അർധരാത്രിയും എസ്.പി.ബി പാടിക്കൊണ്ടേയിരുന്നു- 'മലരേ മൗനമാ...'

അർധരാത്രിയായിട്ടും എസ്.പി. ബാലസുബ്രഹ്മണ്യം പാട്ട് നിർത്തുന്നതേയില്ല. അദ്ദേഹത്തിൻെറ ശീലം അറിയാവുന്ന ഓർക്കസ്ട്രയിലെ അംഗങ്ങൾക്ക് അത്ഭുതമായി. സാധാരണ രാത്രി എട്ടിന് എസ്.പി.ബി റെക്കോർഡിങ് നിർത്താറുണ്ട്. ഇതാ പതിവെല്ലാം തെറ്റിയിരിക്കുന്നു. ഭ്രാന്തമായ ആവേശത്തോടെ അദ്ദേഹം വീണ്ടും വീണ്ടും പാടുകയാണ്- 'മലരേ മൗനമാ...' പാട്ട് ചിട്ടപ്പെടുത്തിയ വിദ്യാസാഗർ അദ്ദേഹത്തിനരികിലെത്തി പറഞ്ഞു. 'സാര്‍… ഇത് പോതും സാര്‍... ഇത് വന്ത് ഓക്കെ സാര്‍'. ഒരു ചെറുപുഞ്ചിരിയോടെ എസ്.പി.ബിയുടെ മറുപടി ഇതായിരുന്നു- 'തമ്പീ... നീ വേണം ന്നാ മൈക്ക് ഓഫ് പണ്ണിക്കോ… ഇല്ലെ ന്നാ സ്റ്റുഡിയോ ക്ലോസ് പണ്ണിക്കോ… ആനാ എനക്ക് ഇന്ത പാട്ടെ നിറുത്ത മുടിയാത്... അവളവ് പുടിച്ചിറ്ക്ക്...' കാൽ നൂറ്റാണ്ട് മുമ്പ് ഒരു ഹിറ്റ് ഗാനം പിറവിയെടുത്ത നിമിഷങ്ങളാണത്.

ശെല്‍വയുടെ സംവിധാനത്തില്‍ അര്‍ജുന്‍ നായകനായ കര്‍ണ (1995) എന്ന സൂപ്പര്‍ഹിറ്റ് തമിഴ്ചിത്രത്തിലെ 'മലരേ മൗനമാ' എന്ന ക്ലാസിക് ഗാനം രണ്ടര പതിറ്റാണ്ടിനിപ്പുറവും ഏറ്റവും മികച്ച യുഗ്മ ഗാനങ്ങളില്‍ ഒന്നായി ഇന്നും ആസ്വാദകരും നിരൂപകരും ഒരേപോലെ പരിഗണിക്കുന്നു.

ഇന്ന് പ്രമുഖ സംഗീത സംവിധായകനായ വിദ്യാസാഗറിന് തുടക്കകാലത്ത് ബ്രേക്ക് നൽകിയ പാട്ടാണിത്. തെലുങ്കില്‍ കുറച്ചധികം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചെങ്കിലും തമിഴില്‍ ഒരു സൂപ്പര്‍ഹിറ്റ് ചിട്ടപ്പെടുത്താന്‍ കഴിയാത്തതിൻെറ നിരാശയിൽ കഴിയുമ്പോളാണ് 'കർണ'യിൽ സംഗീതം പകരാനുള്ള അവസരം വിദ്യാസാഗറിന് ലഭിച്ചത്. സിനിമ തിരക്കിട്ട് റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചതോടെ ഗാനങ്ങൾ അതിവേഗം റെക്കോർഡ് ചെയ്യേണ്ടതായി വന്നു. അങ്ങിനെയൊരു ദിവസമാണ് വിദ്യാസാഗർ അടുത്ത പാട്ടിൻെറ കാര്യം സൂചിപ്പിക്കാൻ എസ്.പിയുടെ അടുത്തെത്തിയത്.

പാട്ടിൻെറ കാര്യം കേട്ടതേ എസ്.പി.ബി ചോദിച്ചു- 'തമ്പീ... ടൈം എന്നാച്ച്?' സ്റ്റുഡിയോയിലെ ക്ലോക്ക് നോക്കി വിദ്യാസാഗർ പറഞ്ഞു- 'സാർ എട്ടു മണി'. ഓർക്കസ്ട്രക്കാരും ഇത് ശ്രദ്ധിച്ച് തുടങ്ങി. രാത്രി എട്ട് മണിക്ക് ശേഷം എസ്.പി.ബി റെക്കോഡിങ് നടത്താറില്ല എന്ന് അദ്ദേഹത്തെ അടുത്തറിയുന്ന സംഗീതലോകത്തെ എല്ലാവര്‍ക്കും അറിയാം.

'നൈറ്റ് എട്ട് മണിക്കപ്പ്‌റം, എനക്ക് എന്ത സോങും പാട്‌റ പഴക്കമേ കെടയാത്'- എസ്.പി.ബി എല്ലാ സന്നാഹവും അഴിച്ചുവെച്ച് പോകാനുള്ള തിടുക്കത്തിലായി. എന്തായാലും നാളെ നോക്കാമെന്നും പറഞ്ഞു. ഈ ഒരു പാട്ട് കൂടിയെ ഉള്ളൂവെന്നും പാടണമെന്നും വിദ്യാസാഗർ കേണപേക്ഷിച്ചിട്ടും 'മുടിയാത്' എന്ന മറുപടിയിൽ തന്നെ എസ്.പി.ബി ഉറച്ചു നിന്നു.

