ന്യൂഡല്‍ഹി: മുസ്ലിം വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കാമ്പസുകളിലേക്കിറങ്ങിച്ചെല്ലാന്‍ ആര്‍.എസ്.എസ് കര്‍മപദ്ധതി തയാറാക്കി. മുസ്ലിംകളെ ആര്‍.എസ്.എസിന്‍െറ പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളാക്കാന്‍ ഇന്ദ്രേഷ് കുമാര്‍ സ്ഥാപിച്ച മുസ്ലിം രാഷ്ട്രീയ മഞ്ചിനെയാണ് സംഘ് നിയോഗിച്ചിരിക്കുന്നത്. രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ ഒന്നാം ജന്മവാര്‍ഷിക ദിനത്തില്‍ ന്യൂഡല്‍ഹി റാഫി മാര്‍ഗിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബില്‍ ഇന്ദ്രേഷ് കുമാര്‍ തന്നെ പദ്ധതിക്ക് തുടക്കമിട്ടു.
കലാമിനെ റോള്‍മോഡലാക്കി ഉയര്‍ത്തിക്കാണിച്ചാണ് അദ്ദേഹത്തിന്‍െറ ജന്മദിനം വിദ്യാര്‍ഥി ദിനമായി ആചരിക്കാന്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് തീരുമാനിച്ചതെന്ന് ആര്‍.എസ്.എസ് ഉന്നതാധികാര സമിതി ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. അബ്ദുല്‍ കലാമിനെ ഖബറടക്കിയതും യാക്കൂബ് മേമനെ തൂക്കിലേറ്റിയതും ഒരേ ദിവസമാണ്. മേമന്‍ നശിച്ചുപോയ ആളായെങ്കില്‍ അബ്ദുല്‍ കലാം വീണ്ടും ഉയരങ്ങളിലേക്കത്തെുകയാണുണ്ടായതെന്നും കുമാര്‍ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ജാമിഅ മില്ലിയ ഇസ്ലാമിയ, ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റി ഡല്‍ഹി കാമ്പസ് എന്നിവിടങ്ങളില്‍നിന്ന് മുസ്ലിം വിദ്യാര്‍ഥികളെയും അധ്യാപകരെയും വിളിച്ചുകൂട്ടിയാണ് ഇന്ദ്രേഷ് കുമാര്‍ ചടങ്ങ് സംഘടിപ്പിച്ചത്. മറ്റു കാമ്പസുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും ആര്‍.എസ്.എസ് പ്രവര്‍ത്തകരുമടക്കം രണ്ടായിരത്തോളം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. ‘ഇഗ്നോ’ വൈസ് ചാന്‍സലര്‍ പ്രഫ. മുഹമ്മദ് അസ്ലം, ഡല്‍ഹി സാകിര്‍ ഹുസൈന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മസ്റൂര്‍ അഹ്മദ് ബേഗ്, ആര്‍.എസ്.എസ് നേതാവ് ഗിരീഷ് ജുയല്‍, ‘ആദം’ എന്‍.ജി.ഒ ചെയര്‍മാന്‍ ഖുര്‍ശിദ് രാജാക്ക, ജെയിന്‍ ടി.വി ചെയര്‍മാന്‍ ജെ.കെ. ജയിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുസ്ലിം രാഷ്ട്രീയ മഞ്ച് ഡല്‍ഹി കണ്‍വീനര്‍ യാസിര്‍ ജീലാനി, രേഷ്മ എച്ച് സിങ്, അഡ്വ. സയ്യിദ് അലി മുനീര്‍ അന്ദ്രാബി, എയര്‍ മാര്‍ഷല്‍ വാജ്പേയി, സാധ്വി ബിവ ഭാരതി, രേണുക ശര്‍മ, ഡോ. സയ്യിദ് റഊഫ്, ഇര്‍ഫാന്‍ മിര്‍സ ബേഗ്, ഹാഫിസ് ശബ്റീം തുടങ്ങിയവരും സംബന്ധിച്ചു.
മുസ്ലിം രാഷ്ട്രീയ മഞ്ച് മുസ്ലിം വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് തുടങ്ങുന്നത് ഇപ്പോഴാണെന്ന് മഞ്ചിന്‍െറ യുവജന കണ്‍വീനറും ജാമിഅ മില്ലിയ ഇസ്ലാമിയയിലെ പിഎച്ച്.ഡി വിദ്യാര്‍ഥിയുമായ നഖീ തഖി ‘മാധ്യമ’ത്തോട് പറഞ്ഞു. ‘വിദ്യാര്‍ഥി ദിനം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി മുസ്ലിം രാഷ്ട്രീയ മഞ്ച് വിദ്യാര്‍ഥികളെ വിളിച്ചുകൂട്ടി നടത്തുന്ന ആദ്യ പരിപാടിയാണെന്നും തഖ്വി പറഞ്ഞു. താന്‍ ആദ്യമായാണ് സംഘടനയുടെ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് ജെ.എന്‍.യുവിലെ ഗവേഷക വിദ്യാര്‍ഥി ഖമര്‍ ഹൈദര്‍ പറഞ്ഞു. അബ്ദുല്‍ കലാമിന്‍െറ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ബുധനാഴ്ചയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ദ്രേഷ് കുമാറിന്‍െറ നേതൃത്വത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.