കടലിന്നഗാധമാം നീലിമയിൽ എം.ടി സിനിമയിലെ പാട്ടുകൾ

തിരക്കഥയെഴുത്തിന്റെ മർമപ്രധാനമായ ഇടങ്ങളിൽ സംഗീതാവബോധത്തിന്റെ നനുത്ത സാധ്യതകൾ കാത്തുവെച്ചു എന്നതാണ് എം.ടിയെ മറ്റുള്ളവരിൽനിന്ന് വേറിട്ടുനിർത്തുന്നത്. ‘മുറപ്പെണ്ണ്’ മുതൽ ‘പഴശ്ശിരാജ’ വരെയുള്ള സിനിമകളിലെല്ലാം മനോഹരഗാനങ്ങളുടെ നീണ്ട നിരകൾ കാണാം. മലയാള സിനിമയിലെ ഗാനങ്ങളുടെ സംസ്കാരരൂപവത്കരണത്തിന് എം.ടിക്കുള്ള പങ്ക് ചെറുതല്ലായിരുന്നു. പാട്ടിനെ പശ്ചാത്തലമാക്കിമാറ്റിയിരുന്നു പലപ്പോഴും കാവ്യാത്മകമായ ആ രചനകൾ. തിരക്കഥയിൽ പാട്ടിനെ ഒരു അദൃശ്യസങ്കൽപംപോൽ ഇഴപാകിയിരുന്നു എം.ടി. അബോധാഭിലാഷത്തിന്റെ ആകസ്മികമായ ആലേഖനംപോലെയാണ് എം.ടി തിരക്കഥകളിലെ സംഗീതകൽപനകൾ.

കവിതയുടെ സൗന്ദര്യമിയന്ന ഒരു ഭാഷ പെട്ടെന്ന് സംഗീതരൂപം പ്രാപിക്കുകയാണ് എം.ടിയിൽ. എം.ടി തിരക്കഥയുടെ ഭാഷ ചിലപ്പോഴെങ്കിലും സംഗീതഭാഷയുടെ വിതാനത്തിലേക്കുയരുന്നുണ്ട്. എം.ടി തന്റെ വാക്കുകളെ ശ്രുതിപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു തിരക്കഥകളിൽ. സംഗീതത്തിന്റെ സ്ഥലികൾ ക്രിയാത്മകമായി ആദരിക്കപ്പെടുന്നുണ്ട് എം.ടി സിനിമകളിൽ. ഭാഷ, ഭാവന, രചന എന്നിവയിൽനിന്നാണീ സംഗീതത്തിന്റെ ആത്മാംശം കലർന്ന സന്നിവേശങ്ങൾ. ‘‘നല്ല സംഗീതം ആസ്വദിക്കാനുള്ള ടെമ്പർമെന്റുണ്ട്. സംഗീതം കേൾക്കാനിഷ്ടമാണ്. കർണാടക സംഗീതവുമിഷ്ടമാണ്. ഗ്രാമത്തിൽ നിരവധി വാദ്യകലാകാരന്മാർ ഉണ്ടായിരുന്നു.

