ജനുവരിയിലാണ് ഗായകൻ പി. ജയചന്ദ്രനും നിത്യഹരിത നായകൻ പ്രേംനസീറും ജീവിതത്തിൽനിന്ന് വിടപറയുന്നത്. പ്രേംനസീർ 1989 ജനുവരി 16നും ജയചന്ദ്രൻ 2025 ജനുവരി 9നും. പ്രേംനസീറിന് ഏറ്റവും അനുയോജ്യം യേശുദാസിന്റെ ശബ്ദമായിരുന്നു എന്നതൊരു സത്യമായി നിലനിൽക്കുമ്പോഴും ജയചന്ദ്രന്റെ ശബ്ദത്തിൽ പ്രേംനസീർ പാടിയഭിനയിച്ച മനോഹര ഗാനരംഗങ്ങളെല്ലാം പ്രേംനസീർ തന്നെ സ്വയം പാടിയഭിനയിച്ചതല്ലേയെന്നു തോന്നിപ്പോകും. 1966ൽ എം. കൃഷ്ണൻനായർ സംവിധാനം നിർവഹിച്ച, ‘കളിത്തോഴനി’ൽ തുടങ്ങി 1989ൽ സത്യൻ അന്തിക്കാടിന്റെ ‘ലാൽ അമേരിക്കയിൽ’ എന്ന ചിത്രത്തിലെ ‘ജന്മങ്ങൾ എന്റെ കണ്മുന്നിൽ...’ എന്ന ഗാനത്തിൽ അവസാനിച്ച പ്രേംനസീർ-ജയചന്ദ്രൻ കൂട്ടുകെട്ടിലെ ഏതാനും സവിശേഷ ഗാനങ്ങളെക്കുറിച്ച് ഓർക്കുകയാണിവിടെ.
1966ൽ പുറത്തിറങ്ങിയ ‘കളിത്തോഴൻ’ എന്ന സിനിമയിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ എന്ന ഗാനമാണ് പ്രേംനസീറിനുവേണ്ടി ജയചന്ദ്രൻ ആദ്യമായി ആലപിക്കുന്നത്. പി. ഭാസ്കരനാണ് ഗാനമെഴുതിയത്.
‘വേദനതൻ ഓടക്കുഴലായ്
പാടിപ്പാടി ഞാന്‍ നടന്നു
മൂടുപടം മാറ്റി വരൂ
രാജകുമാരീ... കുമാരീ... കുമാരീ...’ ഗ്രാമഫോൺ റെക്കോഡിലില്ലാത്ത ഈ വരികൾ ഗാനരംഗത്തിൽനിന്നാണ് ആസ്വദിക്കാൻ കഴിഞ്ഞത്.
ജയചന്ദ്രന്റെ ശബ്ദത്തിൽ ആദ്യമായി റെക്കോഡ് ചെയ്തത് ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന സിനിമയിലെ ‘ഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി വന്നേ...’ എന്ന ഗാനമാണ്. രചന പി. ഭാസ്കരൻ. ഈണം ബി.എ. ചിദംബരനാഥ്. ഈ ചിത്രത്തിലും പ്രേംനസീർ അഭിനയിച്ചിട്ടുണ്ടെങ്കിലും, പ്രസ്‌തുത ഗാനം സിനിമയിൽ പാടി അഭിനയിച്ചത് നെല്ലിക്കോട് ഭാസ്കരൻ ആയിരുന്നു. പ്രേംനസീറിന്റെ കരിയറിലെ തുടക്കകാലത്ത് ജയചന്ദ്രൻ ആലപിച്ച ശ്രദ്ധേയമായ ചില സോളോ ഗാനങ്ങളാണ് ‘അനാച്ഛാദനം’ എന്ന സിനിമയിലെ
‘മധുചന്ദ്രികയുടെ ചായത്തളികയിൽ
മഴവിൽ പൂമ്പൊടി ചാലിച്ചു...’ (വയലാർ-ദേവരാജൻ, 1969), ‘ഡെയ്ഞ്ചർ ബിസ്‌ക്കറ്റി’ലെ ‘അശ്വതി നക്ഷത്രമേ...’ (ശ്രീകുമാരൻ തമ്പി- ദക്ഷിണാമൂർത്തി, 1968), ‘ഭാര്യമാർ സൂക്ഷിക്കുക’യിലെ ‘മരുഭൂമിയിൽ മലർവിരിയുകയോ...’ (ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി, 1968).
