മലയാളികൾ കദനത്താൽ തേങ്ങിയത് ചലച്ചിത്രഗാനങ്ങളിലൂടെയായിരുന്നു. അനന്തമായ അശ്രുധാരകൾ പാട്ടുകളിൽ പടർന്നു. കദനസമൃദ്ധിയിൽ ഇരുളാർന്ന ഗാനങ്ങൾ പാടിയ ശബ്ദങ്ങൾ പലവിധം നാമുൾക്കൊണ്ടു. ഈ ഗായകരിലൂടെ കണ്ണീരിന്റെ കടലിരമ്പങ്ങൾ നമ്മുടെ കാതുകളിൽ നിറഞ്ഞു. കരയുന്ന കാമുക ശബ്ദങ്ങൾ നമ്മുടെ ജീവിതവുമായി അത്രക്കും സ്വാത്മ്യം പ്രാപിച്ചുനിന്നു. മനുഷ്യനിസ്സഹായാവസ്ഥയെ വാങ്മയപ്പെടുത്തിയ ഗാനങ്ങളിൽ പ്രരോദനസമാനമായ ശബ്ദങ്ങൾ ഗാഢമായി. കെ.പി. ഉദയഭാനു, ബ്രഹ്മാനന്ദൻ, കോഴിക്കോട് അബ്ദുൽ ഖാദർ, ബാബുരാജ്, വി.ടി. മുരളി തുടങ്ങിയവരുടെ പാട്ടുകളിൽ കദനവും കണ്ണീരും കേന്ദ്രസ്ഥാനത്ത് നിൽക്കുന്നു.
കണ്ണീരിൽ പടുത്തുയർത്തിയ ശബ്ദഗോപുരമായിരുന്നു കെ.പി. ഉദയഭാനു. കണ്ണീരിന്റെ സംഗീത സൗന്ദര്യ വിവക്ഷകൾ മുഴുവൻ ആ ഗാനങ്ങളിൽ അഗാധമായി. പാട്ടിൽ കുതിരുന്ന ചുടുകണ്ണീർ ധാരകളായിരുന്നു അവ. ‘അനുരാഗനാടകത്തിൽ അന്ത്യമാം രംഗം’ എന്ന ഗാനത്തിൽ ഉദയഭാനുവിന്റെ ശബ്ദം അഗാധശോകത്തിന്റെ അശ്രുപൂരം ചമയ്ക്കുന്നുണ്ട്. സൈഗാളിയൻ സ്പർശമുള്ള ഈ ഗാനത്തിലെ തത്ത്വചിന്താനിർഭരമായ നിശ്ശബ്ദതകൾ അത്രമാത്രം ഉൾക്കൊണ്ടായിരുന്നു ഉദയഭാനുവിന്റെ ആലാപനം. കണ്ണീരിനെ കാവ്യവത്കരിച്ച പാട്ടുകളിൽ ഉദയഭാനുവിന്റെ ശബ്ദം സാന്ദ്രമായി. കണ്ണീരിന്റെ വിമലീകരണശക്തിയിലാണ് ഈ ഗാനങ്ങളെയെല്ലാം ശ്രദ്ധേയമാക്കുന്നത്.
‘ചുടുകണ്ണീരാലെൻ ജീവിതം’ എന്ന ‘ലൈലാമജ്നു’വിലെ പാട്ടിലെ ദുഃഖതീവ്രതകൾ ഉദയഭാനുവിന്റെ ശബ്ദത്തിൽ നിർമലമാകുന്നു. അലംഘനീയങ്ങളായ പ്രപഞ്ചരഹസ്യങ്ങളെയും സർവനിഷ്ഫലതകളെയും എല്ലാം കണ്ണീരിന്റെ വാങ്മയമാക്കി പാട്ടിലാക്കിയത് ഉദയഭാനുവായിരുന്നു. ‘വെള്ളി നക്ഷത്രമേ നിന്നെ നോക്കി’ എന്ന ചങ്ങമ്പുഴയുടെ വരികളിലെ പ്രണയശോകഛായകൾ മുഴുവൻ ഉദയഭാനുവിന്റെ ശബ്ദം പാട്ടിന്റെ ഉജ്ജ്വലമുഹൂർത്തമാക്കി പരിവർത്തനം ചെയ്തു. ഹൃദയത്തിൽനിന്ന് നേരിട്ടൊഴുകുന്ന വികാരങ്ങളുടെ നൈസർഗിക പ്രവാഹമായിരുന്നു അവയെല്ലാം. വേർപാടിന്റെ വ്യഥകൾ തുളുമ്പുന്ന ‘എവിടെ നിന്നോ എവിടെനിന്നോ’ എന്ന പാട്ടിലും ഉദയഭാനുവിന്റെ കാതരസ്വരത്തിന്റെ ഗദ്ഗദങ്ങൾ അലയടിക്കുന്നുണ്ട്.
