മോദിക്കെതിരെ ആഞ്ഞടിച്ച് നിതീഷും കെജ് രിവാളും ഒരേവേദിയില്‍

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും വേദി പങ്കിട്ടു. ഡല്‍ഹിയില്‍ നടന്ന പരിപാടിയിലാണ് ഇരുവരും ഒരേവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പരിപാടിയില്‍ സംസാരിച്ച മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി വിമര്‍ശിച്ചു.

'ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി എന്നെ നക്സലൈറ്റ് എന്നു വിളിച്ചു. ഇപ്പോള്‍ ബിഹാറുകാരുടെ ഡി.എന്‍.എയെ ചോദ്യം ചെയ്യുന്നു. ഡല്‍ഹിയില്‍ ചെയ്ത തെറ്റ് ബി.ജെ.പി ബിഹാറിലും ആവര്‍ത്തിക്കുകയാണ്. ഡല്‍ഹിയില്‍ തോറ്റ പോലെ അവര്‍ ബിഹാറിലും തോല്‍ക്കും' ^കെജ് രിവാള്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ തരംഗമാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്തും ഉള്ളതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നതെന്ന് നിതീഷ്കുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എ.എ.പിക്ക് 67 സീറ്റ് ലഭിച്ചു. ബിഹാരികളുടെ മനസ്സ് അവര്‍ മനസ്സിലാക്കണമെന്നും നിതീഷ്കുമാര്‍ പറഞ്ഞു.

1.25 ലക്ഷം കോടി രൂപയുടെ പാക്കേജ് ബിഹാറിന് അനുവദിച്ചതിനെ കെജ് രിവാള്‍ വിമര്‍ശിച്ചു. അത്രയും കാശുണ്ടെങ്കില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്കായി നിരാഹാരമിരിക്കുന്ന വിമുക്തഭടന്‍മാര്‍ക്ക് നല്‍കണമെന്ന് കെജ് രിവാള്‍ പറഞ്ഞു.

നിതീഷ്കുമാറും കെജ് രിവാളും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. ഡല്‍ഹിയിലെ ആന്‍റി കറപ്ഷന്‍ ബ്യൂറോയിലേക്ക് നിതീഷ്കുമാറിന്‍െറ ബിഹാര്‍ സര്‍ക്കാര്‍ പൊലീസുകാരെ ഡെപ്യൂട്ടേഷനില്‍ അനുവദിച്ചിരുന്നു. ഇതിന് കെജ് രിവാള്‍ നിതീഷിന് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.