കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹനെ വിളിച്ചുവരുത്തേണ്ടതില്ളെന്ന് കോടതി


ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വിളിച്ചുവരുത്തേണ്ടതില്ളെന്ന് സി.ബി.ഐ പ്രത്യേക കോടതി. മന്‍മോഹനെ വിളിച്ചുവരുത്തി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ നല്‍കിയ ഹരജി കോടതി തള്ളി. അന്നത്തെ ഊര്‍ജസെക്രട്ടറി ആനന്ദ് സ്വരൂപ്, ഖനന വകുപ്പ് സെക്രട്ടറി ജയശങ്കര്‍ തിവാരി എന്നിവര്‍ക്കൊപ്പം സിങ്ങിനെയും കുറ്റാരോപിതനായി ചേര്‍ത്ത് വിളിച്ചുവരുത്തണമെന്നാണ് മധുകോഡ ആവശ്യപ്പെട്ടത്.
സി.ബി.ഐ ആരോപിക്കുന്ന ഗൂഢാലോചന അന്ന് കല്‍ക്കരിവകുപ്പിന്‍െറ ചുമതലവഹിച്ചിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ പങ്കാളിത്തമില്ലാതെ പൂര്‍ണമാകില്ളെന്നും മധു കോഡ ആരോപിച്ചു. നവീന്‍ ജിന്‍ഡാല്‍ ഗ്രൂപ്പിന് കല്‍ക്കരിപ്പാടം അനുവദിച്ചതിലെ നടപടിക്രമങ്ങളെക്കുറിച്ച് മന്‍മോഹന്‍ സിങ്ങിന് പൂര്‍ണ ബോധ്യമുണ്ടായിരുന്നെന്നും ഹരജിയില്‍ കോഡ കുറ്റപ്പെടുത്തിയിരുന്നു. കുറ്റാരോപിതനായ അന്നത്തെ കല്‍ക്കരി സഹമന്ത്രി ദസരി നാരായണ്‍ റാവു മുഖാന്തരമാണ് കേസിലെ ഫയല്‍ നീങ്ങിയതെങ്കില്‍ സിങ് ഗൂഢാലോചനക്കാരിലൊരാളാണെന്ന് പറയാനാകുമെന്നും കോഡ ആരോപിക്കുന്നു. എന്നാല്‍, മന്‍മോഹന്‍ സിങ് കേസില്‍ ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമായി എന്നതിന് തെളിവില്ളെന്ന് വിലയിരുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു. മധു കോഡയുടെ ഹരജിയെ സി.ബി.ഐ എതിര്‍ത്തിരുന്നു.
അമര്‍കോണ്ട മുര്‍ഗാദാങ്കല്‍ കല്‍ക്കരിപ്പാടം ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിനും ഗഗന്‍ സ്പോഞ്ച് അയണ്‍ ലിമിറ്റഡിനും നല്‍കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് വിധി. മധു കോഡക്കും ദസരി നാരായണ്‍ റാവുവിനും പുറമേ, നവീന്‍ ജിന്‍ഡാല്‍, മുന്‍ കല്‍ക്കരി സെക്രട്ടറി എച്.സി. ഗുപ്ത, ആനന്ദ് സ്വരൂപ്, ജയ്ശങ്കര്‍ തിവാരി തുടങ്ങിയവരും കേസില്‍ കുറ്റാരോപിതരാണ്. ഇവരില്‍ റാവുമാത്രമാണ് കോഡയുടെ അപേക്ഷയെ പിന്തുണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.