വിഴിഞ്ഞം തുറമുഖം: ഹരിത ട്രൈബ്യൂണലിനെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: സൂര്യന് താഴെയുള്ള എല്ലാ വിഷയങ്ങളിലും ഇടപെടാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമില്ളെന്ന് സുപ്രീംകോടതി. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് ഇങ്ങനെ പറഞ്ഞത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതിയെയും ബന്ധപ്പെട്ട കേന്ദ്ര നിയമങ്ങളെയും വിജ്ഞാപനങ്ങളെയും ദേശീയ ഹരിത ട്രൈബ്യൂണല്‍  ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് സുപ്രധാന നിരീക്ഷണം. ഹൈകോടതിക്ക് തുല്യമായ അധികാരം ഹരിത ട്രൈബ്യൂണലിന് ഉണ്ടെന്ന് കരുതാനാവില്ല. ട്രൈബ്യൂണലിന് സഹജമായ അധികാരമല്ല, നിയമപരമായ അധികാരം മാത്രമാണുള്ളതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട കേസുകള്‍ ഹരിത ട്രൈബ്യൂണലിന്‍െറ ചെന്നൈ ബെഞ്ചാണ് നേരത്തേ പരിഗണിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈ കേസുകള്‍ ഹരിത ട്രൈബ്യൂണലിന്‍െറ ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ച് സ്വയം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കേസ് പരിഗണിച്ച ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്ത്രകുമാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതിയെയും തീരപരിപാലന നിയമത്തില്‍ കേന്ദ്രം വരുത്തിയ ഭേദഗതികളെയും ചോദ്യം ചെയ്തു. ഇതിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും തുറമുഖ കമ്പനിയും നല്‍കിയ ഹരജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
പദ്ധതിക്കെതിരെ ഹരജിക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ കൃഷ്ണന്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഹരജിക്കാരനായ വില്‍ഫ്രഡിന്‍െറ അഭിഭാഷകന്‍ രാജ്പഞ്ച്വാനി വാദം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടു. പദ്ധതിയുടെ വിശദ വസ്തുതകളിലേക്ക് ഇപ്പോള്‍ പോകേണ്ടെന്നും നിയമപരമായ പ്രശ്നങ്ങള്‍മാത്രം പറഞ്ഞാല്‍ മതിയെന്നും കോടതി മറുപടി നല്‍കി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തുറമുഖ കമ്പനിക്കും കോടതി നാല് ആഴ്ച അനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.