അഴിമതി: ഭക്ഷ്യമന്ത്രിയെ കെജ്രിവാള്‍ പുറത്താക്കി

ന്യൂഡല്‍ഹി: കോഴ ചോദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഭക്ഷ്യ^പൊതുവിതരണ വകുപ്പു മന്ത്രി അസിം അഹ്മദ് ഖാനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്താക്കി. പാര്‍ട്ടി എം.എല്‍.എ ഇമ്രാന്‍ ഹുസൈനെ പകരം മന്ത്രിയാക്കി. അഴിമതി ആരോപണം സി.ബി.ഐ അന്വേഷണത്തിന് വിട്ടു.
വാര്‍ത്താസമ്മേളനം വിളിച്ചാണ് മന്ത്രിയെ പുറത്താക്കുന്ന കാര്യം കെജ്രിവാള്‍ ‘ലൈവ്’ ആയി പ്രഖ്യാപിച്ചത്. മന്ത്രി അഴിമതി നടത്തിയതായി പരാതിയുണ്ട്. ആരായിരുന്നാലും, സ്വന്തം മകനായാലും ശരി, അഴിമതി വെച്ചുപൊറുപ്പിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
ഒരു കെട്ടിട നിര്‍മാതാവിനോട് അഹ്മദ്ഖാന്‍ ആറു ലക്ഷം രൂപ കോഴ ചോദിക്കുന്നതിന്‍െറ ശബ്ദരേഖയാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. ഫ്ളാറ്റ് നിര്‍മാതാവുതന്നെയാണ് ശബ്ദരേഖ വഴി മന്ത്രിയെ കുടുക്കിയത്.
അഴിമതി കാട്ടിയാല്‍ പാര്‍ട്ടിയില്‍ രക്ഷയില്ളെന്ന് തെളിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞുവെന്ന് മുതിര്‍ന്ന നേതാവ് അശുതോഷ് പറഞ്ഞു. കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ ഈ ആര്‍ജവം കാണിക്കാന്‍ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ്ങിനെയോ, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെയോ പുറത്താക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബി.ജെ.പിയെ വെല്ലുവിളിച്ചു.
വസ്തുതകള്‍ പരിശോധിക്കാതെയാണ് മന്ത്രിക്കെതിരെ നടപടി സ്വീകരിച്ചതെങ്കില്‍ അത് തെറ്റായ കീഴ്വഴക്കമാണെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അഭിപ്രായപ്പെട്ടു. മാധ്യമങ്ങളെ ആകര്‍ഷിക്കാനുള്ള തമാശയെന്ന നിലയിലാണ് സംഭവത്തെ കാണുന്നത്. ഒന്നും തെളിയിക്കപ്പെടാതെ പുറത്താക്കുകവഴി അസിം ഖാനോട് മുഖ്യമന്ത്രി അനീതിയാണ് കാട്ടിയതെന്ന് ഷീല ദീക്ഷിത് പറഞ്ഞു.
എട്ടുമാസം മുമ്പ് അധികാരത്തില്‍വന്ന ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയിലെ രണ്ടാമത്തെ പ്രധാന മാറ്റമാണ് ഇപ്പോഴത്തേത്. ജൂണില്‍ നിയമമന്ത്രി ജിതേന്ദര്‍സിങ് തോമര്‍ രാജിവെച്ചത് ബിരുദം വ്യാജമാണെന്ന വിവാദത്തെ തുടര്‍ന്നാണ്. പകരം കപില്‍ മിശ്രയെ നിയമമന്ത്രിയാക്കിയെങ്കിലും, രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ആ വകുപ്പു കൊടുത്തു.
ആം ആദ്മി പാര്‍ട്ടിയുടെ ആദ്യസര്‍ക്കാറില്‍ മന്ത്രിയായിരുന്ന സോമനാഥ് ഭാരതി, ഭാര്യയെ പീഡിപ്പിച്ചുവെന്ന കേസില്‍ രാജിവെക്കേണ്ടി വരികയും അറസ്റ്റിലാവുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അടുത്ത മാനക്കേട്. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അസിം ഖാന്‍ പ്രതികരിച്ചു. എല്ലാറ്റിനും വൈകാതെ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി വിഷയത്തില്‍ മന്ത്രിയെ പുറത്താക്കിയത് കെജ്രിവാളിന്‍െറ പ്രതിച്ഛായ മെച്ചപ്പെടുത്തും. അതിനൊപ്പം വിമതരില്‍നിന്നുള്ള എതിര്‍പ്പും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി മതിയ മഹലില്‍ പ്രമുഖ നേതാവ് ശുഹൈബ് ഇഖ്ബാലിനെ തോല്‍പിച്ച ബിസിനസുകാരനാണ് അസിം ഖാന്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.