പാട്ടിലെ നാട്ടിടവഴികൾ

ഇടവഴികളിൽ വിടരുന്ന പ്രണയത്തി​ന്റെ സുന്ദര നിമിഷങ്ങൾ എത്രവേണമെങ്കിലും മലയാള ഗാനങ്ങളിൽ കാണാനാവും. പൂകൊണ്ട് മൂടിയ പുറവേലയും പുല്ലാനിപ്പൊന്തകൾ കൂടിയ സ്വകാര്യതയും മണലും തണുപ്പും ഇഴപാകിയ കരിയിലത്താരകളും എല്ലാം അനുരാഗത്തിന്റെ സംഗമ സ്ഥലങ്ങളായി മാറി...

പാട്ടിന്റെ ഈണങ്ങൾ ഒളിച്ചുപാർത്തത് വിശുദ്ധമായ നടവഴികളിലായിരുന്നു. പ്രണയവും വിരഹവും മോഹവും സങ്കടവും മോഹഭംഗവും എല്ലാം ഏറ്റുവാങ്ങുന്ന ഗ്രാമജീവിതത്തിന്റെ ഇടനാഴികളിൽ പാട്ടിന്റെ പല്ലവിയും അനുപല്ലവിയും ചരണവുമെല്ലാം സർഗാത്മകമാകുന്ന ഋതുപ്പകർച്ചകളുണ്ടായി. എത്രയോ നാട്ടു പ്രണയങ്ങൾക്കുള്ള ഉപവനങ്ങൾ ചമയ്ക്കുവാനുള്ള നിയോഗങ്ങൾ ആ നാട്ടിടവഴികളിൽ നിരന്തരം പുലർന്നു. സ്വപ്നത്തിന്റെയും യാഥാർഥ്യത്തിന്റെയും ഇടയിൽ അടയാളപ്പെടുത്തിയ നാട്ടഴകിന്റെ ഈ ചെറു പാതകൾ പാട്ടിലെ പ്രണയത്തിന്റെ സൗന്ദര്യസ്ഥലങ്ങളായി മാറി.

ഇടവഴികളിൽ വിടരുന്ന പ്രണയത്തി​ന്റെ സുന്ദര നിമിഷങ്ങൾ എത്രവേണമെങ്കിലും മലയാള ഗാനങ്ങളിൽ കാണാനാവും. ഗ്രാമത്തിന്റെ സ്വന്തം വരമ്പു ഞരമ്പുകളെ ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്ന ഇടവഴികൾക്ക് പലരൂപങ്ങൾ ഉണ്ടായിരുന്നു. പൂകൊണ്ട് മൂടിയ പുറവേലയും പുല്ലാനിപ്പൊന്തകൾ കൂടിയ സ്വകാര്യതയും മണലും തണുപ്പും ഇഴപാകിയ കരിയിലത്താരകളും എല്ലാം അനുരാഗത്തിന്റെ സംഗമ സ്ഥലങ്ങളായി മാറി.

 

ഗ്രാമീണതയുടെ അടയാളങ്ങളായി നിൽക്കുന്ന എത്രയോ ഇടവഴികൾ മലയാള ഗാനങ്ങളിൽ സജീവമായി. ‘വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ വേലിക്കൽ നിന്നവനെ’ക്കുറിച്ച് പാട്ടെഴുതി പ്രണയം പറഞ്ഞത് ഭാസ്കരൻ മാഷാണ്. ഇടവഴിയെ കേവലമായ യാഥാർഥ്യമായും ജീവിത രൂപകമായും പ്രണയാടയാളമായുമൊക്കെ പാട്ടിൽ വരഞ്ഞ മറ്റൊരാൾ ഒ.എൻ.വിയാണ്. ‘മുത്തുപൊഴിയുടെ പുത്തിലഞ്ഞിച്ചോട്ടിൽ എത്തുന്ന പെൺകിടാവിനെ ഒരു പാട്ടിൽ കാണിച്ചുതന്നു ഒ.എൻ.വി. പാട്ടിൽ ഈ വരി പകരുന്ന ഭാവവും ജൈവ പ്രകൃതിയുമൊക്കെ അങ്ങേയറ്റം സുന്ദരമാണ്. ഗ്രാമ ഹൃദയത്തിലേക്ക് നീണ്ടുകിടക്കുന്ന മരച്ചോടുകളും പാടവരമ്പുകളും ഇടവഴികളും വേലിപ്പടർപ്പുകളുമൊക്കെ ഈ പാട്ടുകളിൽ തനിമ സൃഷ്ടിക്കുന്ന സൗന്ദര്യ സ്ഥലികളായിത്തീരുന്നു. ‘വേറിട്ടു നിൻ സ്വരം കേൾക്കുവാനായ് വേലിക്കൽ കാതോർത്തുനിൽക്കും ഞാൻ’ എന്ന വരിയിൽ കാമുകന്റെ പ്രണയസ്വരം തികച്ചും ഗ്രാമീണമാവുന്നു. ‘ആരു നീ എൻ വഴിയോരത്തു നിൽക്കുന്ന പേരറിയത്തൊരു പൂവുപോലെ എന്ന വരിയിൽ ഒ.എൻ.വി കൊണ്ടുവരുന്ന വഴിയോരം ആ പാട്ടിന്റെ മുഴുവൻ ആഖ്യാനഭാഷ പോലുമാവുന്നു. നീണ്ട വഴികൾ പദങ്ങളാലളന്നു തുടരുന്ന ജീവിതയാത്രയെ പാട്ടിൽ ഒ.എൻ.വി രമ്യമായി അടയാളപ്പെടുത്തി. ‘പെരുവഴി പിരിയെ നിൻ ഹൃദയമെൻ ഹൃദയത്തിൽ പാടുന്നു’ എന്ന വരിയിൽ നിറയുന്ന വഴി ആ പാട്ടിന്റെ അകം തുറക്കാനുള്ള സാമഗ്രികൂടിയാകുന്നു. മനുഷ്യമനസ്സിനെ തിരിച്ചറിയുന്നതും അല്ലാത്തതുമായ ചെറിയ ഇടങ്ങളെ ഇടവഴികൾ സാന്ദ്രമാക്കുന്നു.