‘അമ്മയെ കാണാൻ’ എന്ന സിനിമയിലെ ‘പെണ്ണായി പിറന്നെങ്കിൽ’ എന്ന പാട്ടിൽ ആ സ്വരം ഹൃദയവേദനയാൽ ഇടറിപ്പോയിരുന്നു. റൊമാന്റിക് മെലങ്കളികൾ എന്ന പാറ്റേണിലുള്ള അവയുടെ സകലവശ്യതയോടുംകൂടി ഉദയഭാനു ആലപിച്ചു. ‘താരമേ താരമേ നിന്നുടെ നാട്ടിൽ’ എന്ന പാട്ടിൽ ഉദയഭാനുവിന്റെ സ്വരം കൂടുതൽ വിഷാദനിർഭരമായി.
അനശ്വരമായ ശോകഗാനങ്ങളിൽ ഉദയഭാനുവിന്റെ കണ്ണീർ നിറഞ്ഞ ആലാപന ഗരിമകൾ പടർന്നു. വേദനയുടെ ആഴങ്ങൾ ആ ഗാനങ്ങളിൽ കണ്ണീരിന്റെ ഉള്ളുരുക്കങ്ങൾ സൃഷ്ടിച്ചു. ‘ചപല വ്യാമോഹങ്ങൾ’ എന്ന ഗാനത്തിൽ കണ്ണീരിന്റെ തിക്തതകൾ കാണാൻ കഴിയുന്നുണ്ട്. പാട്ടുകളിൽ അദ്ദേഹം ദീക്ഷിച്ചിട്ടുള്ള നൊമ്പരശ്രുതികൾ ഘനഗാംഭീര്യമുള്ള ആ ശബ്ദത്തിൽ സുന്ദരമായി. അവസാന കാലത്ത് അദ്ദേഹം പാടിയ ‘കാറ്റുപറഞ്ഞതും കടലുപറഞ്ഞതും’ എന്ന പാട്ടിലുമൊക്കെ ശോകഭാവത്തിന്റെ അന്തർധാരകളുണ്ട്. ‘തേങ്ങീടല്ലേ തേങ്ങീടല്ലേ തേൻകുയിലേ’ (മുടിയനായ പുത്രൻ -ബാബുരാജ്) എന്ന പാട്ടിലെ വിഷാദച്ഛായകളെ ഉദയഭാനുവിന്റെ സ്വരം വികാരഭരിതവും വിശ്വസനീയവുമാക്കി.
കണ്ണീരിന്റെ കാണാകനിവുകൾ പാട്ടിലാക്കിയ മറ്റൊരു ഗായകശബ്ദമായിരുന്നു കോഴിക്കോട് അബ്ദുൽ ഖാദർ. വിഷാദത്തിന്റെ ഋതുശോഭകളെ വിസ്തൃതമാക്കിയ ശബ്ദമായിരുന്നു അബ്ദുൽഖാദറിന്റേത്. ‘എങ്ങനെ നീ മറക്കും കുയിലേ’ എന്ന ഒരൊറ്റ പാട്ടിൽത്തന്നെ ബാഷ്പാകുലമായ ഒരു പ്രണയത്തിന്റെ ശബ്ദത്തെ നാം തിരിച്ചറിഞ്ഞു. കണ്ണീരിനെ അബ്ദുൽ ഖാദർ തന്റെ പാട്ടുകളിലെ കേന്ദ്രസ്ഥാനത്ത് നിർത്തി. ‘എങ്ങിനെ നീ മറക്കും കുയിലേ’ എന്ന പാട്ട് കേൾക്കുമ്പോൾ ബാഷ്പാകുലമാകാതെ പോകില്ല ആരുടെയും മിഴികൾ. ‘ഓടിക്കളിച്ചതും പാടിപ്പറഞ്ഞതും ഒന്നായ് കണ്ണീരിൽ നീന്തിക്കളിച്ചതും’ എങ്ങനെ നീ മറക്കും കുയിലേ എന്ന പാട്ടിൽ കണ്ണീരിറ്റിക്കുന്നു. പാട്ട് കേൾക്കുമ്പോൾ ‘എന്തൊരു തീരാത്ത തീരാത്ത ശോകം’ എന്ന് നാം നിശ്ശബ്ദരായി കണ്ണീർ പൊഴിക്കുന്നു.