അമ്മ കൈകൊട്ടിപ്പാട്ട് പഠിച്ചിരുന്നു. മലമൽക്കാവിലെ ഇല്ലങ്ങളിൽ അക്കാലത്ത് കൈകൊട്ടിപ്പാട്ട് സജീവമായിരുന്നു. കുറുപ്പത്ത് കല്യാണിക്കുട്ടിയമ്മ പാടിയ കഥകളിപ്പദങ്ങൾ വീട്ടിലുണ്ടായിരുന്നു’’ -എം.ടി ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞതാണിത്. എം.ടിയുടെ തിരക്കഥയിൽ പാട്ടിന്റെ പ്രതിഷ്ഠാപനം ഏറെ ചൈതന്യമുള്ളതായിമാറി. എം.ടി തിരക്കഥകളിലെ സംഗീതസൂചനകൾ വളരെ പ്രാധാന്യമർഹിക്കുന്നു. എം.ടി സിനിമകളിൽ പാട്ടിന്റെ പല പാറ്റേണുകളും പ്രത്യക്ഷമായിരുന്നു. അതിൽ കവിതകൾ, തത്ത്വചിന്താഗാനങ്ങൾ, നാ​േടാടിപ്പാട്ടുകൾ, ശാസ്ത്രീയസംഗീതഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, പ്രണയഗീതികൾ... അങ്ങനെ എല്ലാമുണ്ടായിരുന്നു. എം.ടി തിരക്കഥകളിൽ സംഗീതപരാമർശങ്ങളുടെ ഒരു സാന്ദ്രതയുണ്ടായിരുന്നു. എം.ടി ആദ്യം തിരക്കഥയെഴുതിയ ‘മുറപ്പെണ്ണിൽ’ ആദ്യ സീനിൽതന്നെ കുട്ടികൾ പാടുന്ന ഒരു പാട്ടിന്റെ പരാമർശമുണ്ട്. ‘കണ്ണാടം പൊത്തിപ്പൊത്തി...’ അതുപോലെ ‘ഒന്നാനാം അരുമലയിൽ...’ ഇങ്ങനെ രണ്ടു പഴയ പാട്ടുകളുടെ പല്ലവികൾ. ഭാസ്കരൻ ചിദംബരനാഥ് സമാഗമത്തിൽ ‘കരയുന്നോ പുഴ’, ‘കളിത്തോഴിമാരെന്നെ’ എന്നീ രണ്ടു ഗാനങ്ങൾ പാട്ടിന്റെ മികവുറ്റ സന്ദർഭങ്ങളായിരുന്നു ‘മുറപ്പെണ്ണിൽ’.

‘നിർമാല്യ’ത്തിന്റെ തിരക്കഥയിൽ പുള്ളുവൻ പാട്ടിന്റെയും ഇഷ്ടകവിയായ ഇടശ്ശേരിക്കവിതയുടെയും ഇൗണങ്ങളുണ്ട്. രാഘവൻ മാഷിന്റെ സംഗീതത്തിൽ നിർമാല്യം സാക്ഷാത്കരിക്കണമെന്ന് എം.ടിക്ക് നിർബന്ധമുണ്ടായിരുന്നു. ശ്രീമഹാദേവൻ (പുള്ളുവൻപാട്ട്), ‘പനിമതി മുഖീബാലേ’ (സ്വാതിതിരുനാൾ കൃതി), ‘മുണ്ടകൻ പാടത്ത്, സമയമായ് (ഇടശ്ശേരിക്കവിത) എന്നിവയെല്ലാം നിർമാല്യത്തിൽ ഒരുപോലെ ചേർന്നുനിന്നു. നിർമാല്യത്തിന്റെ ദൃശ്യഗാത്രത്തിൽ ഈ ഗാനങ്ങളെല്ലാം അത്രക്കും സൗന്ദര്യാത്മകമായി. ‘അസുരവിത്തി’ലെ ‘പകലവനിന്ന് മായുമ്പോൾ’ എന്ന മാപ്പിളപ്പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഓളവും തീരവും’ എന്ന ചിത്രത്തിലെ ‘മണിമാരൻ തന്നത് (ഭാസ്കരൻ-ബാബുരാജ്), കടത്തുകാരൻ പാടുന്ന ‘ഒയ്യെ എനിക്കുണ്ട്’ എന്ന സി.എ. അബൂബക്കർഗാനം എന്നിവ എം.ടിയുടെ തിരക്കഥയിലെ സൂചനകളിൽനിന്നുണ്ടായ ഗാനസന്ദർഭങ്ങളായിരുന്നു. ‘ഇടക്കൊന്ന് ചിരിച്ചും ഇടക്കൊന്ന് കരഞ്ഞും’ എന്ന പാട്ടിലെ ‘മനസ്സിലെ ശോകങ്ങൾ മറക്കുവാൻ കൂടിയൊന്നു പഠിപ്പിച്ചതില്ലല്ലോ പടച്ചവനേ’ എന്ന നെബീസുവിന്റെ ദുഃഖം ഇന്നും നമ്മെ പിന്തുടരുന്നുണ്ട്.