പ്രണയം പൂവിടുന്ന ഇടവഴികളെ പാട്ടിൽ തെളിയുന്ന മനസ്സിന്റെ ഇടപ്പാതകളാക്കുകയാണ് ശ്രീകുമാരൻ തമ്പി. ‘പുതുപ്പൂപ്പൊലികയിൽ പൂക്കളുമായ് ഞാൻ ഇടവഴിയോരത്തു മറഞ്ഞുനിൽക്കെ, മുന്നിൽ കണിക്കൊന്ന പൂത്തുവെന്നോതി നീ എന്നെ പുകഴ്ത്തിയതോർമയുണ്ടോ’ എന്ന വരിയിൽ പ്രണയവിശുദ്ധതയുടെ വേറിട്ട ഇടമായി ഇടവഴി പ്രത്യക്ഷമാവുന്നു.

 

നാട്ടുപ്രണയങ്ങളും സ്വകാര്യങ്ങളും രഹസ്യങ്ങളുമെല്ലാം ഇടവഴികളിൽ പാട്ടിൽ കാത്തുപരിപാലിച്ചു. ‘ഈ വഴിയിലിഴകൾ നെയ്യും സന്ധ്യയിലാ ശോഭകളിൽ ഞാലിപ്പൂവൻ വാഴപ്പൂക്കൾ തേൻപാളിയുയർത്തിടുമ്പോൾ’ എന്ന വരിയിൽ വഴി എന്നത് അനന്തമായ പ്രകൃതി സൗന്ദര്യത്തിന്റെ ഉൾക്കാഴ്ച സൃഷ്ടിക്കുന്നു. ഇടത്തരക്കാരുടെ സാധാരണ ജീവിതമാണ് ഇടവഴികളിൽ പുലർന്നത്. ഗ്രാമീണന്, ഇവഴികൾ അവന്റെ സ്വത്വബോധത്തിന്റെ വേറിട്ട ഇടം കൂടിയാണ്.

സിനിമയിലെ കഥാനായകന്റെയും/നായികയുടെയും മനസ്സിന്റെ ഇടവഴികൾതന്നെയായിരുന്നു ഈ ജൈവിക പ്രകൃതി. ദാർശനികതയുടെ ഭാവം പകരുന്ന എത്രയോ ഇടവഴികൾ പാട്ടുകളിലുണ്ടായിരുന്നു. ‘ഏതോ​തോ ജനിമൃതിയുടെ ഏതേതോ ഇടവഴികളിൽ എന്ന​ന്നോ കണ്ടു നാം’ എന്നാണ് ബിച്ചു തിരുമലയുടെ ഇടവഴി സങ്കൽപം. ‘ഈ വഴിയിൽ ഇടവഴിയിൽ ഒരു ചെറുപൂവുകൾ നിൽപ്പൂ’ എന്ന വരിയിൽ ഭൗതിക ലോകത്തിൽ നീളുന്ന ഉൾനാട്ടിട വഴിയാണുള്ളതെങ്കിലും പ്രണയികളുടെ ഓർമയുടെ ഇടവഴികൾ അങ്ങനെ നീളുകയാണ് ബിച്ചു തിരുമലയുടെ പാട്ടുകളിൽ. ‘ഈ വഴിയോരത്തെ സുന്ദരി പതിനാലാം രാവിന്റെ ചന്ദ്രിക നീ’ എന്നു തുടങ്ങുന്ന പാട്ടിൽ ​ജൈവാനുരാഗത്തിന്റെ വിസ്ത്രുതിയുണ്ടായിരുന്നു. ഗൃഹാതുരതയുടെ ഈ വഴികൾകൊണ്ട് സമ്പന്നമാണ് മലയാള ഗാനങ്ങൾ.

