വയലാർ,ശ്രീകുമാരൻ തമ്പി

ഗാനങ്ങളിലെ നിലാ പുഞ്ചിരി

നിലാവിൽ ശാന്തമായ കടൽത്തീരത്തെ മണൽപ്പരപ്പിൽ മലർന്നു കിടന്ന് ഗതകാല സ്മരണകൾ അയവിറക്കി അനന്തതയിലേക്ക് കണ്ണ് പായിച്ച് അറ്റമില്ലാത്ത ഗഗനചാരുതയിൽ നക്ഷത്രക്കൂട്ടങ്ങൾ മിന്നിമറയുമ്പോൾ എവിടെനിന്നോ പുഞ്ചരിതൂകി നിലാവ് ഏകാന്തമായി പാടുന്നു:

‘ച​ന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം

നിൻചിരിയിലലിയുന്നെൻ ജീവരാഗം’

തിങ്കളിൽ ജീവിതം പരിണയിച്ചിരിക്കയാണെന്ന് കവി പറയുന്നു. ശ്രീകുമാരൻ തമ്പിയുടെ പ്രശസ്തമായ ഈരടികളിൽ ചന്ദ്രകിരണം അലിഞ്ഞ് ജീവിതത്തിന് ഊടും പാവും കൈവന്നിരിക്കുന്നു. നിലാവെളിച്ചത്തിൽ പ്രശോഭിതമായിരിക്കുന്ന തീരത്ത് ജീവിക്കാൻ വെമ്പൽകൊള്ളുകയാണ് കവി. പദാവലികളുടെ മനോഹാരിതയാൽ സുരഭിലമായ

‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’

എന്ന ഗാനം വയലാറിന്റെ രചനാവൈഭവത്തിനുള്ള മികച്ച ഉദാഹരണമാണ്.

ചന്ദ്രബിംബം നെഞ്ചിലേറ്റിയ മാൻപേടയുടെ രൂപഭംഗി അതിമനോഹരമായാണ്

‘ച​ന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ’

എന്ന ഗാനത്തിൽ കവി വർണിച്ചിരിക്കുന്നത്. ചന്ദ്രന്റെ പ്രതിബിംബം നെഞ്ചിലേറ്റി മാൻ ചേക്കേറിയത് നെഞ്ചിലേക്കാണ്. ‘പുള്ളിമാൻ’ എന്ന ചിത്രത്തിലെ ഈ ഗാനം വളരെ പ്രശസ്തമാണ്.

പാതിരാവിൽ നിലാവ് മായുന്നത് വള​രെ ഭംഗിയായാണ് ഈ ഗാനത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അന്തിവെളിച്ചം ഭാവനകളിൽ വിരിയുന്നത് വളരെ ആലങ്കാരികമായാണ്. ‘പാർവണേന്ദുവിൻ ദേഹമടക്കിപ്പാതിരാവിൻ കല്ലറയിൽ’ എന്ന ഗാനരചനയിൽ തിങ്കളിന്റെ ചാരുത അവർണനീയമാണ്. ‘ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി’ എന്ന് തുടങ്ങുന്ന പാട്ടിൽ ഇന്ദുവിനെ ഉപമിച്ചിരിക്കുന്നത് ചന്ദനത്തോടും പൂവിനോടുമാണ്. ചന്ദനനിലാവെളിച്ചം അനിർവചനീയമാകുന്നത് ഒ.എൻ.വിയുടെ അനശ്വര രചനാ പാടവത്തിലൂടെയാണ്.

അമ്പിളിമാമനെ തിരമാലകളിൽ നീരാടിക്കളിക്കുവാൻ മാടിവിളിച്ചുകൊണ്ടിരിക്കുന്നു ‘ചന്ദാമാമാ ചന്ദ്രകാന്ത കപ്പടവിൽ വാ... വാ...’ എന്ന ഗാനത്തിൽ. ആഗ്രഹങ്ങൾ പലതും നിറവേറ്റിത്തരാമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് ഈ പാട്ടിലുടനീളം. പല അർഥതലങ്ങളിലേക്കും ഈ ഗാനം നമ്മെ കൊണ്ടെത്തിക്കുന്നുമുണ്ട്.

‘പിക്നിക്’ലെ ‘ചന്ദ്രക്കല മാനത്ത്...’, ‘മൂടൽ മഞ്ഞി’ലെ ‘നീ മധുപകരൂ...’, ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്പിളിപ്പൂവട്ടം പൊന്നുരുളീ...’, എന്നീ ഗാനങ്ങളിൽ തിങ്കളിന്റെ ചാരുത നിലാവെളിച്ചംപോലെ പ്ര​ശോഭിതമാണ്.

