വർഷ രഞ്ജിത്ത് തമിഴ്നാട് സംസ്ഥാന സർക്കാറിന്റെ പുരസ്കാരം സ്വീകരിച്ചശേഷം

പാട്ടു വീട്ടിലെ വാനമ്പാടി

‘തായ്നിലം’ എന്ന തമിഴ് സിനിമയിൽ ഔസേപ്പച്ചൻ സംഗീതം നൽകിയ ‘ആഗായം മേലെ’ എന്ന ഗാനത്തിന് തമിഴ്നാട് സംസ്ഥാന സർക്കാറിന്റെ 2020ലെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം ആറു വർഷത്തിനുശേഷം തേടിയെത്തിയതിന്റെ ത്രില്ലിലാണ് വർഷ രഞ്ജിത്ത്. അർപ്പണബോധത്തിന്റെയും ചിട്ടയായ പരിശീലനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായാണ് പാട്ടുകുടുംബത്തിലെ ഈ ഇളമുറക്കാരി​െയത്തേടി ഈ നേട്ടമെത്തിയത്. സംഗീത സംവിധായകനായ അച്ഛൻ രഞ്ജിത്ത് വാസുദേവിന്റെയും ഗായികയും അധ്യാപികയുമായ അമ്മ ഷീബ രഞ്ജിത്തിന്റെയും ഓട്ടോമൊബൈൽ എൻജിനീയറും വാദ്യോപകരണവാദകനുമായ സഹോദരൻ വൈശാഖ് രഞ്ജിത്തിന്റെയും പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ സംഗീതയാത്രക്ക് ഊർജംപകരുന്നതെന്ന് വർഷ പറയുന്നു.

സംഗീതം, കുഞ്ഞുനാൾ മുതൽ

വാക്കുകൾ ചേർത്തു പറയാൻ പഠിക്കുന്ന പ്രായത്തിൽ സിനിമയിൽ പാടിക്കൊണ്ട് പാട്ടിന്റെ ലോകത്തേക്ക് പിച്ചവെച്ച ഗായികയാണ് വർഷ രഞ്ജിത്ത്. ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ തന്നെ അച്ഛന്റെ പാട്ടുവഴികളെ പിന്തുടർന്നാണ് വർഷ സഞ്ചരിച്ചത്. അച്ഛൻ ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോഴും ഇൻസ്ട്രുമെന്റ്സ് വായിക്കുമ്പോഴുമൊക്കെ കുഞ്ഞു വർഷ കൂടെയുണ്ടാകും. ആ സമയത്ത് സംഗീതത്തിനനുസരിച്ച് ചെറിയ ചെറിയ ശബ്ദമുണ്ടാക്കിയ വർഷയിലെ ഗായികയെ തിരിച്ചറിഞ്ഞതും ആദ്യമായി പാടിച്ചതുമെല്ലാം അച്ഛൻ രഞ്ജിത്താണ്‌. അങ്ങനെയാണ് നാലാം വയസ്സിൽ ‘പാൽ’ എന്ന തമിഴ് ചിത്രത്തിനുവേണ്ടി പാടുന്നത്. അവിടെ തുടങ്ങിയ പാട്ട് യാത്രക്കാണ് ഇരുപതാം വയസ്സിൽ വർഷക്ക് ലഭിച്ച ഈ അംഗീകാരം.

ആഗായം മേലെ...

‘തായ്നില’ത്തിലെ വൈകാരികമായ ഗാനപശ്ചാത്തലം ഔസേപ്പച്ചൻ വിശദീകരിക്കുമ്പോൾ അത് തന്റെ ജീവിതവുമായി ചേർത്തുവെച്ചുവെന്ന് മാത്രമല്ല ആ സമയത്ത് മനസ്സിൽ മുഴുവൻ അച്ഛനായിരുന്നുവെന്നും വർഷ പറയുന്നു. അതുകൊണ്ടുതന്നെ ആ പാട്ടിന് വേണ്ടുന്ന രീതിയിലുള്ള ഫീൽ നൽകാൻ സാധിക്കുകയും ചെയ്തു. ഈ സിനിമക്കുവേണ്ടി ഗായികയെ അന്വേഷിക്കുന്ന സമയത്ത് മ്യൂസിക് കോഓഡിനേറ്ററായ വിൻ​െസന്റും ഗാനരചയിതാവ് താമരയും നിർദേശിച്ച പേര് വർഷയുടേതായിരുന്നു. അങ്ങനെയാണ് വർഷ ‘ആഗായം മേലെ’ എന്ന ഗാനത്തിലേക്കെത്തുന്നത്. തുടർന്ന് ഔസേപ്പച്ചന്റെതന്നെ സംഗീതത്തിൽ ‘വാങ്ക്’ എന്ന ചിത്രത്തിൽ പാടി. ദേശീയ പുരസ്കാരപ്പട്ടികയിൽ ആ ഗാനവും പരിഗണിച്ചിരുന്നു. കവർസോങ്ങുകളിലും വർഷ താരമാണ്.

പാട്ടിലെ പരീക്ഷണങ്ങൾ

പാട്ടിൽ പരീക്ഷണങ്ങൾ നടത്താനിഷ്ടപ്പെടുന്ന വർഷ ഇതരഭാഷാഗാനങ്ങൾ പഠിക്കാനും പാടാനും ശ്രമിക്കാറുണ്ട്. അങ്ങനെ വർഷ പഠിച്ച് പാടിയ അറബിക് ഗാനം യൂട്യൂബ് ചാനലിൽ കേട്ട് അത് പാടിയ ഗായിക നേരിട്ട് ബന്ധപ്പെടുകയും ഒരു റിയാലിറ്റി ഷോയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. അച്ഛനാണ് വർഷയുടെ ആദ്യ ഗുരു. തുടർന്ന് ചൈന്നൈയിൽ ഗായിക ബിന്നി കൃഷ്ണകുമാറായിരുന്നു ഗുരു. ഇപ്പോൾ എൻ.ജെ. നന്ദിനിയുടെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിക്കുന്നത്.

