നയതന്ത്രത്തില്‍ പൂര്‍ണവിരാമമില്ല -സുഷമ സ്വരാജ്


ന്യൂഡല്‍ഹി: സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടക്കാതെ വന്നാല്‍ ഇന്ത്യ-പാക് നയതന്ത്ര ബന്ധങ്ങള്‍ അവസാനിച്ചെന്ന് അര്‍ഥമില്ളെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുപോലെയാണ് ഇന്ത്യ-പാക് ബന്ധം. വണ്ടി പഞ്ചറായാലും കുറച്ചു കഴിയുമ്പോള്‍ വീണ്ടും റോഡില്‍തന്നെ ഉണ്ടാകും. നയതന്ത്രത്തില്‍ പൂര്‍ണവിരാമമില്ല; അല്‍പവിരാമമോ അര്‍ധവിരാമമോ ഉണ്ടായെന്നു വരും.കശ്മീര്‍ അടക്കം സമാധാന സംഭാഷണങ്ങള്‍ നടക്കണമെങ്കില്‍ അതിനു പറ്റിയ സമാധാനാന്തരീക്ഷം ഉണ്ടാകണം. സമാധാന ചര്‍ച്ചകളിലേക്കുള്ള ചവിട്ടുപടിയായി വേണം ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയെ കാണേണ്ടതെന്നും സുഷമ സ്വരാജ് പറഞ്ഞു. ആദ്യം ഭീകരതയുടെ പ്രശ്നങ്ങള്‍ക്ക് പോംവഴി കാണാം. എന്നിട്ട് മറ്റു പൊതുവിഷയങ്ങള്‍ പരിഗണനക്കെടുക്കാം. സുരക്ഷാകാര്യ ചര്‍ച്ച നടക്കുമെങ്കില്‍, ബലൂചിസ്താനില്‍ ഭീകരരെ സഹായിക്കാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയായ ‘റോ’ ഇടപെടുന്നതിന്‍െറ രേഖാസമാഹാരം ഇന്ത്യക്ക് കൈമാറുമെന്ന് സര്‍താജ് അസീസ് പറഞ്ഞിരുന്നു. അതേസമയം, ഇത്തരം വിഷയങ്ങളുടെ ഗൗരവാവസ്ഥ അറിയുന്നയാളാണ് സര്‍താജ് അസീസെന്നാണ് കരുതുന്നതെന്ന് സുഷമ സ്വരാജ് പറഞ്ഞു.  ഭീകരതയുടെ ജീവനുള്ള തെളിവാണ് (നവീദ് യാക്കൂബ്) ഇന്ത്യയുടെ പക്കലുള്ളതെന്ന് ഓര്‍ക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.