ചന്ദ്രകാന്തിയിലൂടെ സ്ത്രീയുടെ ഭംഗിയും രൂപവും അടയാളപ്പെടുത്തിയ ഗാനമാണ് ‘പരിണയ’ത്തിലെ ‘പാർവണേന്ദൂമുഖീ പാർവതീ...’ എന്ന ഗാനം. രാവിന്റെ മാതകഗന്ധം നുകരുകയാണ് ‘റംസാനി​ലെ ചന്ദ്രികയോ’ എന്ന ഗാനത്തിലൂടെ. ‘ഒരു വടക്കൻ വീരഗാഥ’യിലെ ‘ഇന്ദുലേഖ കൺതുറന്നൂ... ഇന്ന് രാവും സാന്ദ്രമായ്...’ എന്ന ഗാനം ചന്ദ്രന്റെ ആഗമനം രാവിനെ കൂടുതൽ സാന്ദ്രമാക്കുന്നു. ഇന്ദുലേഖയുടെ വരവ് ആദ്യവസാനം പാട്ടിലൂടെ നിറഞ്ഞാഘോഷിക്കുകയാണ്. അതിരില്ലാത്ത മോഹവും ആഗ്രഹവും അനർഗളമായി ഒഴുകുന്നു ‘ഇന്ദുലേഖേ... ഇന്ദുലേഖേ... ഇന്ദ്രസദസ്സിലെ നൃത്തലോലേ...’ എന്ന ഗാനത്തിൽ.

അറ്റമില്ലാതെ പരന്നുകിടക്കുന്ന ആകാശനീലിമയിൽ തിങ്കളിന്റെ കാഴ്ചകൾ പാടി വർണിക്കുകയാണ് ‘ശ്യാമാംബരം... നീളേ മണിമുകിലിൻ...’ എന്ന ഗാനത്തിൽ. ‘സല്ലാപം’ എന്ന ചിത്രത്തിലെ ‘പൊന്നിൽ കുളിച്ചുനിന്നു ചന്ദ്രികാവസന്തം’ എന്ന ഗാനത്തിൽ ചന്ദ്രനെ ഗന്ധർവന്റെ വീണയോടാണ് ഉപമിച്ചിരിക്കുന്നത്. കുട്ടിക്കാലത്തെ ഓർമകൾക്ക് പുതുജീവൻ നൽകുകയാണ് ‘അഴകിയ രാവണൻ’ എന്ന ചിത്രത്തിലെ ‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന ഗാനം.

‘കല്യാണരാമ’നിലെ ‘തിങ്കളേ...

പൂതിങ്കളേ...’, ‘വിയറ്റ്നാം കോളനി’യിലെ ‘പാതിരവായ്നേരം’..., ‘മരം’ എന്ന ചിത്രത്തിലെ ‘പതിനാലാം രാവുദിച്ചത് മാനത്തോ...’

‘കടത്തനാടൻ അമ്പാടിയിലെ’ ‘നാളെയന്തിമയങ്ങുമ്പോൾ...’, ‘മിന്നാര’ത്തി​ലെ ‘നിലാവേ മായുമോ...’ എന്നീ ഗാനങ്ങളിൽ നിലാവെളിച്ചം വ്യത്യസ്ത വർണങ്ങളിൽ പ്രഭ ചൊരിയുന്നത് കാണാവുന്നതാണ്. നിലാവിന്റെ​ ശോഭയും അലങ്കാരവും വർണനയും രൂപവും ചാരുതയും കൺകുളിർമയോടെയാണ് കവികൾ പാട്ടുകളിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിലാവെളിച്ചവും രാവും മൂവന്തിയും കവികൾക്കെന്ന​പോലെ ശ്രോതാക്കൾക്കും ഒരുപോ​ലെ ഇഷ്ടമുള്ളതാണ്. പുഞ്ചിരിതൂകുന്ന പുലരിയും പൊന്നിൽ കുളിച്ചുനിൽക്കുന്ന നിലാവും മലയാളികൾക്കും മലയാളത്തിനും എന്നും തനിമയോടെ ഹൃദയസരസ്സുകളിൽ പ്രിയങ്കരമായിരിക്കട്ടെ.

.

Tags:    
News Summary - Malayalam film music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.