മോദിയുടെ യു.എ.ഇ സന്ദര്‍ശനം: തീവ്രവാദം മുഖ്യ ചര്‍ച്ചാവിഷയമാകും

ന്യൂഡല്‍ഹി: ആഗസ്റ്റ് 16, 17 തീയതികളില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിവിധ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊപ്പം തീവ്രവാദവും മുഖ്യ വിഷയമാകും. 1981ലെ ഇന്ദിര ഗാന്ധിയുടെ സന്ദര്‍ശനത്തിന് 34 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി 26 ലക്ഷം ഇന്ത്യക്കാര്‍ അധിവസിക്കുന്ന യു.എ.ഇ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. വ്യാപാരനിക്ഷേപം, സുരക്ഷ, സഹകരണം തുടങ്ങി ഇരുരാജ്യങ്ങളെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. മേഖലയില്‍ തീവ്രവാദം ശക്തിപ്രാപിച്ച സന്ദര്‍ഭത്തിലെ സന്ദര്‍ശനം ഏറെ  പ്രധാനമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ അബൂദബി കിരീടാവകാശിയും സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കഴിഞ്ഞദിവസം സന്ദര്‍ശിച്ച് പ്രധാനമന്ത്രിയുടെ കത്ത് കൈമാറിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയിലേക്കുള്ള ക്ഷണം കൂടിയായിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം സൂചന നല്‍കി. ദുബൈ ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്‍റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെയും മോദി സന്ദര്‍ശിക്കും. 16ന് അബൂദബിയിലത്തെുന്ന മോദി തൊട്ടടുത്ത ദിവസം ദുബൈലത്തെിയേക്കും.

അതേസമയം, യു.എ.ഇ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിപുല ഒരുക്കങ്ങളാണ് ഇന്ത്യന്‍സമൂഹം നടത്തുന്നത്. 17ന് വൈകുന്നേരം ദുബൈ ഇന്‍റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയൊരുക്കുന്ന സ്വീകരണസമ്മേളനത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി www.namoindubai.ae എന്ന വെബ്സൈറ്റും ഫേസ്ബുക് പേജും തുറന്നിട്ടുണ്ട്. അമേരിക്കക്കും ചൈനക്കുംശേഷം യു.എ.ഇയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയും ഏറ്റവുംവലിയ എണ്ണയിതര വ്യാപാരപങ്കാളിയും ഇന്ത്യയാണ്. 2013ല്‍ ഇരുരാജ്യങ്ങളും ഉഭയകക്ഷി വ്യാപാരക്കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.

അറബ് രാജ്യങ്ങള്‍ പല സന്ദര്‍ഭങ്ങളിലും കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും സുരക്ഷിതമായിരുന്ന യു.എ.ഇക്ക് അടുത്തിടെയായി തീവ്രവാദശക്തികള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാറിനെതിരെ അട്ടിമറി ശ്രമത്തിലേര്‍പ്പെട്ട 41 പേരെ കഴിഞ്ഞയാഴ്ച രാജ്യത്ത് പിടികൂടിയിരുന്നു. തീവ്രവാദം നേരിടുന്നതിന് രൂപവത്കരിച്ച ഗള്‍ഫ് സംയുക്ത സംരംഭത്തിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സംയുക്ത ആക്രമണങ്ങളിലും യു.എ.ഇ പങ്കാളിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.