അപര്‍ണ എന്ന അജയ് മഫത്ലാല്‍ അന്തരിച്ചു


മുംബൈ: മകളായി ജനിച്ചെങ്കിലും പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ മകനായി മാറിയ മഫത്ലാല്‍ കുടുംബത്തിലെ അപര്‍ണ എന്ന അജയ് മഫത്ലാല്‍ (60) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11.30ന് നഗരത്തിലെ ബ്രീച്ച്കാണ്ടി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നെന്ന് ബ്രീച്ച്കാണ്ടി ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ പറഞ്ഞു. അണുബാധയെ തുടര്‍ന്നാണ് അന്ത്യമെന്ന് കുടുംബവൃത്തങ്ങള്‍ പറഞ്ഞു. സംസ്കാരം ബാന്‍ഗംഗക്കടുത്തുള്ള മൈതാനത്ത് നടന്നു. പ്രമുഖ തുണിവ്യവസായ കുടുംബമായ മഫത്ലാല്‍ കുടുംബത്തിലെ അംഗമാണ് അപര്‍ണ എന്ന അജയ് മഫത്ലാല്‍. യോഗേന്ദ്ര മഫത്ലാലിന്‍െറയും മാധുരി മഫത്ലാലിന്‍െറയും നാലു മക്കളില്‍ മൂത്തവളായായിരുന്നു അപര്‍ണയുടെ ജനനം. പെണ്ണായാണ് ജനനമെങ്കിലും തന്നില്‍ പുരുഷത്വമാണുള്ളതെന്ന വാദമായിരുന്നു അപര്‍ണക്ക്. 1979ല്‍ സന്ദീപ് പരേക്കറുമായി വിവാഹം നടന്നെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ വഴിപിരിഞ്ഞു. പിന്നീട്, താന്‍ പുരുഷനാണെന്ന മട്ടിലായിരുന്നു പെരുമാറ്റം. ഇത് കുടുംബത്തിനുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുതുടങ്ങി. 2005 ജനുവരിയില്‍ പിതാവ് മരിച്ചതോടെ അഞ്ചു മാസത്തിനുശേഷം ബ്രീച്ച്കാണ്ടി ഹോസ്പിറ്റലില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമാവുകയായിരുന്നു. അതോടെ അജയ് മഫത്ലാലെന്ന പേരും സ്വീകരിച്ചു. എന്നാല്‍, ഇത് മഫത്ലാല്‍ കുടുംബത്തില്‍ കടുത്ത സ്വത്തുതര്‍ക്കത്തിന് വഴിവെച്ചു.  സ്വത്തുക്കളുടെ നിയന്ത്രണാവകാശം യോഗേന്ദ്രയുടെ ഏക മകന്‍ അതുല്യ മഫത്ലാലിനായിരുന്നു. അപര്‍ണ, അജയ് ആയിമാറിയതോടെ കുടുംബത്തിലെ മൂത്ത മകന്‍ അവരായി. തന്‍െറ ലിംഗമാറ്റത്തിനു പിന്നില്‍ സ്വത്തവകാശമല്ല ലക്ഷ്യമെന്ന് അജയ് പറഞ്ഞെങ്കിലും അനുജന്‍ അതുല്യയും അദ്ദേഹത്തിന്‍െറ ഭാര്യ ശീതളുമായി തര്‍ക്കമുടലെടുത്തു. മാതാവ് മാധുരി അജയ് മഫത്ലാലിന്‍െറ പക്ഷത്തുമായി. അതോടെ, കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങളുടെയും പെയ്ന്‍റിങ്ങുകളുടെയും മോഷണം, ജീവാപായശ്രമം എന്നിങ്ങനെ പരസ്പരം പരാതികളുമായി ഇരുകൂട്ടരും രംഗത്തുവരുകയും ചെയ്തു. ഇതിനിടെയാണ് അപര്‍ണ എന്ന അജയ് മഫത്ലാലിന്‍െറ മരണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.