അഹ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മൂന്നു മാസത്തേക്ക് നീട്ടിവെച്ചു. പട്ടേല്‍ സമുദായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് നീട്ടിയത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനു പിന്നാലെയാണ് കമീഷന്‍ വിജ്ഞാപനമിറക്കിയത്. പ്രകൃതിക്ഷോഭമുണ്ടാകുന്ന ഘട്ടങ്ങളില്‍ സര്‍ക്കാറിന് തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ നിയമം നിലവിലുണ്ടായിരുന്നു. ഇതോടൊപ്പം, ക്രമസമാധാനപ്രശ്നം ഉണ്ടാകുന്ന സാഹചര്യത്തിലും തെരഞ്ഞെടുപ്പ് നീട്ടാമെന്ന വകുപ്പുകൂടി ഉള്‍പ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്തത്. കാലാവധി അവസാനിക്കുന്നമുറക്ക് അഹ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര, ജാംനഗര്‍ എന്നീ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഫലത്തെ ബാധിക്കുമെന്നു ഭയന്നാണ് തെരഞ്ഞെടുപ്പ് നീട്ടിയതെന്ന് പാട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി ആരോപിച്ചു. ഗുജറാത്തിലെ പ്രബല വിഭാഗമായ പട്ടേല്‍ സമുദായത്തിന് 40ഓളം എം.എല്‍.എമാരുണ്ട്. 31 ജില്ലാ പഞ്ചായത്ത്, 230 ബ്ളോക്, ആറ് കോര്‍പറേഷന്‍, 56 മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാ കോര്‍പറേഷനുകളും ജില്ലാ പഞ്ചായത്തുകളും ബി.ജെ.പി പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.