ഇരുട്ടിന്റെ ആത്മാവിലെ ‘ഇരുകണ്ണീർതുള്ളികൾ’ എന്ന ജാനകി പാടിയ ഗാനം എം.ടിയുടെ കഥാപാത്രത്തിലൂടെ പുറത്തുവരുമ്പോൾ അതിൽ വിഷാദാത്മകതയുടെ വിചാരങ്ങൾ കൂടുന്നു. ഇതേ ചിത്രത്തിൽ മലയാളത്തിലെ മികച്ച കൃഷ്ണഭക്തിഗാനമായ ‘വാകച്ചാർത്ത് കഴിഞ്ഞോരു’ എന്ന വള്ളുവനാടൻ സന്ധ്യാപ്രാർഥന കേൾക്കാനാകും. ‘ഈറനുടുത്തുകൊണ്ടംബരം ചുറ്റുന്ന’ എന്ന പാട്ടിൽ എം.ടിയുടെ അമ്മുവിനെ ഭാസ്കരൻ മാഷ് ഹൃദ്യമായി അവതരിപ്പിച്ചു. ഓപ്പോളിന്റെ തിരക്കഥയിൽ എം.ടി സംഗീതമുണരുന്ന ചില മേഖലകളെ സൂക്ഷ്മമായി പരിചരിക്കുന്നുണ്ട്. ‘നഷ്ടസൗഭാഗ്യങ്ങളുടെ നിമിഷങ്ങളെ അനുസ്മരിപ്പിക്കുന്ന, അനുരാഗികളുടെ നേർത്ത വിഷാദം അന്തർധാരയായി ഒഴുകുന്ന ഗാനം’ എന്ന് എം.ടി തിരക്കഥയിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓപ്പോളിലെ ഒരു സന്ദർഭത്തിൽ ഗോവിന്ദൻ: നിനക്ക് പാടാനറിയുമോ? മാളു: ഇല്ല. ഗോവിന്ദൻ: പാടണ്ട. ഒരു പാട്ട് പറഞ്ഞാ മതി. നിന്റെ ശബ്ദത്തില് പറഞ്ഞാലും പാട്ടാവും’... എം.ടിയുടെ സംഗീതാഭിമുഖ്യത്തിന്റെയും മനസ്സിന്റെയുമൊക്കെ വിവരണങ്ങൾ ഇവിടെ കാണാൻ കഴിയും. ഓപ്പോളിലെ ഭാസ്കരൻ-എം.ബി.എസ് ടീമിന്റെ ‘പൊട്ടിക്കാൻ ചെന്നപ്പോൾ’, ‘ഏറ്റുമാനൂരമ്പലത്തിൽ’, ‘ചാറ്റൽമഴയും’ എന്നീ ഗാനങ്ങൾ മറക്കാനാവില്ല മലയാളിക്ക്. എം.ടിയുടെ സിനിമകളിലുമുണ്ട് കേരളീയാനുഭവത്തിന്റെ കാവടിയാട്ടങ്ങൾ.