പ്രേംനസീർ പാടിയഭിനയിക്കുന്നില്ലെങ്കിലും പശ്ചാത്തല ഗാനമായി ചിത്രീകരിച്ചിട്ടുള്ള, ജയചന്ദ്രൻ എന്ന ഗായകന്റെ മികവ് ആസ്വാദകരെ പൂർണമായി ബോധ്യപ്പെടുത്തിയ ചില മികച്ച ഗാനങ്ങൾ അറുപതുകളുടെ അവസാനം പുറത്തിറങ്ങിയ സിനിമകളിലുണ്ട്. 1969ൽ കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ ‘അടിമകൾ’ എന്ന ചിത്രത്തിലെ ‘ഇന്ദുമുഖീ ഇന്ദുമുഖീ...’, പി. ഭാസ്കരൻ സംവിധാനം ചെയ്ത ‘കള്ളിച്ചെല്ലമ്മ’യിലെ ‘കരിമുകിൽ കാട്ടിലെ...’, എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘അഗ്നിപുത്രി’യിലെ ‘ഇനിയും പുഴയൊഴുകും...’ എന്നിവ ആസ്വാദകർ ഹൃദയത്തോട് ചേർത്തുെവച്ച ഗാനങ്ങളാണ്.
ചിത്രീകരണ മികവിനെക്കുറിച്ച് പറയുമ്പോൾ, ജയചന്ദ്രന് ആദ്യമായി സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത, ‘സുപ്രഭാതം’ എന്ന ഗാനത്തെ എങ്ങനെ ഓർക്കാതിരിക്കും! ഊട്ടിയുടെ സൗന്ദര്യം മുഴുവനും മലയാള സിനിമാ സ്ക്രീനിൽ ആദ്യമായി കാണാനായത് പ്രേംനസീറിന്റെ രൂപത്തിലൂടെയും ജയചന്ദ്രന്റെ ശബ്ദത്തിലൂടെയുമാണ്.
‘പണിഞ്ഞിട്ടും പണിഞ്ഞിട്ടും
പണി തീരാത്തൊരു പ്രപഞ്ചമന്ദിരമേ
നിന്റെ നാലുകെട്ടിന്റെ പടിപ്പുര മുറ്റത്തു
ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ’ എന്ന് പ്രേംനസീർ പാടുന്ന ഭാഗത്തിൽ മെല്ലി ഇറാനിയുടെ കാമറയിലൂടെ, സൗന്ദര്യവതിയായ ഊട്ടിയെ മലയാള സിനിമാപ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. (പണി തീരാത്ത വീട്, വയലാർ, എം.എസ്. വിശ്വനാഥൻ, 1973). എന്നാൽ, ചിത്രീകരണത്തിന്റെ പോരായ്മകൾകൊണ്ട് നിരാശപ്പെടുത്തിയ മനോഹരമായ ഗാനങ്ങളും പ്രേംനസീറിന് വേണ്ടി ജയചന്ദ്രൻ ആലപിച്ച കൂട്ടത്തിലുണ്ട്.
അതിലൊന്നാണ് ‘മുത്തശ്ശി’ എന്ന സിനിമയിലെ ‘ഹർഷബാഷ്പം തൂകി...’ രചനയിലും സംഗീതത്തിലും ആലാപനത്തിലും മികച്ച നിലവാരം പുലർത്തിയ ഈ ഗാനത്തിന്റെ ചിത്രീകരണം നിരാശപ്പെടുത്തി. പ്രേംനസീറും ഷീലയും റേഡിയോയിൽനിന്ന് പാട്ട് കേൾക്കുന്ന രീതിയിലാണ് ഗാനരംഗം. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനികളായ മെറിലാൻഡിന്റെയും ഉദയായുടെയും സിനിമകളിൽ വളരെ കുറച്ചു ഗാനങ്ങളേ ജയചന്ദ്രൻ പാടിയിട്ടുള്ളൂ. ഉദയായുടെ സ്ഥിരം നടൻ പ്രേംനസീറാണ്. 1970ൽ പ്രദർശനത്തിനെത്തിയ ‘താര’ എന്ന സിനിമയിലാണ് ജയചന്ദ്രൻ ആദ്യമായി ഒരു ഗാനം പാടുന്നത്.
