ന്യൂഡല്‍ഹി: യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് രാജിവെച്ച സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ അനൂപ് സുരേന്ദ്രനാഥിനെതിരെ നടപടിക്ക് നീക്കം. ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയിരിക്കെ വധശിക്ഷക്കെതിരായ നാഷനല്‍ ലോ യൂനിവേഴ്സിറ്റിയിലെ ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്ന പേരിലാണ് നടപടിക്ക് നീക്കം നടക്കുന്നത്.
നാഷനല്‍ ലോ യൂനിവേഴ്സിറ്റിയില്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ മേമന്‍െറ വധശിക്ഷക്കെതിരായ അപേക്ഷയില്‍ കക്ഷിചേര്‍ന്നിരുന്നു. അനൂപിനെതിരെ ഉചിതമായ നടപടി ആവശ്യപ്പെട്ട് നാഷനല്‍ ലോ യൂനിവേഴ്സിറ്റിക്ക് കത്തെഴുതുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
സുപ്രീംകോടതി അനൂപിന് നല്‍കിയ ചുമതലയുടെ ലംഘനമാണ് വധശിക്ഷക്കെതിരായ ഗവേഷണ പദ്ധതിയുടെ ഭാഗമായി മേമന്‍െറ ഹരജിയില്‍ കക്ഷിചേര്‍ന്നതെന്നും സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കി. ഈ പദ്ധതിയുടെ ഡയറക്ടറാണ് അനൂപ്. ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയി നിയമനം നല്‍കുമ്പോഴുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് നടപടിയെന്നും കുറ്റപ്പെടുത്തി.
യാക്കൂബ് മേമനെ തൂക്കിലേറ്റാനുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ച വ്യാഴാഴ്ചയിലെയും വെള്ളിയാഴ്ചയിലെയും ആ മണിക്കൂറുകള്‍ സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഇരുണ്ട മണിക്കൂറുകളാണെന്ന് പരസ്യമായി കുറ്റപ്പെടുത്തിയതിന് തൊട്ടുപിറകെയാണ് അനൂപിന്‍െറ രാജി. എന്നാല്‍, അനൂപ് രാജിവെച്ച വാര്‍ത്തയുടെ പിറ്റേന്ന് നിഷേധവുമായി സുപ്രീംകോടതി രംഗത്തു വന്നു. യാക്കൂബ് മേമന്‍െറ വധശിക്ഷയുടെ പേരിലോ, വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷയില്‍ പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവിന്‍െറ പേരിലോ അല്ല അനൂപ് സുരേന്ദ്രനാഥ് രാജിവെച്ചതെന്ന് സെക്രട്ടറി ജനറല്‍ വി.എസ്.ആര്‍. അവധാനി ഞായറാഴ്ച പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.