തിരക്കഥകളിൽ എം.ടി അവിടവിടെയായി അവശേഷിപ്പിച്ചിട്ടുള്ള സംഗീതവിചാരങ്ങൾ വിലയിരുത്തപ്പെടേണ്ടതാണ്. വടക്കൻ വീരഗാഥയിൽ ആരോമലുണ്ണി: നടന്നതെന്തെന്ന് അമ്മാവൻ തന്നെ ഓലയിലെഴുതിവെച്ചിട്ടുണ്ട് എന്ന് അമ്മ പറഞ്ഞല്ലോ. ‘അപ്പോൾ വടക്കൻപാട്ടിലെ വരികൾ’ എന്തിനവിടം പറയുന്നച്ഛാ’ എന്ന വടക്കൻപാട്ടിലെ വരികൾ. വൈശാലിയിലുമുണ്ടായിരുന്നു ഇങ്ങനെ സംഗീതത്തെ പൂരിപ്പിക്കുന്ന ഇടങ്ങൾ. എം.ടി എഴുതുന്നു: ‘‘ദേവദാസിഗൃഹത്തിന്റെ അകത്തളം. വൈശാലി നൃത്തം ചവിട്ടുന്നു. വീണ, മൃദംഗം, ഓടക്കുഴൽ തുടങ്ങിയ ഉപകരണങ്ങൾ മധ്യവയസ്കരായ സ്ത്രീകൾ വായിക്കുന്നു. സീൻ 22ൽ സഭാമണ്ഡപത്തിൽ നർത്തകിമാരുടെ ഒരു സംഘനൃത്തം തുടരുന്നു. പാടുന്നവരും കൊട്ടുന്നവരും ഭൂരിഭാഗവും സ്ത്രീകളാണ്. തന്തുവാദ്യങ്ങൾ, ഘടനവാദ്യങ്ങൾ, സുഷിരവാദ്യങ്ങൾ എന്നിവയും മൃദംഗം, ഘടം എന്നിവയും അക്കാലത്ത് പതിവാണ്. വീണയ്ക്ക് അക്കാലത്ത് പ്രചാരമുണ്ട്. മുപ്പതാമത്തെ സീനിൽ, ‘ഗാനത്തിലൂടെ ഉദയാസ്തമയങ്ങൾ’... അവസാന സീനിൽ ആടിപ്പാടി നീങ്ങുന്ന ജനാവലി. ഇങ്ങനെ സംഗീതത്തിന്റെ ആവർത്തനസ്ഥലികൾ എം.ടിയുടെ തിരക്കഥകളിൽ പ്രകടമാകുന്നു.

