രൺധീർ ജയ്സ്വാൾ
ന്യൂഡൽഹി: ഇന്ത്യൻ പൗരൻമാരായ യാത്രക്കാരെ വിമാനത്താവളങ്ങളിൽ വിവേചനപരമായി പരിശോധനകൾക്ക് ഇരയാക്കുന്നുവെന്ന പരാതികൾക്ക് പിന്നാലെ ചൈനയോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രാലയം. അടുത്തിടെ നടന്ന സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച മന്ത്രാലയം ഇത്തരം നടപടികൾ ഭാവിയിൽ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ടു.
ഷാങ്ഹായ് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം അരുണാചൽ പ്രദേശ് സ്വദേശിനിയെ തടഞ്ഞുവെച്ച സംഭവം വാർത്തയായതിന് പിന്നാലെയാണ് നടപടി. വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യൻ പൗരന്മാരെ വിവേചനപരമായി പരിശോധിക്കുകയോ ഏകപക്ഷീയമായി തടങ്കലിൽ വെക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്ന് ചൈന ഉറപ്പ് നൽകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വ്യോമഗതാഗത ചട്ടങ്ങൾ മാനിക്കാൻ ചൈന തയ്യാറാകണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നും അവിഭാജ്യ ഘടകമായി തുടരുമെന്നും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിൽ മറ്റാരും ഇടപെടാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പോസിറ്റീവായ ദിശയിലാണ് നീങ്ങുന്നത്, അത് അങ്ങിനെയാകണമെന്നാണ് ആഗ്രഹമെന്നും രൺധീർ വ്യക്തമാക്കി.
അതേസമയം, സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൈനയിലേക്ക് യാത്ര ചെയ്യുമ്പോഴും വിമാനത്താവളങ്ങളിലൂടെ കടന്നുപോകുമ്പോഴും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അരുണാചൽ പ്രദേശ് സ്വദേശിനിയെ ഏകപക്ഷീയമായി തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ ചൈനയെ പ്രതിഷേധം അറിയിച്ചിരുന്നു. ഒരു രാഷ്ട്രീയ നടപടിക്കും അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന നിലയിൽ നിന്ന് മാറ്റാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
പ്രേമ വാങ്ജോം തോങ്ഡോക്ക് എന്ന യുവതിയാണ് ചൈനയിൽ തടവിലാക്കപ്പെട്ടത്. ജപ്പാനിലേക്കുള്ള യാത്രക്കിടെ ചൈനീസ് ചട്ടങ്ങൾ പ്രകാരം വിസ രഹിത പാസിംഗിന് യോഗ്യയായിരുന്നിട്ടും വിമാനത്താവളത്തിലിറങ്ങിയ യുവതിയെ തടങ്കലിലാക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ വഷളാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.
അതേസമയം, ഇന്ത്യയുടെ ആരോപണങ്ങളെ ചൈന നിഷേധിച്ചു. യുവതിയെ തടവിലാക്കിയിട്ടില്ലെന്നും മാനസിക പീഡനത്തിന് ഇരയാക്കിയിട്ടില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാഒ നിങ് പറഞ്ഞു.
ട്രാൻസിസ്റ്റിനിടെ ദീർഘനേരം തന്നെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഇന്ത്യൻ പൗരത്വം സംബന്ധിച്ച് വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും തുടരെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിച്ചുവെന്നും യുവതി പറയുന്നു. ബീജിങ്ങിലെയും ഷാങ്ഹായിലെയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് ചൈന യുവതിയെ മോചിപ്പിക്കാൻ തയ്യാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.