‘നുണക്കുഴിക്കവിളിൽ
നഖച്ചിത്രമെഴുതും താരേ -താരേ
ഒളികണ്മുനകൊണ്ട്
കുളിരമ്പെയ്യുന്നതാരേ -ആരേ’
താരേ, ആരേ എന്ന പ്രാസമുള്ള വരികളാണെല്ലാം. നിർമാതാവായ കുഞ്ചാക്കോക്ക് ജയചന്ദ്രൻ പാടുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല. ജി. ദേവരാജന്റെ നിർബന്ധംകൊണ്ടു മാത്രമാണ് ജയചന്ദ്രന് വയലാർ എഴുതിയ ഈ ഗാനം പാടാനായത്. ഗാനം ഏറെ പ്രശസ്തമാവുകയും ചെയ്തു. എന്നാൽ ഉദയ നിർമിച്ച പൊന്നാപുരം കോട്ട എന്ന സിനിമയിൽ ജയചന്ദ്രൻ പാടിയ, ‘വള്ളിയൂര്‍ക്കാവിലെ കന്നിക്ക് /വയനാടന്‍ പുഴയിലിന്നാറാട്ട്...’ എന്ന ഗാനത്തിന്റെ അവസ്ഥ മറ്റൊന്നായിരുന്നു. ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു വിജയശ്രീ അരുവിയിൽ നീരാടുന്ന രംഗം.
ഈ രംഗം കഴിഞ്ഞാണ് യേശുദാസ് പാടുന്ന ‘മന്ത്രമോതിരം മായമോതിരം’ എന്ന ഗാനമുള്ളത്. രണ്ടു മിനിറ്റോളമുള്ള നീരാട്ടിൽ ഒരു ഗാനം ചേർക്കാൻ സിനിമയുടെ എല്ലാ ജോലികളും പൂർത്തിയായതിനു ശേഷമാണ് തീരുമാനമുണ്ടായത്. പെട്ടെന്ന് ഗാനമൊരുക്കേണ്ടി വന്നതിനാൽ ജയചന്ദ്രനെക്കൊണ്ട് പാടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ, ഗാനത്തിന്റെ റെക്കോഡ് പുറത്തിറങ്ങിയില്ല. മാത്രമല്ല, സിനിമയിൽ ഗായകരുടെ പേരുകൾ എഴുതിക്കാണിക്കുമ്പോൾ ജയചന്ദ്രന്റെ പേരുമുണ്ടായില്ല. (ഗാനരചന വയലാർ, സംഗീതം ദേവരാജൻ, വർഷം 1973)
പാട്ടുപാടി നായികയുടെ പിന്നാലെ നടന്ന് ദേഷ്യംപിടിപ്പിക്കുന്ന പ്രേംനസീറിനു വേണ്ടി ജയചന്ദ്രൻ പാടിയ പാട്ടുകൾ ഏറെ പ്രസിദ്ധമാണ്. ‘കളിത്തോഴനി’ലെ
‘താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ പൂവമ്പൻ പോറ്റുന്ന പുള്ളിമാനേ...’,
‘കണ്ണൂർ ഡീലക്സ്’ എന്ന ചിത്രത്തിലെ ‘തുള്ളിയോടും പുള്ളിമാനെ നില്ല്...’ (ശ്രീകുമാരൻ തമ്പി, വി. ദക്ഷിണാമൂർത്തി,1969), ‘നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം’ (നാഴികക്കല്ല്, ശ്രീകുമാരൻ തമ്പി, കാനുഘോഷ്, 1970 ). സൂപ്പർ ഹിറ്റുകളായ ഈ ഗാനങ്ങളെല്ലാം ഷീലയുടെ പിറകെ നടന്ന് പാടുന്ന പാട്ടുകളാണെന്നതാണ് ഏറെ കൗതുകകരം.
