എംപി അബ്ദുസ്സമദ് സമദാനി എംപി
ന്യൂഡൽഹി: എസ്.ഐ.ആറിലൂടെ പൗരത്വ രജിസ്റ്ററിലേക്കുള്ള പിൻവാതിൽ തുറക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. അവ്യക്തവും അസ്ഥിരവുമായ മാനദണ്ഡങ്ങൾ വെച്ച് രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശത്തെ പരീക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഭരണഘടന നൽകിയ മൗലികാവകാശത്തെ സംവിധാനത്തിന്റെയും ബ്യൂറോക്രസിയുടെയും ഇടപെടലുകളിലൂടെ തകർക്കുന്നത് അനുവദിക്കാനാകില്ലെന്നും ലോക്സഭയിൽ എസ്.ഐ.ആർ ചർച്ചയിൽ പറഞ്ഞു.
മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഏറ്റവും സാധാരണക്കാരനായ മനുഷ്യന് തന്റെ ശബ്ദം ഫലപ്രദമായി പ്രകടിപ്പിക്കാൻ കഴിയുന്ന ജനാധിപത്യ സംവിധാനത്തെ നിരാകരിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് പരിഷ്കാരം. പൗരനെ അത് സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയും തന്റെ സമ്മതിദാനത്തിനുള്ള അർഹത തെളിയിക്കാൻ ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്യുന്നു. എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളൊന്നും ഭരണഘടനക്ക് നിരക്കുന്നതല്ല. തെരഞ്ഞെടുപ്പ് കമീഷന് അധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ 324, 326 എന്നീ വകുപ്പുകളൊന്നും തന്നെ തുല്യാവകാശം ഉറപ്പു നൽകുന്ന 14-ാം വകുപ്പിന് മീതെയല്ല.
ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ ജനത വോട്ടവകാശ നിഷേധത്തിന്റെ ഭീഷണി നേരിടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുവെച്ച അപ്രായോഗികവും അസാധ്യവുമായ നടപടിക്രമങ്ങളും സമയപരിമിതിയും കൊണ്ടാണ് അവർ ഈ വിഷമാവസ്ഥയിൽ അകപ്പെട്ടിരിക്കുന്നത്. എസ്.ഐ.ആർ സൃഷ്ടിച്ച കെടുതികൾ ബിഹാറിൽ കണ്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും അത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യമാകെ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ് കമീഷന്റെ പരിഷ്കാരങ്ങൾ. പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമാണ് അതിന് കൂടുതൽ ഇരയായത്. വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ, വാടകവീടുകളിൽ താമസിക്കുന്ന അനൗദ്യോഗിക തൊഴിലാളികൾ, വിവാഹത്തെ തുടർന്ന് താമസസ്ഥലം മാറിയ സ്ത്രീകൾ, പ്രവാസികൾ, പതിവായി മുൻവിധികളെ അഭിമുഖീകരിക്കുന്ന മത, ഭാഷാ ന്യൂനപക്ഷങ്ങൾ എന്നിവരെ വിഷമവൃത്തത്തിലേക്ക് തള്ളുന്നതാണ് പുതിയ നടപടിക്രമങ്ങൾ. ഇത്ര പ്രധാനപ്പെട്ടൊരു കാര്യത്തിന് എന്താണ് ഇത്ര വലിയ ധൃതിയെന്നും എന്തുകൊണ്ടാണ് ഇത്രഹ്രസ്വമായ സമയപരിധിയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കണം.
വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരണത്തിന്റെ അടിസ്ഥാന തത്വം തന്നെ വോട്ടർമാരെ ഉൾക്കൊള്ളുക എന്നതാകണമെന്നും തള്ളിക്കളയുക എന്നതാകരുതെന്നും സമദാനി ആവശ്യപ്പെട്ടു. എന്നാൽ എസ്.ഐ.ആർ ഉൾക്കൊള്ളുക എന്ന തത്വം തന്നെ അംഗീകരിക്കുന്നില്ല. ഓരോരോ കാരണങ്ങൾ കണ്ടെത്തി ജനങ്ങളെ വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കുക എന്ന പരിപാടിയാണ് നടക്കുന്നത്. വോട്ടർ പട്ടികയിൽ തന്റെ പേരില്ലാത്ത ഒരു ജനാധിപത്യ സംവിധാനത്തിൽ ഒരു പൗരൻ ജീവിക്കുക എന്നതിന്റെ അർഥം എന്താണെന്നും സമദാനി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.