‘നീയെന്തറിയുന്നു നീലത്താരമേ’ എന്ന പാട്ടിലെ ഒറ്റക്കിരുന്നു കരയുന്നവന്റെ നിശ്ശബ്ദ ചോദ്യമായിരുന്നു അബ്ദുൽ ഖാദറിന്റെ ശബ്ദത്തിൽ നാം കേട്ടത്. ‘മണ്ണിലുള്ള കണ്ണുനീരിൻ ചൂടറിയാമോ’ എന്നും ‘മാനവന്റെ നെഞ്ചിലെ നോവറിയാമോ’ എന്നുമൊക്കെ നീലത്താരത്തോട് ആരായുന്ന മനുഷ്യനിസ്സഹായവസ്ഥയുടെ സ്വരമായിരുന്നു അത്.
കണ്ണീരിന്റെ കവിതകളിൽനിന്ന് പാട്ടുണ്ടാക്കി പാടിയ ബാബുരാജിനെ മറക്കാനാവില്ലല്ലോ മലയാളിക്ക്. ബാബുരാജ് പാടിയ പാട്ടുകളിലെല്ലാം തന്നെ കണ്ണീരിന്റെ വാങ്മയ സന്ദർഭങ്ങൾ കാണാം. ആ ഗാനങ്ങളിൽ നിന്നൊഴുകുന്ന കദനത്തിന്റെ കണ്ണീർ നദികൾ കാണാതിരിക്കാനാവില്ല. ‘പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ’ എന്ന പാട്ടിൽ ബാബുരാജിന്റെ ആർദ്ര സ്വരം ആ പാട്ടിൽ കണ്ണീരിന്റെ ശമിക്കാത്ത കാലവർഷം പോലെ നമ്മുടെ കാതിൽ പെയ്തുനിറഞ്ഞു. ‘മൈലാഞ്ചിത്തോപ്പിൽ മയങ്ങിനിൽക്കുന്ന മൊഞ്ചത്തി’ എന്ന ആദ്യ ഗാനത്തിൽ പോലും ബാബുരാജിന്റെ കണ്ഠത്തിൽ നിന്നൊഴുകുന്ന കാതരതകൾ നാമറിയുന്നുണ്ട്.
കണ്ണീരിന്റെ തിക്തതകൾ പാട്ടിലാക്കിയ മറ്റൊരാൾ ബ്രഹ്മാനന്ദനാണ്. അദ്ദേഹം പാടിയ പാട്ടുകൾ തിരശ്ശീലയിൽ അഭിനയിച്ചു ഫലിപ്പിച്ചത് തകർന്ന കാമുക ഹൃദയങ്ങളായിരുന്നു. കണ്ണീരിലൂടെ ഹൃദയ വികാരങ്ങളെ നിർമല വിശുദ്ധമാക്കി പാട്ടിനെ തിളക്കമാർന്ന ശിൽപമാക്കി മാറ്റുകയായിരുന്നു ബ്രഹ്മാനന്ദൻ. ‘നീലനിശിഥിനി’, ‘താരക രൂപിണി’ എന്നീ പാട്ടുകളിൽ കരയുന്ന ഒരു കാമുകന്റെ മേൽവിലാസം കുറിച്ചിട്ടുണ്ട്.
‘കനകംമൂലം ദുഃഖം ദുഃഖമയം ജീവിതം’ എന്ന മറ്റൊരുപാട്ടിൽ ബ്രഹ്മാനന്ദന്റെ സ്വരം ദുഃഖഭരിതമാകുന്നു. ‘ക്ഷേത്രമേതെന്നറിയാത്ത തീർഥയാത്ര’, ‘ദേവഗായകനെ ദൈവം ശപിച്ചു’ എന്നീ പാട്ടുകളിൽ അന്തർലീനമായ കണ്ണീരുപ്പുകലർന്ന തുള്ളികൾ നമ്മുടെ ഹൃദയങ്ങളിലേക്ക് പടർന്നിറങ്ങുന്നുണ്ട്.
