ന്യൂഡല്‍ഹി: സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിലെ മുഖ്യപ്രതി സ്വാമി അസിമാനന്ദക്ക് ജാമ്യം അനുവദിച്ച ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടാന്‍ മാത്രമുള്ള തെളിവ് ഇല്ളെന്നാണ് കേന്ദ്രത്തിന്‍െറ വിശദീകരണം.
സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയാലും ഹൈകോടതി വിധി ശരിവെക്കാനാണ് സാധ്യതയെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍, തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി വരുന്ന എല്ലാ വിധികള്‍ക്കെതിരെയും അപ്പീല്‍ നല്‍കുകയാണ് അന്വേഷണ ഏജന്‍സികളുടെ കീഴ്വഴക്കം. സംഘ്പരിവാര്‍ ബന്ധമുള്ള അസിമാനന്ദക്ക് വേണ്ടി സര്‍ക്കാര്‍ മൃദുനയം സ്വീകരിക്കുമ്പോള്‍ അത് പാകിസ്താനുമായുള്ള ചര്‍ച്ചയിലും വിഷയമാകും.
പാകിസ്താനില്‍ നടക്കാനിരിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ മുംബൈ ഭീകരാക്രമണ കേസില്‍ ഉള്‍പ്പെട്ട സകിയുര്‍റഹ്മാന്‍ ലഖ്വിക്ക് ജാമ്യം നല്‍കിയത് ഇന്ത്യ ഉന്നയിക്കുമ്പോള്‍ അസിമാനന്ദയുടെ ജാമ്യവും മോദി സര്‍ക്കാറിന്‍െറ നിലപാടും പാകിസ്താനും ഉന്നയിക്കുമെന്നാണ് സൂചന. ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കുള്ള സംഝോത എക്സ്പ്രസില്‍ 2007 ഫെബ്രുവരി 18നാണ് സ്ഫോടനമുണ്ടായത്. ഹരിയാനയിലെ പാനിപ്പത്തിനടുത്ത് നടന്ന സ്ഫോടനത്തില്‍ 68 പേര്‍ മരിച്ചു. ഏറെയും പാക് പൗരന്മാരായിരുന്നു.
ഇന്ത്യന്‍ മുജാഹിദീന്‍ ഉള്‍പ്പെടെ ഗ്രൂപ്പുകളെ സംശയിച്ച സംഭവത്തില്‍ എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് അസിമാനന്ദ ഉള്‍പ്പെടെ സംഘ്പരിവാര്‍ ബന്ധമുള്ള ഭീകരരുടെ പങ്ക് കണ്ടത്തെി അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് അറസ്റ്റിലായ അസിമാനന്ദ ഒരിക്കല്‍ കോടതി മുമ്പാകെ സ്വയം കുറ്റസമ്മതം നടത്തി.
താന്‍ ഉള്‍പ്പെട്ട അഭിനവ് ഭാരത് എന്ന സംഘ്പരിവാര്‍ സംഘമാണ് അജ്മീര്‍, ഹൈദരാബാദ് മക്കാ മസ്ജിദ്, മാലേഗാവ് സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു അസിമാനന്ദയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, പിന്നീട് അതില്‍നിന്ന് പിന്മാറി. തുടര്‍ന്ന് അസിമാനന്ദ ഉള്‍പ്പെടെ സംഝോത സ്ഫോടനക്കേസിലെ പ്രതികളുടെ നിയമസഹായം ബി.ജെ.പി ഏറ്റെടുത്തു. ഇതേ തുടര്‍ന്നാണ് 2014 ആഗസ്റ്റില്‍ പഞ്ചാബ്-ഹരിയാന ഹൈകോടതി അസിമാനന്ദക്ക് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.