പ്രേംനസീറിനു വേണ്ടി ജയചന്ദ്രൻ പാടിയ ചില ഗാനങ്ങൾ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ കടന്നുവരാവുന്നവയാണ്. ‘സന്ധ്യയ്ക്കെന്തിന് സിന്ദൂരം ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം...’ തന്റെ കാമുകിയുടെ സൗന്ദര്യത്തെക്കുറിച്ച് വർണിച്ച് പാടുകയാണ് കാമുകൻ. (മായ, ശ്രീകുമാരൻ തമ്പി, വി. ദക്ഷിണാമൂർത്തി, 1972). ഭാര്യയെ താരാട്ടിയുറക്കുന്ന ഭർത്താവിനു വേണ്ടി പാടിയ, ‘രാജീവ നയനേ നീയുറങ്ങൂ...’ (ചന്ദ്രകാന്തം, ശ്രീകുമാരൻ തമ്പി, എം.എസ്. വിശ്വനാഥൻ, 1974).
കോളജിൽനിന്ന് വിനോദയാത്രക്ക് പോകുമ്പോൾ പാടുന്ന ‘ശിൽപികൾ നമ്മൾ ഭാരത ശിൽപികൾ നമ്മൾ’ (പിക്നിക്, ശ്രീകുമാരൻ തമ്പി, എം.കെ. അർജുനൻ, 1975), സ്വന്തം വീട്ടിൽനിന്ന് പുറത്താക്കപ്പെട്ട് ഭ്രാന്തനെപ്പൊലെ നാട്ടിൽ അലയുമ്പോൾ നായകൻ പാടുന്ന, ‘രാമൻ ശ്രീരാമൻ ഞാനയോധ്യ വിട്ടൊരു രാമൻ’ (അയോധ്യ, പി. ഭാസ്കരൻ, 1975). അമ്മയെ വാഴ്ത്തിപ്പാടുന്ന സന്ദർഭങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഗാനം പാടിയത് ജയചന്ദ്രനാണ്. ‘സംഭവാമി യുഗേ യുഗേ’ എന്ന ചിത്രത്തിലെ ‘അമ്മയല്ലാതൊരു ദൈവമുണ്ടോ’ (ശ്രീകുമാരൻ തമ്പി, എം.എസ്. ബാബുരാജ്, 1972).
കുട്ടികളെ സന്തോഷിപ്പിക്കാനായി നായകൻ പാടുന്ന പാട്ടുകൾ കുറച്ചൊന്നുമല്ല മലയാള സിനിമയിലുള്ളത്. അതിലൊരു പാട്ടാണ് പണിതീരാത്ത വീട് എന്ന ചിത്രത്തിലെ, ജയചന്ദ്രൻ പാടിയ ‘കാറ്റുമൊഴുക്കും കിഴക്കോട്ട് / കാവേരി വള്ളം പടിഞ്ഞാട്ട്...’ (വയലാർ, എം.എസ്. വിശ്വനാഥൻ, 1973). വിപ്ലവ സമരവുമായി തെരുവിൽ ഇറങ്ങുന്ന നായകന് പാടാനായി ജയചന്ദ്രൻ-പ്രേംനസീർ കൂട്ടുകെട്ടിൽ ഒരു ഗാനമുണ്ട്, ‘നഷ്‌ടപ്പെടുവാൻ വിലങ്ങുകൾ...’ (തുലാഭാരം, വയലാർ, ദേവരാജൻ, 1968). ഭീകരമായ അസുഖത്തിൽനിന്നും മോചിതനായി നായകൻ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന സന്ദർഭത്തിലുള്ള ഗാനമാണ് ‘പുനർജന്മം... ഇത് പുനർജന്മം...’ (ദേവി, വയലാർ, ദേവരാജൻ, 1972).