വി.ടി. മുരളിയുടെ ആലാപനത്തിലും കരളുരുക്കലുണ്ട്. ‘മാതളത്തേനുണ്ണാൻ’ ‘പൊന്നരളിപ്പൂവൊന്നു’ ‘ഓത്തുപള്ളിയിൽ’ ‘കാലം പറക്കണ്’ എന്നീ പാട്ടുകളിലെല്ലാം ആർദ്രഭാവം ചോർന്നുപോവാതെയുള്ള ഒരാലാപനാവിഷ്കാരമുണ്ട്. അതിൽ നഷ്ടപ്രണയത്തിന്റെയും ഗൃഹാതുരതയുടെയും ജീവിത ദർശനത്തിന്റെയുമൊക്കെ ആത്മഭാവനകൾ കലർന്നിട്ടുണ്ട്. വാക്കുകളിലെ ഭാവതലങ്ങളെ സ്വരവിശുദ്ധിയിൽ തൊട്ടുതലോടുന്ന ശാന്തവും സൗമ്യവുമായ ഒരാലാപന രീതിയാണ് വി.ടി. മുരളിയുടേത്.
‘കാട്ടുചെമ്പകം പൂത്തുലയുമ്പോൾ, കരളിൽമാത്രം കണ്ണീരരുവി’ എന്ന പാട്ടിലുണ്ടായിരുന്നു എ.എം. രാജയുടെ സ്വരത്തിലൂടെ പ്രവഹിച്ച കണ്ണീരരുവികൾ. ‘മാനസേശ്വരി മാപ്പു തരൂ’ എന്ന പാട്ടിലും ഇങ്ങനെയൊരു കണ്ണീർ പ്രവാഹമുണ്ട്. പിന്നീടെത്രയോ ഗായകസ്വരങ്ങളിൽ കണ്ണീരിന്റെ മനശ്ശാസ്ത്രം വെളിച്ചമായ് നിവേദിക്കപ്പെട്ടു. വ്യസനസങ്കീർത്തനങ്ങളായി എത്രയോ പാട്ടുകൾ നാം കേട്ടു. ‘ഏകാന്തപഥികൾ ഞാൻ’ എന്ന പാട്ടിലും ‘കരിമുകിൽക്കാട്ടിലെ’ എന്ന പാട്ടിലുമൊക്കെ ജയചന്ദ്ര ശബ്ദത്തിൽ ഘനീഭവിച്ച കണ്ണുനീർത്തുള്ളികൾ കാണാനാവും. ‘കരയുന്നോ പുഴ ചിരിക്കുന്നോ’ എന്ന പാട്ടിലും യേശുദാസിന്റെ മന്ദ്രമധുര സ്വരം അതിലെ കദനവിതാനത്തെ മിഴിനീരിലിട്ടുമുക്കുന്നു.
വേണു നാഗവള്ളി അഭിനയിച്ച കാമുക കഥാപാത്രങ്ങളിൽ യേശുദാസിന്റെ സ്വരം കാൽപനികവും വിരഹകാതരവുമായി പരിണമിച്ചത് ശ്രദ്ധേയമാണ്. ‘എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ’, ‘കൃഷ്ണ തുളസി കതിരുകൾ ചൂടിയ’, ‘നഷ്ടവസന്തത്തിൽ തപ്ത നിശ്വാസമേ’, ‘പൂവിൽനിന്നും മണം പിരിയുന്നു’ തുടങ്ങിയ പാട്ടുകളൊക്കെയും വേണു നാഗവള്ളിയുടെ അഭിനയമുഹൂർത്തങ്ങളിൽ സാർഥകമായത് യേശുദാസിന്റെ ആലാപനത്തിലെ വിഷാദഗരിമകളിലായിരുന്നു. എം.ബി. ശ്രീനിവാസന്റെ ഗാനങ്ങളിൽ ഇതേറെ പ്രകടവുമായിരുന്നു.
ഇങ്ങനെ കണ്ണീരിന്റെ കവിതകളെ വിലാപഗീതങ്ങളുടെ ശീർഷക പദവിയിലേക്കുയർത്തിയ ഗായകരാണിവരെല്ലാം. കരയുവാനായ് പിറന്ന കാമുക കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് വഴി മലയാള ഗാനശാഖയിൽ അവർ വിഷാദത്തിന്റെ ശ്യാമസരോവരങ്ങൾ തീർത്തു. ആ ഗാനങ്ങളൊക്കെ മലയാളി മനസ്സിന്റെ ശോകരാഗങ്ങളെ കണ്ണീരെന്ന ഒരൊറ്റ രൂപകത്തിന്റെ ചിമിഴിൽ പകരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.