പകൽക്കിനാവിലെ ‘കേശാദിപാദം’ എം.ടിക്കേറ്റവുമിഷ്ടമുള്ള പാട്ടാണെന്ന് കേട്ടിട്ടുണ്ട്. ‘പകൽക്കിനാവിൻ സുന്ദരമാകും’, ‘നിദ്രതൻ നീരാഴി’ എന്നീ ഗാനങ്ങളും സുന്ദരങ്ങളായിരുന്നു. എം.ടി ചിത്രങ്ങളിലെ പ്രണയഗാനങ്ങൾ എല്ലാം മൃദുലവും നിഷ്കളങ്കതയുണർത്തുന്നവയുമാണ്. അത് ആരെയും ഭാവഗായകരാക്കുന്ന ആത്മസൗന്ദര്യവുമാണ്. ഭാസ്കരൻ മാഷ്, ഒ.എൻ.വി, യൂസുഫലി, ജയകുമാർ, കൈതപ്രം ഇങ്ങനെ ആര് പാട്ടെഴുതിയാലും അവയെല്ലാം എം.ടി തിരക്കഥയിലെ സന്ദർഭങ്ങളുടെ എക്സ്റ്റൻഷനുകൾ ആയിരുന്നു. എം.ടി സിനിമകളിലെ പ്രണയഭാഷയെ കൂടുതൽ അഴകുള്ളതാക്കിത്തീർത്തത് എം.ബി. ശ്രീനിവാസനും ബോംബെ രവിയുമായിരുന്നു. ഇതിൽ ഭാവഗീതികൾ തന്നത് എം.ബി.എസും രാഗഗീതികൾ (വിശേഷിച്ചും മോഹനം, ഹിന്ദോളം) തന്നത് രവിയുമായിരുന്നു. ‘പഞ്ചാഗ്നി’, ‘നഖക്ഷതങ്ങൾ’, ‘പരിണയം’, ‘സുകൃതം’, ‘വടക്കൻ വീരഗാഥ’ എന്നിവയിലെല്ലാം രവി സമ്മോഹനതയുടെ സംഗീതമൊരുക്കി. ‘മഞ്ഞിലും’ ‘വാരിക്കുഴി’യിലുമെല്ലാം എം.ബി.എസിന്റെ പശ്ചാത്തലസംഗീതം എം.ടിയുടെ തിരക്കഥക്കുള്ള അംഗീകാരമായി. ‘കടവിൽ’ രാജീവ് താരാനാഥിന്റെയും ‘ഒരു ചെറുപുഞ്ചിരി’യിൽ ജോൺസന്റെയും റീറെക്കോഡുകൾ എം.ടിയുടെ സംഗീതമനസ്സിലെ ഭാവാർദ്രതകളെ ആഴത്തിൽ അടയാളപ്പെടുത്തി. ‘സദയ’ത്തിലെ ജോൺസന്റെ റീറെക്കോഡിങ്ങും മികച്ചതായിരുന്നു. ‘ബന്ധന’ത്തിൽ എം.ബി.എസ് സംഗീതം ചെയ്ത ‘കല്യാണി അമൃതതരംഗിണി’ ‘രാഗം ശ്രീരാഗം (രാഗമാലിക) എന്നിവയും ശാസ്ത്രീയസംഗീതത്തിന്റെ ഭാവമേഖലകളെ സാക്ഷാത്കരിക്കുകയുണ്ടായി. ‘നഗരമേ നന്ദി’യിലെ ‘നഗരം നഗരം’ (ഭാസ്കരൻ-ചിദംബരനാഥ്) എന്ന ഗാനം ആ സിനിമയുടെ ഹൃദയത്തെ കാണിച്ചുതന്നു. ‘മഞ്ഞണിപ്പൂനിലാവി’ൽ കേരളീയാനുഭവങ്ങളുടെ അപൂർവ ഭംഗികൾ നിസ്തുലമായി പുലർന്നു. ‘വളർത്തുമൃഗങ്ങൾ’ എന്ന സിനിമയിൽ എം.ബി.എസിനുവേണ്ടി അഞ്ചു ഗാനങ്ങൾ എഴുതി എം.ടി ഗാനരചയിതാവുമായി. ഇതിൽ ‘ശുഭരാത്രി’ എന്ന ഗാനം അത്യപൂർവകാന്തിയിൽ സഫലമായി.

‘വിത്തുകളി’ൽ ഭാസ്കരൻ മാഷിന്റെ രചനയിൽ പുകഴേന്തി സംഗീതംചെയ്ത ‘മരണദേവനൊരു വരം കൊടുത്താൽ’ എന്ന ഗാനം അതിന്റെ ഈണലാളിത്യത്താൽ ശ്രദ്ധേയമാണ്. എം.ടിയുടെ തിരക്കഥകൾക്കുവേണ്ടി എഴുതിയ ഗാനങ്ങളിൽ നിളയെ കോരിയെടുക്കുന്നുണ്ട് ഒ.എൻ.വി. ‘എന്റെ ശരത്കാലനിളയെ എനിക്കേറെ ഇഷ്ടമാണെ’ന്ന എം.ടിയുടെ പ്രസ്താവനയെ സാധൂകരിക്കുന്നതായി ഒ.എൻ.വിയുടെ ഓരോ ഗാനവും. ഒ.എൻ.വി-രഘുനാഥ് സേഥ് സമാഗമത്തിൽ വന്ന ‘ആരണ്യക’ത്തിലെ ഗാനങ്ങൾ കമ്പോസിങ്ങിലും ഓർക്കസ്ട്രേഷനിലും ഏറെ പുതുമ നിലനിർത്തി. കവിതകൾ കൊണ്ട് അലംകൃതമായിരുന്നു എം.ടിയുടെ മിക്ക സിനിമകളും. തിരക്കഥകളിൽ അദ്ദേഹം കവിതകളുടെ സ്ഥാനം അടയാളപ്പെടുത്തിവെച്ചു. ‘ബന്ധനം’ എന്ന സിനിമയിൽ ‘ആകാശവുമെന്റെ മനസ്സും’ എന്ന കവിതയുടെ ആലാപനമുണ്ട്. ‘അക്ഷരങ്ങൾ’ എന്ന ചിത്രത്തിൽ ‘നീലാകാശത്തുനിന്നും ആയിരം മുല്ലമാല’ എന്ന വൈലോപ്പിള്ളിക്കവിതയെ കേൾക്കാം. ‘ഇടവഴിയിലെ പൂച്ച’ എന്ന ചിത്രത്തിൽ ചാൾസ് കിങ്സ്‍ലിയുടെ ഇംഗ്ലീഷ് കവിത പാടുന്നുണ്ട് ഒരു കഥാപാത്രം. കവിതകൾ അതേ രീതിയിൽ ചിത്രീകരിക്കപ്പെട്ട എം.ടി സിനിമകളുമുണ്ട്. ‘വിശ്വമഹാക്ഷേത്രസന്നിധിയിൽ’ ‘വ്രീളാഭരിതയാം’... ‘ഉത്തരം’ എന്ന സിനിമയിലെ ഒ.എൻ.വിയുടെ കാവ്യശകലങ്ങൾ -ഇങ്ങനെ തിരക്കഥകളിൽ കവിതാവിവരണങ്ങൾ അത്രക്കുമുണ്ടായിരുന്നു.

