അമേരിക്കയില്‍ അസംസ്കൃത എണ്ണവില 40 ഡോളറിന് താഴെ


ന്യൂയോര്‍ക്: യു.എസ് വിപണിയില്‍ അസംസ്കൃത എണ്ണവില (ക്രൂഡ് ഓയില്‍) ബാരലിന് 40 ഡോളറിന് താഴെയത്തെി. ലണ്ടന്‍ വിപണിയില്‍ ബ്രെന്‍റ് ക്രൂഡ് ഓയിലിന് 1.16 ഡോളര്‍ ഇടിഞ്ഞ് 45.35 ഡോളറിലും വില എത്തി. 2009 മാര്‍ച്ചിനുശേഷം ഇതാദ്യമായാണ് അമേരിക്കയില്‍ എണ്ണവില 40 ഡോളറിന് താഴെയത്തെുന്നത്. ന്യൂയോര്‍ക് മര്‍ക്കന്‍ൈറല്‍ എക്സ്ചേഞ്ചില്‍ വെള്ളിയാഴ്ച രാവിലെ ലൈറ്റ് സ്വീറ്റ് ക്രൂഡിന് 40.01 ഡോളറായിരുന്ന ഒക്ടോബര്‍ അവധിവില ഉച്ചക്ക് 39.86 ഡോളറിലേക്ക് താഴ്ന്നു. പിന്നീട് 87 സെന്‍റ് നഷ്ടത്തില്‍ 40.45 ഡോളറിനാണ് വ്യാപാരം അവസാനിപ്പിച്ചത്.
തുടര്‍ച്ചയായ എട്ടാം ആഴ്ചയാണ് വില താഴുന്നത്. ഓയില്‍ ഖനന കമ്പനികള്‍ കഴിഞ്ഞയാഴ്ച രണ്ട് എണ്ണക്കിണറുകള്‍കൂടി സജ്ജമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് വിലയിടിഞ്ഞത്. ചൈനയില്‍ വ്യവസായിക ഉല്‍പാദനം മാന്ദ്യത്തിലായതോടെ ആവശ്യകത കുറയുമെന്ന ഭീതിയും അവധിവിലകള്‍ ഇടിയുന്നതിനിടയാക്കി. തുടര്‍ച്ചയായ അഞ്ചാം ആഴ്ചയാണ് അമേരിക്കയില്‍ പുതുതായി എണ്ണ ഉല്‍പാദന കിണറുകള്‍ തുറക്കുന്നത്. അമേരിക്കയില്‍ ഷെയില്‍ എണ്ണ ഉല്‍പാദനം വ്യാപകമാവുകയും ഉല്‍പാദനം കുറക്കാന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തയാറാകാതിരിക്കുകയും ചെയ്തതോടെയാണ് എണ്ണവില കുത്തനെ ഇടിഞ്ഞത്. അമേരിക്കയില്‍ എണ്ണ ഉല്‍പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്ക്. അമേരിക്കന്‍ വിപണിയില്‍ 63 ശതമാനമാണ് വില ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം 107.26 ഡോളറായിരുന്നു കൂടിയ വില. ഈ വര്‍ഷം മാത്രം 34 ശതമാനം ഇടിഞ്ഞു. ബ്രെന്‍റ് ക്രൂഡിന് ജൂലൈയില്‍ മാത്രം 18 ശതമാനമാണ് വിലയിടിഞ്ഞത്. വിലയിടിവ് കുറെക്കാലംകൂടി തുടരുമെന്ന പ്രതീക്ഷയില്‍ പ്രമുഖ എണ്ണ ഉല്‍പാദന കമ്പനികളെല്ലാം പര്യവേക്ഷണ ഇനത്തിലുള്ള ചെലവ് വെട്ടിക്കുറക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.