ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോളജുകളിലെ ബിരുദ-ബിരുദാനന്തര കോഴ്സ് പ്രവേശത്തിന് അഖിലേന്ത്യാതലത്തില്‍ ഒറ്റ പരീക്ഷ മതിയെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ (എം.സി.ഐ). ഇതു സംബന്ധിച്ച കൗണ്‍സില്‍ ശിപാര്‍ശ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍െറ അംഗീകാരത്തിനായി കൈമാറി. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ വരുന്ന അധ്യയനവര്‍ഷംതന്നെ പൊതു പരീക്ഷ നടപ്പാക്കും.
രാജ്യത്തെ 70,000 എം.ബി.ബി.എസ് സീറ്റുകളിലേക്കും 21,000 എം.ഡി സീറ്റുകളിലേക്കുമുള്ള പ്രവേശത്തിന് സംസ്ഥാന സര്‍ക്കാറുകളും സ്വകാര്യ കോളജ് അസോസിയേഷനുകളും ന്യൂനപക്ഷ സ്ഥാപനങ്ങളും അവരവരുടെ പരീക്ഷകള്‍ നടത്തുന്നുണ്ട്. അവയെല്ലാം നിര്‍ത്തലാക്കി കൗണ്‍സിലിന്‍െറ അഖിലേന്ത്യാതല പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കു മാത്രം പ്രവേശം ലഭിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. പരീക്ഷകളില്‍ നടക്കുന്ന വ്യാപക ക്രമക്കേടുകളും പരാതികളും ഒഴിവാക്കാന്‍ ഇതുവഴി കഴിയുമെന്നാണ് കൗണ്‍സിലിന്‍െറ വിലയിരുത്തല്‍. പല പരീക്ഷകള്‍മൂലം പ്രവേശ നടപടികളിലുണ്ടാവുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്ന് കൗണ്‍സില്‍ അംഗങ്ങളായ ഡോ. കിഷോര്‍ തിവാരി, ഡോ. ജയന്ത് ബണ്ടാരെ എന്നിവര്‍ പറഞ്ഞു.
ഏകീകൃത പ്രവേശപരീക്ഷ നടത്താന്‍ 2013ലും മെഡിക്കല്‍ കൗണ്‍സില്‍ ശ്രമിച്ചെങ്കിലും കോടതി റദ്ദാക്കുകയായിരുന്നു. ഇക്കുറിയും മാനേജ്മെന്‍റുകള്‍ നിയമനടപടി സ്വീകരിക്കുമെന്നതിനാല്‍ ഒറ്റ പരീക്ഷ എളുപ്പമാവില്ല എന്നുറപ്പാണ്. എന്നാല്‍, ഒറ്റ പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സിലിന് അധികാരമുണ്ടെന്നും അതിനാവശ്യമായ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൗണ്‍സില്‍ വാദിക്കുന്നു.
എം.സി.ഐ നിയമപ്രകാരം 2013ല്‍ പുറത്തിറക്കിയ വിജ്ഞാപനമാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്. ഭരണഘടനക്ക് എതിരാണ് വിജ്ഞാപനമെന്നായിരുന്നു മൂന്നംഗ ബെഞ്ചിലെ ഭൂരിപക്ഷ വിലയിരുത്തല്‍. പൊതു പ്രവേശപരീക്ഷക്ക് പകരം സംസ്ഥാനങ്ങള്‍ക്കും മാനേജ്മെന്‍റുകള്‍ക്കും പരീക്ഷ നടത്താമെന്നും അവയുടെ മാനദണ്ഡമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെഡിക്കല്‍ കൗണ്‍സിലിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് മെഡിക്കല്‍ പ്രവേശത്തിനായി ഏകീകൃത പൊതുപ്രവേശ പരീക്ഷ (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- നീറ്റ്) നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്‍െറ ആവശ്യത്തിനെതിരെ 115 ഹരജികളാണ് അന്ന് സുപ്രീംകോടതിയിലത്തെിയത്. പരീക്ഷ നടത്തിപ്പല്ല, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍െറയും മെഡിക്കല്‍ മേഖലയുടെയും നിലവാരം നിരീക്ഷിക്കലാണ് മെഡിക്കല്‍ കൗണ്‍സിലിന്‍െറ ചുമതലയെന്ന് 2013 ജൂലൈ 18നു പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം നടന്ന അഖിലേന്ത്യ പ്രവേശ പരീക്ഷയില്‍ കോപ്പിയടിയും ഉത്തര സൂചിക ചോര്‍ച്ചയും നടന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയും സുപ്രീംകോടതി നിര്‍ദേശപ്രകാരം പുതിയ പരീക്ഷ നടത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.