16 വർഷം, 70 സിനിമകൾ

നാലു വയസ്സു മുതൽ ഇരുപതു വയസ്സുവരെ എത്തിനിൽക്കുന്ന സംഗീതയാത്രയിൽ എഴുപതോളം സിനിമകളിൽ വർഷ പാടി. കൂടാതെ നൂറോളം ഭക്തിഗാനങ്ങളും 30 ആൽബങ്ങളിലും 10 പരസ്യങ്ങളിലും പാടി. ആറാം വയസ്സിൽ ‘ചാരുലത’ എന്ന ചിത്രത്തിൽ പാടുകയും ആ ചിത്രം നാല് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ അവയിലും പാടാനുള്ള അവസരവും വർഷക്ക് ലഭിച്ചു. ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന സിനിമയിലെ ഗാനത്തിലൂടെയാണ് മലയാള സിനിമാഗാനരംഗത്തേക്ക് വർഷ ചുവടുവെക്കുന്നത്. തുടർന്ന് സുലേഖ മൻസിൽ, വാങ്ക്, അതിഭീകര കാമുകൻ, ശാന്തമീ രാത്രിയിൽ, ജീവൻ, ഇൻഷാ എന്നീ ചിത്രങ്ങളിലും പാടി. നിരവധി മലയാളം, തമിഴ് ടെലിവിഷൻ പരമ്പരകളിലും വർഷയുടെ ശബ്ദം കേൾക്കാം.

ഔസേപ്പച്ചൻ, വിദ്യാസാഗർ, എം. ജയചന്ദ്രൻ,ഗോപി സുന്ദർ, ഡി. ഉമ്മൻ, അച്ഛന്റെ സഹോദരനും സംഗീത സംവിധായകനുമായ ശരത്, കെ.കെ തുടങ്ങിയവർക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ‘സ്ലീപ്പ് റൂം’ എന്ന സിനിമക്ക് സംഗീതവും നിർവഹിച്ചു. തനിക്ക് തന്നോടുതന്നെ മത്സരിക്കാനാണ് ഇഷ്ടമെന്നതുകൊണ്ട് റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ ലഭിച്ച അവസരങ്ങൾ ഉപക്ഷേിക്കുകയായിരുന്നെന്ന് വർഷ പറയുന്നു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേജ് ഷോകളിലും വർഷ ഇതിനകം പാടിക്കഴിഞ്ഞു.

യുക്കുലെലെ

പ്ലസ് ടു വരെ ചെന്നൈയിൽ പഠിച്ച വർഷ ഇപ്പോൾ കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ മൂന്നാം വർഷ ബി.കോം വിദ്യാർഥിയാണ്. യുക്കുലെലെ, വീണ, ഗിറ്റാർ എന്നീ വാദ്യോപകരണങ്ങളും വർഷയുടെ കൈകൾക്ക് വഴങ്ങും. ഇവയെല്ലാം സ്വന്തം പ്രയത്നത്തിലൂടെയാണ് ഈ മിടുക്കി സ്വായത്തമാക്കിയത്. അച്ഛന്റെ ഗാനങ്ങൾക്കു വേണ്ടിയും ഔസേപ്പച്ചനുവേണ്ടിയും വർഷ വാദ്യോപകരണങ്ങൾ വായിച്ചിട്ടുണ്ട്. മുത്തശ്ശൻ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് നാട്ടിലെത്തിയ വർഷക്ക് അമ്മയുടെ സഹോദരനും ഗായകനും വയലിനിസ്റ്റുമായ ഷൈജുരാജാണ് യുക്കുലെലെ സമ്മാനിക്കുന്നത്. പിന്നീട് വർഷ തന്റെ സഞ്ചാരയിടങ്ങളിലെല്ലാം അത് കൂടെക്കൂട്ടി.

അച്ഛൻ രഞ്ജിത്തിന്റെയും ജ്യേഷ്ഠൻ ശരത്തിന്റെയും സംഗീതത്തിലെ ആദ്യ ഗുരു അമ്മയാണ്. അമ്മ ഷീബയുടെ അച്ഛൻ ഗായകനും വയലിനിസ്റ്റുമായിരുന്നു. അമ്മ സംഗീതാധ്യാപികയുമായിരുന്നു. സഹോദരങ്ങളും സംഗീതവുമായി ബന്ധമുള്ളവരാണ്. അച്ഛന്റെയും വല്യച്ഛന്റെയും ലേബലിനപ്പുറം സ്വന്തമായി ഒരിടം സംഗീതലോകത്ത് തനിക്ക് വേണമെന്ന ആഗ്രഹമാണ് വർഷക്കുള്ളത്. ഭാവിയിൽ സ്വതന്ത്രമായി ട്രാക്കുകൾ ചെയ്യണമെന്നും ഒരു ബാൻഡ് തുടങ്ങണമെന്നുമൊക്കെയാണ് വർഷയുടെ ആഗ്രഹം.

 

കുടുംബത്തോടൊപ്പം

Tags:    
News Summary - The song of the house of the sky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.