കൈതയും കരിമുള്ളും കള്ളിപ്പാലയും കള്ളിമുൾ പൊന്തകളും പച്ചിലപ്പാമ്പും മരയണ്ണാനുമൊക്കെ ഇടവഴികളിൽ നിറസാന്നിധ്യങ്ങളായിരുന്നു. ഇരുവശത്തും ഇല്ലിക്കാടുകൾ പൂത്തുകിടന്നും ചെമ്പരത്തിയും ഒടിച്ചു കുത്തിയും പുല്ലരിപ്പൊന്തയുമൊക്കെ ചാഞ്ഞും ചരിഞ്ഞും കിടക്കുന്ന ഇടവഴിയോരങ്ങളിൽ പ്രേമത്തിന്റെ ഏകാന്ത സന്ധ്യകൾ ഒളിച്ചിരുന്നു. പാട്ടുകളിൽ ഇടവഴികൾ പകരുന്ന ഈ നാടൻ കാഴ്ചകൾക്ക് പ്രണയത്തിന്റെ അധികാരാർഥങ്ങൾ ഉണ്ടായിരുന്നു. ഇടവഴികളുടെ ജീവിതം പാട്ടുകളിൽ സൗന്ദര്യത്തിന്റെ ആരും കാണാത്ത ലോകത്തെ വിപുലമാക്കി. പാട്ടുകളിൽ കവികൾ പകർത്തിയ ഇടവഴികൾ കേവലം നാട്ടുവഴികൾ മാത്രമല്ലായിരുന്നു. പാട്ടെഴുത്തുകാരുടെ രചനകളിൽ ഉടനീളം ഗ്രാമ്യതയുടെ അടയാളമായി ഇടവഴികൾ നിറഞ്ഞുകിടക്കുന്നു. ഇടവഴികൾ പാട്ടിലേക്ക് പ്രവേശിക്കാനുള്ള അനുമതികൾ തന്നു. ‘കാലിമേയുന്ന മഞ്ചാടി കുന്നിലേറാം’ എന്നെഴുതിയ കൈതപ്രം ഈ പാട്ടിൽ ഗ്രാമീണമായ നാട്ടുവഴികളുടെ സ്വകാര്യ നിമിഷങ്ങൾ സൃഷ്ടിക്കുന്നു. ‘നാട്ടു​വഴിയോരത്തെ പൂമരവില്ലയിൽ പോക്കുവെയിൽ വീഴുമ്പോൾ കാത്തുനിന്നാരെ നീ’ ഗദ്ദാമയിലെ പാട്ടിൽ റഫീക്ക് അഹമ്മദ് ​കൊണ്ടുവരുന്ന ഗൃഹാതുര ചാരുതകൾ ആ സിനിമയുടെ പ്രണയ വിചാരങ്ങളിലേക്കുള്ള വഴികൾ തുറക്കുകയാണ്. ‘ഇടവഴിയിൽ നാമാദ്യം കണ്ട​പ്പോൾ കുസൃതിയുമായി മറഞ്ഞവനേ’ എന്ന വരികളിൽ (നമ്മൾ എന്ന സിനിമയിലെ സുഖമാണീ നിലാവ്) കൈത​പ്രം കൊണ്ടുവരുന്ന പ്രണയ വിതാനങ്ങൾക്കും മേൽപ്പറഞ്ഞ ഗ്രാമീണതയുടെ സുഗന്ധമുണ്ട്.

നാട്ടിടവഴികൾ പല പാട്ടു​കളുടെയും ശക്തിയും സൗന്ദര്യവുമായി മാറുകയാണ്. ജീവിതത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയുമൊക്കെ ഇടയിൽ നിലകൊള്ളുന്ന ഈ വഴികൾ പാട്ടിൽ വികാരങ്ങളുടെ ഒരു സഞ്ചാരപാതതന്നെ പണിയുന്നുണ്ട്. അത് പലപ്പോഴും ദുഃഖത്തിന്റെ അകൽച്ചയുടെ ഭയത്തിന്റെ ഒറ്റപ്പെടലിന്റെ പിൻവാങ്ങലിന്റെ ആത്മാന്വേഷണത്തിന്റെ എല്ലാം പ്രതീകമായിട്ടാണ് പാട്ടിൽ കടന്നുവരുന്നത്. ജീവിത ലാവണ്യമുള്ള ഇടവഴികളിൽനിന്നാണ് ഇക്കാലത്തും മലയാള സിനിമയിൽ റഷീദ് പാറക്കൽ എഴുതി വിദ്യാധരൻ മാഷ് ആലപിച്ച ‘മഴചാറും ഇടവഴിയിൽ നിഴലാടും കൽപ്പടവിൽ ചാരെ വന്നോളെ, എന്റെ ചാര വന്നോളെ’ എന്ന ഗാനം ഏറെ പോപ്പുലറായിരുന്നു. ഇവഴികളിൽ ജീവിത വികാരങ്ങളുടെ ഇടനിലക്കാരായി ഏക്കാലവും പാട്ടുകളിലുണ്ടാവുമെന്നുറപ്പാണ്. മലയാള ഗാനങ്ങളുടെ ഭൂപടത്തിൽ ഇടവഴികൾ കേന്ദ്രസാന്നിധ്യമായി മാറുന്നതും അതുകൊണ്ടാണ്.

.

Tags:    
News Summary - The paths in the village within the song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.