പാക് തീവ്രവാദി പിടിയില്‍

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഉദ്ധംപുര്‍ ജില്ലയില്‍ ബി.എസ്.എഫ് വാഹനവ്യൂഹം ആക്രമിച്ച് രണ്ടു ജവാന്മാരെ വധിച്ച പാകിസ്താന്‍ തീവ്രവാദികളില്‍ ഒരാളെ ജീവനോടെ പിടികൂടി. ഒരാള്‍ സൈന്യത്തിന്‍െറ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഉസ്മാന്‍ ഖാന്‍ എന്നയാളാണ് പിടിയിലായത്. അജ്മല്‍ കസബിനുശേഷം ആദ്യമായാണ് ഒരു പാക് തീവ്രവാദി ഇന്ത്യയില്‍ പിടിയിലാകുന്നത്. തീവ്രവാദി തട്ടിക്കൊണ്ടുപോയ മൂന്നു ഗ്രാമീണരെ സൈന്യം രക്ഷിച്ചു. അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് കരുതുന്നു.

സൈനികര്‍  തിരിച്ചടി തുടങ്ങിയതോടെ മൂന്നുഗ്രാമീണരെ തോക്കുചൂണ്ടി ബന്ദികളാക്കി ഉസ്മാന്‍ ഖാന്‍ സമീപ കാട്ടിലേക്ക് രക്ഷപ്പെട്ടു. ഇതേതുടര്‍ന്ന് പ്രദേശം സൈന്യവും പൊലീസും വളഞ്ഞു. നാലുമണിക്കൂര്‍ നീണ്ട കനത്ത വെടിവെപ്പിനുശേഷമാണ് മൂന്നുപേരെയും രക്ഷിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന ഉസ്മാനെ ബന്ദികളാക്കപ്പെട്ടവരും വില്ളേജ് ഡിഫന്‍സ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് സൈന്യത്തെ ഏല്‍പിച്ചത്. തീവ്രവാദികളെ നേരിടാന്‍ രൂപവത്കരിച്ച സിവിലിയന്‍സേനയാണ് വില്ളേജ് ഡിഫന്‍സ് കമ്മിറ്റി.

ആറുദിവസം മുമ്പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്ന് ഉസ്മാന്‍ സമ്മതിച്ചു. പാകിസ്താനിലെ ഫൈസലാബാദ് സ്വദേശിയായ ഈ 20കാരന്‍ ലശ്കറെ ത്വയ്യിബ അംഗമാണെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. ഇയാളില്‍നിന്ന് എ.കെ 47 തോക്ക് പിടിച്ചെടുത്തു. പഞ്ചാബില്‍ ആക്രമണം നടത്തിയ സംഘത്തോടൊപ്പമാണ് ഇയാള്‍ അതിര്‍ത്തികടന്നതെന്ന് സൈന്യം സംശയിക്കുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ ഗുരുദാസ്പുര്‍ ആക്രമണത്തില്‍ പങ്കെടുത്തെന്നും മറ്റു രണ്ടുപേര്‍ അമര്‍നാഥ് യാത്രികരെ ലക്ഷ്യമിട്ട് ജമ്മുവിലത്തെിയെന്നുമാണ് റിപ്പോര്‍ട്ട്. ഉത്തരമേഖലയിലെ സൈനിക ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഉദ്ധംപുരിലാണ്. ഇതിന് 20 കിലോമീറ്റര്‍ ദൂരെയായിരുന്നു ആക്രമണം. ആക്രമണത്തെതുടര്‍ന്ന് ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥക് കശ്മീരിലേക്ക് തിരിച്ചു.

ഇന്ത്യയെ ലക്ഷ്യമിട്ട് നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അധികകാലം തുടരാനാകില്ളെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി മുന്നറിയിപ്പുനല്‍കി. ഇതിനുപിറകില്‍ ആരാണെന്ന് വ്യക്തമാണ്. പാകിസ്താനുമായി അതിര്‍ത്തിയിലെ രജൗരി, പൂഞ്ച് തുടങ്ങിയ മേഖലകളില്‍ ജീവിതം അസാധ്യമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അംബികാസോണി പറഞ്ഞു. ഈ സാഹചര്യത്തില്‍, എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പാകിസ്താനുമായി ചര്‍ച്ച നടത്തുന്നതെന്ന് അവര്‍ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.