പാതിയിൽ മുറിഞ്ഞു, കെ.കെ എന്ന ഹൃദയരാഗം...

തലമുറയുടെ ഗായകരോ ഗായികമാരോ ഉണ്ടാകാത്ത ഈ കാലത്ത് അങ്ങനെ ആയിത്തീർന്ന വ്യക്തിയാണ് കെ.കെ. മുഴുവൻ പേര് കൃഷ്ണകുമാർ കുന്നത്ത്. പേര് പൂർണമായി എഴുതിയിരുന്നെങ്കിൽ, ഹൃദയത്തിൽ തുളച്ചുകയറിയ ആ പാട്ടുകൾക്കൊപ്പം ഗായകനെയും ഒന്നുകൂടി ശ്രദ്ധിക്കുമായിരുന്നു മലയാളികൾ. അത്രമേൽ മലയാളിത്തമുണ്ട് ആ പേരിന്. മലയാളിയാണെന്ന് പറയാമെങ്കിലും 'പാൻ ഇന്ത്യൻ സിനിമ'യുടെ പാട്ടുകാരനാണ് കെ.കെ. മലയാളത്തിൽ പാടിയത് ഒരേയൊരു പാട്ടാണ്. 2009ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം 'പുതിയ മുഖ'ത്തിനുവേണ്ടി ദീപക് ദേവ് സംഗീതം നിർവഹിച്ച 'രഹസ്യമായ്' എന്ന ഗാനം. ഹിന്ദിക്കുപുറമെ തമിഴിലും നിരവധി ഹിറ്റുകളുണ്ട് കെ.കെയുടെതായി. തെലുഗ് ഉൾപ്പെടെ അനേകം ഇന്ത്യൻ ഭാഷകളിലും അദ്ദേഹം പാടി.

കാണികളെ ഇളക്കിമറിച്ച കൊൽക്കത്തയിലെ ഷോക്ക് എത്തിയവരാരും ഇത് കെ.കെയുടെ അവസാന പരിപാടിയാണെന്ന് ഒരിക്കൽപോലും കരുതിയിരുന്നില്ല. പക്ഷേ, ഷോക്കു പിന്നാലെ 53ാം വയസ്സിൽ മരണം ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തി.

അങ്ങേയറ്റത്തെ ഉൾച്ചേരൽ ആവശ്യപ്പെടുന്ന പാട്ടുകളാണ് കെ.കെക്ക് പാടേണ്ടിവന്നത് എന്നത് യാദൃച്ഛികതയാകാം. സംഗീത പരിശീലനത്തിന്റെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും അതിനു പുറത്തുള്ള കരുത്തും സാധ്യതയുമായി ആ ശബ്ദം വളർന്നു. പാശ്ചാത്യ സംഗീത ധാരകളായ 'ബ്ലൂസ്', 'റോക്ക്' തുടങ്ങിയവയുടെ സ്വാധീനമുള്ള ഈണങ്ങളിൽ അദ്ദേഹം തിമിർത്താടി. ഇപ്പോൾ യുവത്വത്തിന്റെ രണ്ടാം പകുതിയിലെത്തിനിൽക്കുന്നവർക്ക് ഗൃഹാതുര ഗാനങ്ങൾ എന്നാൽ അത് കെ.കെയുടെ ശബ്ദം കൂടിയാകും. അവരുടെ പ്രണയത്തെയും സൗഹൃദത്തെയും വിരഹത്തെയും അത്രമേൽ അടയാളപ്പെടുത്താൻ കെ.കെക്ക് ആയിട്ടുണ്ട്. 'ഹം ദിൽ ദേ ചുകേ സന'ത്തിലെ 'തഡപ് തഡപ്', 'ദേവദാസി'ലെ 'ഡോലരേ ഡോല', 'ഓംശാന്തി ഓമി'ലെ 'ആംഖോം മേ തേരി', 'ബച്നായേ ഹസീനോ'യിലെ 'ഖുദാ ജാനേ' തുടങ്ങി കാലത്തെയും മൂഡുകളെയും അടയാളപ്പെടുത്തുന്ന നിരവധി പാട്ടുകൾ അദ്ദേഹം പാടി. ആറു തവണ ഫിലിംഫെയർ അവാർഡ് നോമിനേഷൻ ലഭിച്ചിട്ടുണ്ട്.

