പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു; ഉചിത മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഞായറാഴ്ച രാത്രി പാക് സൈന്യം നടത്തിയ വെടിവെപ്പും ഷെല്ലാക്രമണവും പുലര്‍ച്ചെ വരെ നീണ്ടു. 120 എം.എം മോര്‍ട്ടാര്‍ ഷെല്ലുകളും മെഷീന്‍ ഗണ്ണുമാണ് ആക്രമണത്തിനായി പാക് സൈന്യം ഉപയോഗിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ സേന തിരിച്ചടിച്ചതായി വക്താവ് അറിയിച്ചു.

അതേസമയം, പാക് സൈനികരുടെ വെടിയേറ്റ് ആറുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്താന്‍ ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി ഇന്ത്യ ഞായറാഴ്ച പ്രതിഷേധമറിയിച്ചിരുന്നു. ഈ മാസം 33 തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

വെടിവെപ്പ് തുടര്‍ന്നാല്‍ പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ്രതികരിച്ചു. മൂന്നിരട്ടി മടങ്ങ് ശക്തിയാര്‍ന്നതായിരിക്കും ഇന്ത്യ നല്‍കുന്ന മറുപടി. നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ എന്തൊക്കെയാണ് മാര്‍ഗങ്ങളെന്നു പറയാനാകില്ളെന്നും പരീക്കര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.