അദ്ദേഹത്തിൻെറ ശീലങ്ങള്‍ അറിയാവുന്ന ഓര്‍ക്കസ്ട്രയിലെ തലമുതിര്‍ന്ന അംഗങ്ങളെല്ലാവരും പുതുമുഖമായ വിദ്യാസാഗറിനെ നോക്കി ഊറിച്ചിരിച്ചു. അവരെല്ലാം പായ്ക്കപ്പ് ചെയ്ത് പോകാനുള്ള തയാറെടുപ്പിലായിരുന്നു.

വിദ്യാസാഗര്‍ അവസാനശ്രമമെന്ന പോലെ എസ്.പി.ബി യോട് ഒരു കാര്യം അപേക്ഷിച്ചു. ആ പാട്ടിൽ എസ്. ജാനകി പാടിയ ഭാഗം കേൾക്കുക. എന്തെങ്കിലും മാറ്റം വേണമെങ്കിൽ നിർദേശിക്കുക. ജാനകിയമ്മ പാടിയ പോര്‍ഷനില്‍ അദ്ദേഹം എന്തെങ്കിലും മാറ്റം നിര്‍ദേശിക്കുകയാണെങ്കില്‍ അത് ശരിയാക്കി വെക്കാമെന്നും, രാവിലെ എസ്.പി.ബി വരുന്ന മുറക്ക് ഒറ്റടേക്കില്‍ തന്നെ അദ്ദേഹത്തിൻെറ ഭാഗം മുഴുവനായി തീര്‍ക്കാമെന്നുമായിരുന്നു വിദ്യാസാഗറിൻെറ പ്ലാന്‍.

ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്നുകയറിയ ആ ചെറുപ്പക്കാരനെ താനായി നിരാശനാക്കേണ്ടല്ലോ എന്ന് കരുതി പാതിമനസ്സോടെ ജാനകിയമ്മ ആലപിച്ച ആ പാട്ടിൻെറ ഭാഗം കേള്‍ക്കാന്‍ അദ്ദേഹം തയാറായി. പാട്ട് കേട്ടതും എസ്.പി.ബി കുറേ നേരം കണ്ണടച്ച് മുഖം പൊത്തി ഇരുന്നു. എന്നിട്ട് പറഞ്ഞു- 'തമ്പീ... ശീഘ്രം സ്റ്റുഡിയോ ഓണ്‍ പണ്ണുങ്കോ. ഇന്ത പാട്ട് നാന്‍ ഇപ്പവേ പാടപ്പോറേന്‍..!' ഇതുകേട്ട് ആദ്യം ഞെട്ടിയത് ഓർക്കസ്ട്രക്കാരാണ്. സംഗീതലോകത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള എസ്.പി. ബാലസുബ്രഹ്മണ്യം ജീവിതത്തില്‍ ആദ്യമായി ഒരു പാട്ട് രാത്രി എട്ട് മണിക്ക് ശേഷം പാടാന്‍ ഒരുങ്ങുകയാണ്!

ആദ്യ ടേക്കിൽ തന്നെ അദ്ദേഹം പാട്ട് ശരിയാക്കി. പാട്ട് കേട്ട് കണ്ണും മനസ്സും നിറഞ്ഞ് നിന്ന വിദ്യാസാഗറിനോട് അദ്ദേഹം പറഞ്ഞു- 'തമ്പീ... എനക്ക് ഇന്ത പാട്ട് ഒരു വാട്ടി കൂടി പാടണം'. പാട്ട് ഒകെ ആണെന്ന് വിദ്യാസാഗർ പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല.

'ഇന്ത പാട്ട് എനക്ക് അവളവ് പുടിച്ചിരിക്ക്. നാന്‍ ഇത് വീണ്ടും പാടിയേ ആകണം' എന്ന നിലപാടിൽ എസ്.പി.ബി ഉറച്ചു നിന്നു. സ്റ്റുഡിയോ വാടകയും താൻ നൽകിക്കോളാം എന്ന് പറഞ്ഞും അദ്ദേഹം വിദ്യാസാഗറിനെ ആശ്വസിപ്പിച്ചു.

Full View

എസ്.പി.ബി പാടി. ഒരു വട്ടമല്ല, പലവട്ടം. വീണ്ടും വീണ്ടും പാടി കേട്ടപ്പോള്‍ വിദ്യാസാഗര്‍ വിചാരിച്ചു. ഇതാണ് ആ പാട്ടിൻെറ പരമാവധിയെന്ന്. പക്ഷേ, എസ്.പി.ബി പിന്നെയും പിന്നെയും പുതിയ ഭാവങ്ങള്‍ ചേര്‍ത്ത് ഒരു ഭ്രാന്തനെപ്പോലെ പാടിക്കൊണ്ടേയിരുന്നു. അര്‍ധരാത്രി ആകാറായപ്പോള്‍ വിദ്യാസാഗര്‍ എസ്.പി.ബിയുടെ അടുത്തു ചെന്നു 'പോതും സാർ' എന്ന് പറഞ്ഞിട്ടും അദ്ദേഹം നിർത്തിയതേയില്ല. ഈ പാട്ട് അത്രക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിൻെറ ശബ്ദം ഇടറി. സന്തോഷം കൊണ്ട് കരഞ്ഞു പോയ വിദ്യാസാഗറിനെ ചേർത്തു പിടിച്ച് എസ്.പി.ബി അനുഗ്രഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.