എത്രയെത്ര മികച്ച ഗാനങ്ങളാണ് എം.ടി സിനിമകളിൽ. ‘ആരൂഢ’ത്തിലെ കാവാലം-ശ്യാം, ‘തൃഷ്ണ’യിലെ ബിച്ചു-ശ്യാം, ‘അക്ഷരങ്ങളി’ലെ ഒ.എൻ.വി-ശ്യാം ഗാനങ്ങൾ, ‘വേനൽക്കിനാവുകളിലെ’ ഒ.എൻ.വി-എൽ. വൈദ്യനാഥൻ ടീമിന്റെ ഗാനങ്ങൾ, ‘കന്യാകുമാരി’യിലെ വയലാർ-എം.ബി.എസ് ഗീതികൾ, ‘ജാനകിക്കുട്ടി’യിലെ കൈതപ്രത്തിന്റെ പാട്ടുകൾ, ‘താഴ്വാര’ത്തിൽ കൈതപ്രം-ഭരതൻ ടീമിന്റെ ഗാനം, ‘പഴശ്ശിരാജ’യിലെ ഒ.എൻ.വി-ഇളയരാജ കോമ്പിനേഷനിലെ ഗാനങ്ങൾ... അങ്ങനെ നീണ്ടുപോകുന്നു ആ നിരകൾ.

തിരക്കഥയുടെ മർമത്തെക്കുറിച്ച് ചോദിച്ചപ്പോൾ എം.ടിയുടെ നിരീക്ഷണമിങ്ങനെയായിരുന്നു: ‘‘മനസ്സിൽ ഒരു ചിത്രം രൂപപ്പെടുത്തി ദൃശ്യങ്ങളും ശബ്ദങ്ങളുമെല്ലാം ചേർന്ന ചിത്രം മനസ്സിന്റെ തിരശ്ശീലയിൽ ഓടിച്ചെടുക്കാൻ കഴിയണം’’ എം.ടിയെന്ന എഴുത്തുകാരന്റെ ഉൾപ്രപഞ്ചത്തിൻസീമയിൽ സംഗീതത്തിന്റെ ചിത്രവർണങ്ങൾ നൃത്തമാടുന്നുണ്ടായിരുന്നു എന്നും. അതിന്റെ സാക്ഷ്യങ്ങളായിരുന്നു അദ്ദേഹം തിരക്കഥയെഴുതിയ എല്ലാ സിനിമകളും.


Tags:    
News Summary - MT movie songs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.