കോഴ: ഗോവ മുന്‍മന്ത്രി അറസ്റ്റില്‍

പനാജി: ഗോവയില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ ഭരണകാലത്ത് കുടിവെള്ള പദ്ധതിയുടെ കരാര്‍ ലഭ്യമാക്കാന്‍ അമേരിക്കന്‍ കമ്പനിയിയില്‍ നിന്ന് കോഴ വാങ്ങിയ കേസില്‍ ഗോവയിലെ മുന്‍ മന്ത്രി ചര്‍ച്ചില്‍ അലിമാവോ അറസ്റ്റിലായി. ബുധനാഴ്ച അര്‍ധരാത്രിയിലാണ് അലിമാവോയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദിഗംബര്‍ കാമത്ത് മന്ത്രിസഭയിലെ മന്ത്രിയായിരുന്നു അലിമാവോ.

ഗോവയിലെയും ഗുവാഹതിയിലെയും വന്‍കിട ജലസേചന പദ്ധതികളുടെ കരാര്‍ നേടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന് ന്യൂജഴ്സി ആസ്ഥാനമായ ലൂയിസ് ബെര്‍ജര്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്കയില്‍ കേസെടുത്തിരുന്നു. ലൂയിസ് ബെര്‍ജര്‍ കമ്പനി ഗോവയില്‍ കോടികളുടെ കുടിവെള്ള പദ്ധതിയുടെ കരാര്‍ നേടാന്‍ മുന്‍മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും 9,76,630 ഡോളര്‍ കൈക്കൂലി നല്‍കിയതായാണ് കേസ്. എന്നാല്‍, ഇതിന്‍െറ വിശദാംശങ്ങള്‍ അമേരിക്കന്‍ നിയമവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. കമ്പനി കൈക്കൂലി നല്‍കിയത് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി പ്രത്യേക അക്കൗണ്ട് തുറന്നതായും അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

കരാര്‍ നേടാന്‍ ഇന്ത്യ, ഇന്തോനേഷ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന് അമേരിക്കയില്‍ അന്വേഷണം നേരിടുന്ന ലൂയിസ് ബെര്‍ജര്‍ കമ്പനി 171 ലക്ഷം ഡോളര്‍ പിഴ നല്‍കി കേസില്‍നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.