പാകിസ്താന്‍ ചര്‍ച്ചക്ക് ക്ഷണിച്ച വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി; വിട്ടയച്ചു

ന്യൂഡല്‍ഹി: പാകിസ്താന്‍ ചര്‍ച്ചക്ക് ക്ഷണിച്ച ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളെ പോലീസ് വീട്ടുതടങ്കലിലാക്കി. ഹുര്‍റിയത്ത് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഇസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക്, നഈം ഖാന്‍ എന്നിവരെയാണ് വീട്ടുതടങ്കലിലാക്കിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ഇവരെ വിട്ടയച്ചതായി പോലീസ് അറിയിച്ചു.

ആഗസ്റ്റ് 23 ന് ഇന്ത്യയിലെത്തുന്ന പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്താനാണ് കശ്മീര്‍ ഹുര്‍റിയത്ത് നേതാക്കള്‍ക്ക് ക്ഷണമുണ്ടായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ചര്‍ച്ചക്കാണ് സര്‍താജ് അസീസ് ഇന്ത്യയിലെത്തുന്നത്. ആഗസ്റ്റ് 23ന് നടക്കുന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് ഹുര്‍റിയത്ത് നേതാക്കളെ ക്ഷണിച്ചത്. നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചകാര്യം ഹുര്‍റിയത്ത് വക്താവ് സ്ഥിരീകരിച്ചു.

നേരത്തേ ഇന്ത്യയിലെ പാക് ഹൈകമ്മീഷണര്‍ ഹുര്‍റിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇസ്ളാമാബാദില്‍ നടത്താനിരുന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച ഇന്ത്യ റദ്ദാക്കിയിരുന്നു. റഷ്യയിലെ ഊഫയില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടത്താന്‍ ധാരണയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.