ഡി.എം.കെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി നേതാക്കൾ ജഡ്ജിയെ ഇംപീച്ച് ചെയ്യാൻ സ്പീക്കർക്ക് നോട്ടീസ് നൽകുന്നു

തിരുപ്പറകുൺറത്ത് വർഗീയ ധ്രുവീകരണത്തിന് അവസരം നൽകി; ജഡ്ജിക്കെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റിന് പ്രതിപക്ഷം

ന്യൂഡൽഹി: തമിഴ്നാട് മധുരയിലെ തിരുപ്പറകുൺറത്ത് വർഗീയ ധ്രുവീകരണത്തിന് അവസരം നൽകി ദർഗക്ക് സമീപം കാര്‍ത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈകോടതി മധുര ബെഞ്ചിലെ ജഡ്ജി ജി.ആർ. സ്വാമിനാഥനെ പുറത്താക്കാൻ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയ അവതരണ നോട്ടീസ് നൽകി ഇൻഡ്യ മുന്നണി എം.പിമാർ.

ഡി.​എം.കെയുടെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണിയിലെ 107 പേർ ഒപ്പിട്ട നോട്ടീസ് പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, ആർ. ബാലു, ഗൗരവ് ​ഗൊഗോയി, സു​പ്രിയ സുലെ, കനിമൊഴി തുടങ്ങിയവർ ചേർന്നാണ് ചൊവ്വാഴ്ച ലോക്സഭ സ്പീക്കർ ഓം ബിർളക്ക് നൽകിയത്. ഇൻഡ്യ മുന്നണിയിൽ അംഗമല്ലാത്ത അസദുദ്ദീൻ ഉവൈസിയും നോട്ടീസിൽ ഒപ്പിട്ടു.

ജഡ്ജിയുടെ നിഷ്പക്ഷത, സുതാര്യത, മതേതര പ്രവർത്തനം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും പ്രത്യേക സമുദായത്തിൽനിന്നുള്ള അഭിഭാഷകരോട് ജഡ്ജിയുടെ ഭാഗത്തുനിന്ന് പക്ഷപാത സമീപനം ഉണ്ടെന്നും ഹൈകോടതി ജഡ്ജിമാരെ ഭരിക്കാനും നീക്കംചെയ്യാനും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്ൾ 217 പ്രകാരം നൽകിയ നോട്ടീസിൽ പറയുന്നു.

ജസ്റ്റിസ് സ്വാമിനാഥൻ ആർ.എസ്.എസുകാരനാണെന്നും അത് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ടെന്നും ഡി.എം.കെ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടുകയുണ്ടായി. നൂറുവർഷത്തിലേറെയായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉച്ചിപിള്ളയാർ കോവിലിലെ സ്തംഭത്തിലാണ് കാർത്തിക ദീപം തെളിച്ചിരുന്നത്.

തൊട്ടടുത്ത കുന്നിന് മുകളിലുള്ള ദർഗക്ക് സമീപമുള്ള ‘ദീപ തൂൺ’ എന്ന് വിളിക്കുന്ന സ്തംഭത്തിൽ വിളക്ക് കൊളുത്തണമെന്ന സംഘ്പരിവാറിന്റെ ആവശ്യം അംഗീകരിക്കുന്നതായിരുന്നു ജസ്റ്റിസ് സ്വാമിനാഥന്റെ വിധി.

Tags:    
News Summary - INDIA bloc MPs submit impeachment notice against judge over lamp lighting row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.