ജയചന്ദ്രന് ഏറ്റവും ബഹുമാനമുണ്ടായിരുന്ന സംഗീത സംവിധായകനായിരുന്നു ജി. ദേവരാജൻ. അദ്ദേഹം ഈണമിട്ട ചില സിനിമകളിൽ യേശുദാസിനെക്കാൾ കൂടുതൽ പാട്ടുകൾ പ്രേംനസീറിനായി ജയചന്ദ്രന്റെ ശബ്ദത്തിൽ റെക്കോഡ് ചെയ്തിട്ടുണ്ട്. 1973ൽ ‘ധർമയുദ്ധം’ എന്ന ചിത്രത്തിൽ പ്രേംനസീറിനുവേണ്ടി മൂന്നു പാട്ടുകളും ജയചന്ദ്രനാണ് പാടിയിട്ടുള്ളത്. ‘അയോധ്യ’യിൽ പ്രേംനസീറിന്റെ കഥാപാത്രത്തിനുള്ള മൂന്നു പാട്ടുകളിൽ രണ്ടെണ്ണവും ജയചന്ദ്രന്റെ ശബ്ദത്തിലായിരുന്നു.
പ്രേംനസീറിനു വേണ്ടി പാടിയ ഗാനത്തിന് ജയചന്ദ്രന് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിച്ചതു പോലെ, പ്രേംനസീർ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗമായിരുന്നപ്പോഴാണ് ജയചന്ദ്രന് 1986ലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിക്കുന്നത്. ചിത്രം ശ്രീനാരായണഗുരു, ഗാനം ‘ശിവശങ്കര ശർവശരണ്യവിഭോ’. സംഗീതം ജി. ദേവരാജൻ.
‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ മുതൽ ‘ജന്മങ്ങളെന്റെ മുന്നിൽ...’ എന്ന ഗാനം വരെ ഇരുപതിലേറെ വർഷങ്ങൾ ജയചന്ദ്രൻ പ്രേംനസീറിനായി പാടിയിട്ടുണ്ട്. ‘റംസാനിലെ ചന്ദ്രികയോ’ (ആലിബാബയും 41 കള്ളന്മാരും), ‘നിൻ മണിയറയിലെ’ (സി.ഐ.ഡി നസീർ), ‘തിരുവാഭരണം ചാർത്തി വിടർന്നു’ (ലങ്കാദഹനം), ‘മലരമ്പനറിഞ്ഞില്ല’ (രക്തപുഷ്പം), ‘മുന്തിരിക്കുടിലിൽ’ (ഗംഗാസംഗമം), ‘മലർവെണ്ണിലാവോ’ (കാമധേനു), ‘നീർമിഴിത്തുമ്പിൽ കണ്ണീരാണോ’ (ലിസ), ‘മുത്തുകിലുങ്ങി’ (അജ്ഞാതവാസം) അവയിൽ ചിലതുമാത്രം.
ഒരു സിനിമയിൽ ഏതെങ്കിലുമൊരു ഗാനം വളരെയേറെ ജനപ്രിയമാകുമ്പോൾ അതിലെ മറ്റു ചില മികച്ച ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. ഇത്തരത്തിലും ചില പ്രേംനസീർ-ജയചന്ദ്രൻ ഗാനങ്ങളുണ്ട്. ‘കൊട്ടാരം വിൽക്കാനുണ്ട്’ എന്ന ചിത്രത്തിൽ യേശുദാസ് ആലപിച്ച ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന അനശ്വര ഗാനത്തിന്റെ പ്രൗഢഗംഭീരതയിൽ, ഈ ചിത്രത്തിൽ ജയചന്ദ്രനും മാധുരിയും ചേർന്ന് ആലപിച്ച അതിമനോഹരമായ ഒരു ഗാനം മങ്ങിപ്പോയോ എന്ന് സംശയമുണ്ട്. ‘തൊട്ടേനെ ഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനെ...’ എന്ന ആ ഗാനത്തിന്റെ വരികളിലുള്ളതുപോലെ, ജയചന്ദ്രൻ-പ്രേംനസീർ കൂട്ടുകെട്ടിലെ ഹൃദ്യമായ ഗാനങ്ങൾ എക്കാലവും പ്രേക്ഷക മനസ്സുകളിൽ ചിത്രത്തൂണിലെ പ്രതിമകൾപോലെ ഒട്ടിപ്പിടിച്ചുതന്നെ നിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.