പ്രതിപക്ഷം ഇന്ന് ലോക്സഭ ബഹിഷ്ക്കരിക്കും

ന്യൂഡല്‍ഹി: എം.പിമാരുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് ലോക്സഭ ബഹിഷ്ക്കരിക്കും. സസ്പെന്‍ഷന്‍ നിലനില്‍ക്കുന്ന അഞ്ച് ദിവസവും പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികളുടെ എം.പിമാരും ലോക്സഭാ നടപടികളില്‍ നിന്ന് വിട്ട് നില്‍ക്കും. സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ആം ആദ്മി പാര്‍ട്ടി, ജെ.ഡി.യു തുടങ്ങിയ പാര്‍ട്ടികളെല്ലാം ഇക്കാര്യത്തില്‍കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സഭ ബഹിഷ്കരിക്കുന്ന പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണയിരിക്കും. സസ്പെന്‍ഷന്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്‍െറ വാദം.
പ്രതിപക്ഷം ബഹിഷ്ക്കരിക്കുന്നതിനാല്‍ ലോക്സഭ നടപടികള്‍ സുഗമമായി നടക്കുമെങ്കിലും രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും. ഇന്ന് രാവിലെ ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരും.

പാര്‍ലമെന്‍്റിന്‍്റെ വര്‍ഷകാല സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ പ്ളക്കാര്‍ഡ് ഉയര്‍ത്തിയതിന് 25 കോണ്‍ഗ്രസ് എംപിമാരെയാണ് ഇന്നലെ അഞ്ച് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍ എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട മലയാളി എം.പിമാര്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.