2004ൽ കെ.കെ 'ഗില്ലി'യിൽ പാടിയ തമിഴ്ഗാനം 'അപ്പടി പോട്' ക്ലബുകളിലും വിവാഹ സൽക്കാരങ്ങളിലും മറ്റും ഒഴിച്ചുകൂടാനാകാത്ത പാട്ടായിമാറി. എ.ആർ. റഹ്മാനൊപ്പം 90കളിലാണ് അദ്ദേഹം കരിയർ തുടങ്ങുന്നത്. 'കാതൽ ദേശ'ത്തിലെ 'കല്ലൂരി സാലൈ', 'മിൻസാര കനവി'ലെ 'സ്ട്രോബെറി കണ്ണേ' തുടങ്ങിയവ സൂപ്പർ ഹിറ്റാണ്. 2000 പിറന്നതോടെ, പുതുതലമുറ സംഗീത സംവിധായകരായ ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ തുടങ്ങിയവരും കെ.കെക്ക് പാട്ടുനൽകി. '12ബി' സിനിമക്കുവേണ്ടി ഹാരിസ് ഒരുക്കിയ 'ലൗ പണ്ണ്' തമിഴകം നെഞ്ചേറ്റി. തുടർന്ന് വന്ന 'കാതൽ ഒരു തനി കച്ചി', 'ഗുണ്ടു ഗുണ്ടു പൊണ്ണേ' തുടങ്ങിയ പാട്ടുകളും ഹിറ്റാണ്. പുതുകാലത്തിന്റെ പ്രണയവും ആക്ഷനും ഒത്തുചേർന്ന 'കാക കാക'യിലെ 'ഉയിരിൻ ഉയിരേ' എന്ന ഫാസ്റ്റ് ടെംപോ ഗാനം തമിഴകത്തിന് പുറത്തും തരംഗമായി. 'മന്മഥനി'ലെ 'കാതൽ വളർത്തേൻ', 'ചന്ദ്രമുഖി'യിലെ 'അണ്ണനോട പാട്ട്' തുടങ്ങി നിരവധി ഹിറ്റുകൾ വേറെയും തമിഴിൽ പിറന്നു. സിനിമയിലെത്തും മുമ്പ് 11ഭാഷകളിലായി 3,500ഓളം 'ജിംഗിളുകൾ' പാടിയിട്ടുണ്ട് കെ.കെ. ഡൽഹിയിൽ താമസമാക്കിയ മലയാളി ദമ്പതികൾ സി.എസ്. മേനോൻ- കുന്നത്ത് കനകവല്ലി ദമ്പതികളുടെ മകനായി 1968 ആഗസ്റ്റ് 23നാണ് കെ.കെ ജനിച്ചത്. ഡൽഹി മൗണ്ട് സെന്റ് മേരീസ് സ്കൂൾ, കിരോരി മാൽ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1991ൽ വിവാഹിതനായി. ഭാര്യ ജ്യോതി. മകൻ നകുൽ കൃഷ്ണ ആൽബത്തിൽ പാടിയിട്ടുണ്ട്. മകൾ: താമര കുന്നത്ത്.

മരണത്തിൽ ബംഗാളിൽ രാഷട്രീയ വിവാദം

കൊൽക്കത്ത: കെ.കെയുടെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ രാഷ്ട്രീയ വിവാദം. സംഭവത്തിൽ മമത ബാനർജി സർക്കാറിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. എന്നാൽ, മരണത്തെ പോലും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് ബി.ജെ.പിയെന്ന് തൃണമൂൽ നേതാക്കളും തിരിച്ചടിച്ചു.

3000ത്തോളം പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ 7000ത്തിലധികം പേരുണ്ടായിരുന്നുവെന്നും കെ.കെയെ പോലുള്ള വി.ഐ.പിക്ക് ആവശ്യമായ സുരക്ഷ അവിടെ ഒരുക്കിയിരുന്നില്ലെന്നു ബി.ജെ.പി വക്താവ് സാമിക് ഭട്ടാചാര്യ ആരോപിച്ചു. സംഘാടകർക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി ദേശീയ ആവശ്യപ്പെട്ടു. മരണത്തെക്കുറിച്ച് പ്രത്യേക സംഘം നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് കോൺഗ്രസ് പശ്ചിമ ബംഗാൾ അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പറഞ്ഞു. അതേസമയം, നിർഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ബി.ജെ.പി ശവംതീനി രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു. എയർകണ്ടീഷൻ പ്രവർത്തിച്ചിരുന്നുവെന്നും ഏഴായിരത്തിലധികം പേർ ഹാളിൽ പ്രവേശിക്കാൻ ശ്രമിച്ചുവെന്നും മന്ത്രി ഫിർഹത് ഹക്കീം പറഞ്ഞു.

കെ.കെക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ പശ്ചിമ ബംഗാൾ സർക്കാർ അന്തിമോപചാരമർപ്പിച്ചു. രബീന്ദ്ര സദനിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുഷ്പചക്രം അർപ്പിച്ചു. വ്യാഴാഴ്ച മുബൈയിലെ വെർസോവയിൽ സംസ്കാര ചടങ്ങ് നടക്കും.

കെ.കെയെ വിമർശിച്ച ഗായകനെതിരെ പ്രതിഷേധം

കൊൽക്കത്ത: കെ.കെയുടെ കൊൽക്കത്തയിലെ പരിപാടിക്ക് മുമ്പായി അദ്ദേഹത്തെ വിമർശിച്ച് ഫേസ്ബുക്കിലൂടെ പ്രതികരിച്ച പ്രശസ്ത ബംഗാളി ഗായകൻ രുപാൻകർ ബാഗ്ചി വിശദീകരണവുമായി രംഗത്തെത്തി.

കെ.കെയെ കുറച്ചുകാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മരണം ഞെട്ടിച്ചെന്നും വലിയ ഗായകനായിരുന്നു അദ്ദേഹമെന്നും രുപാൻകർ ബാഗ്ചി പറഞ്ഞു.

പശ്ചിമ ബംഗാളിലെ ജനങ്ങൾ ബംഗാളി സാഹിത്യത്തെക്കുറിച്ചും ബംഗാളി ഗാനങ്ങളെക്കുറിച്ചുമോർത്താണ് അഭിമാനിക്കേണ്ടത്. നമ്മുടെ സംസ്കാരം സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് താൻ സംസാരിച്ചത്.

കെ.കെ നല്ല ഗായകനായിരിക്കാമെന്നും എന്നാൽ, പശ്ചിമ ബംഗാളിൽ അദ്ദേഹത്തേക്കാൾ മികച്ച ഗായകരുണ്ടെന്നുമായിരുന്നു രുപാൻകർ ബാഗ്ചി, ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയത് വിമർശനം.

പ്രതികരണത്തിൽ വ്യാപക വിമർശനമാണ് ഉയർന്നത്. ഇടുങ്ങിയ ചിന്താഗതിയുള്ള മനുഷ്യനാണ് രുപാൻകറെന്ന് നടി രുപാൻജന മിത്രയും ബംഗളിലെ സിനിമ പ്രവർത്തകരും കെ.കെയുടെ ആരാധകരും തുറന്നടിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.