വയലിൻ തന്ത്രികളിൽനിന്നുതിർന്ന സംഗീതത്തിെൻറ മായികതയിൽ നമ്മുടെ കാലത്തെ പിടിച്ചുനിർത്തിയ ആ മാന്ത്രികൻ ഇനി നൊമ്പരമാർന്ന ഒാർമ. നെഞ്ചോടമർത്തി കൊതി തീർന്നിട്ടില്ലാത്ത പൊന്നുമകൾ ജാനി എന്ന തേജസ്വിനിക്കരികിലേക്ക് ആരാധകരുടെ പ്രിയപ്പെട്ട ബാലഭാസ്കർ യാത്രയായി. ആരാധകരുടെയും ബന്ധുജനങ്ങളുടെയും പ്രിയപ്പെട്ടവരുടെയും തീരാവിലാപങ്ങൾക്കിടയിൽ ഇന്ന് രാവിലെ 11 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ ബാലഭാസ്കറിനെ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ഇന്നലെ ബാലഭാസ്കർ പഠിച്ചിരുന്ന യൂണിവേഴ്സിറ്റി കോളജിലും കലാഭവന്‍ തിയറ്ററിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. ശേഷം വൈകിട്ടോടെ പൂജപ്പുര തിരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീട്ടിലും ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. വീട്ടിൽനിന്ന് വിലാപയാത്രയായാണ് മൃതദേഹം തൈക്കാട് ശാന്തികവാടത്തിലെത്തിച്ചത്. ഇന്ന് രാവിലെയും നിരവധി പ്രമുഖർ വീട്ടിലെത്തി ബാലഭാസ്കറിന് അന്ത്യോപചാരം അർപ്പിച്ചിരുന്നു.
പ്രിയ സുഹൃത്തിന് യാത്രാമൊഴി അർപ്പിക്കാൻ ഡ്രം മാന്ത്രികൻ ശിവമണിയും കീബോർഡ് പ്രതിഭ സ്റ്റീഫൻ ദേവസ്യയും മന്ത്രിമാരായ കടകമ്പള്ളി സുരേന്ദ്രൻ,എ.കെ. ബാലൻ തുടങ്ങിയവർ ശാന്തികവാടത്തിൽ എത്തിയിരുന്നു. ആരാധകരുടെ നിറമിഴികൾക്കിടയിലൂടെ 11.15ഒാടെ ബാലഭാസ്കറിെൻറ ഭൗതികദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. അതിനു മുമ്പ് അവസാനമായി അച്ഛനെ ഒരിക്കൽ കൂടി മൃതശരീരം കാണിച്ചു.
കഴിഞ്ഞ 25ന് പുലർച്ചെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. അപകടം നടന്നയുടൻ തന്നെ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി മരിച്ചിരുന്നു. ബാലഭാസ്കറുടെ ഭാര്യ ലക്ഷ്മിയും സുഹൃത്ത് അര്‍ജുനും ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
16 വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന തേജസ്വിനിയുമായി തൃശൂരിൽ വഴിപാടുകൾ കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് അപകടം നടന്നത്. തെൻറ ജീവനെക്കാൾ പ്രിയപ്പെട്ട മകൾ മരണമടഞ്ഞ വാർത്ത അറിയാതെയാണ് സംഗീതപ്രേമികളുടെ ബാലു യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.