ഗോവ നിശാക്ലബ്ബ് തീപിടിത്തം; ഉടമകൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസ്; മറ്റൊരു ക്ലബ്ബുകൂടി പൊളിക്കും

പനാജി: ഗോവയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബിലെ തീപിടിത്തത്തില്‍ നടപടി കടുപ്പിച്ച് സംസ്ഥാന സർക്കാർ. ക്ലബ്‌ ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കായി ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ച സർക്കാർ ഇവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്ലബ് കൂടി പൊളിച്ചുകളയാനും ഉത്തരവിട്ടിട്ടുണ്ട്.

തീപിടിത്തം ഉണ്ടായതിന് പിന്നാലെ ഇരുവരും രാജ്യം വിട്ടിരുന്നു. നിലവിൽ ഇവർ തായ്‌ലൻഡിൽ ഉണ്ടെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന വിവരം. നിശാക്ലബ്ബിൽ തീപിടിത്തം ഉണ്ടാകുമ്പോൾ ഇരുവരും ഡൽഹിയിലെ വസതിയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡിസംബർ ഏഴിന് പുലർച്ചെയാണ് ഇവർ തായ്‌ലന്റിലേക്ക് രക്ഷപ്പെട്ടത്. ഫുകെറ്റ് റിസോർട്ടിൽ എത്തിയ ഇരുവരും നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് അറിഞ്ഞ് ഇവിടെ നിന്ന് മുങ്ങുകയായിരുന്നു.

തീരദേശ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ഓഫിസ് എന്നീ വകുപ്പുകൾ നൽകിയ അന്ത്യശാസനങ്ങളെയെല്ലാം വകവെക്കാ​തെയാണ് ഇരുവരും ക്ലബ് നടത്തിയിരുന്നതെന്നാണ് വിവരം. റിസോർട്ടിൽ അപകടമുന്നറിയിപ്പ് നൽകിയ ചില സാമൂഹ്യപ്രവർത്തകരെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രവി ഹർമൽക്കർ എന്ന സാമൂഹ്യപ്രവർത്തകൻ പരാതി നൽകിയതോടെ പൊളിച്ചുനീക്കാൻ ഉത്തരവായെങ്കിലും പ്രവർത്തനം തുടർന്നു.

ഉത്തര ഗോവയിലെ റോമിയോ നിശാക്ലബിലാണ് ശനിയാഴ്ച അർധരാത്രിയോടെ അഗ്നിബാധയുണ്ടായത്. അനധികൃത നിർമാണത്തിന്റെ പേരിൽ ​പഞ്ചായത്ത് പൊളിക്കാൻ ഉത്തരവിട്ട കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പിന്നാലെ, തിങ്കളാഴ്ച സമാന രീതിയിൽ പ്രവർത്തിക്കുന്ന റോമിയോ ക്ലബിന്റെ തന്നെ ഉടമസ്ഥതയിലുള്ള രണ്ട് നിശാ ക്ലബുകൾ അധികൃതർ പൂട്ടിച്ചിരുന്നു. സംഭവത്തിൽ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായത്.  

Tags:    
News Summary - Goa nightclub fire; Blue Corner Notice against owners; Another club to be demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.