പ്രതികാരം ചെയ്തിരിക്കുന്നു എന്നാണ് പോസ്റ്റ് ചെയ്തത്. പ്രമുഖ പഞ്ചാബി ​ഗായകരിൽ ഒരാളായ വ്യക്തിക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വെടിവെപ്പിന് ഏതാനും സമയം മുമ്പ് വേദിയിലേക്ക് എത്താനിരിക്കുകയായിരുന്നു ഇദ്ദേഹം.

ചില ടീമുകളിൽ കളിക്കുന്നതിനെതിരെ കബഡി കളിക്കാർക്കും അവരുടെ മാതാപിതാക്കൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. അല്ലാത്തപക്ഷം സമാന പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം പോസ്റ്റിന്റെ ആധികാരികത പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്താണ് കൊലപാതകത്തിന്റെ യഥാർഥ കാരണം എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ ​ഗുണ്ടാബന്ധം ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. ഈ മാസം നാലിനാണ് റാണയുടെ കല്യാണം കഴിഞ്ഞത്.

Tags:    
News Summary - Bikers stop kabaddi player for selfie, shoot him dead in Mohali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.