ഒരു പാട്ടുകൊണ്ടു നടന്ന ദൂരങ്ങള്‍ !

ചില മണങ്ങളുണ്ട്. അതിനങ്ങനെ സമയമൊന്നുമില്ല. എപ്പോഴും എങ്ങനെയും എവിടെനിന്നും പൊങ്ങിവരും. 
ചിലപ്പോൾ അതിനൊരു പാട്ടുമതി. ചിലപ്പോള്‍ ഒരു സിനിമാ ഓര്‍മ. ഇഷ്ടപ്പെട്ട ഒരു ചങ്ങാതിയോര്‍മ. ജീവിതത്തിലെന്നോ കണ്ടൊരു പൂവ്. ഒരു ശലഭം. സ്വപ്‌നത്തില്‍ കണ്ടൊരു ഇടവഴിയെ ഓര്‍മിക്കുന്ന ഒരിടം. മഴ നനഞ്ഞ് നടന്ന് ചെന്നുകയറിയ ഒരു കീറ്​. ംകുഞ്ഞിക്കുട്ടികളുടെ വായ തുറന്നുള്ള ചിരി. അങ്ങനെയെന്തും. 

ഉറപ്പായും അതിനു ചാര്‍ച്ച ഇന്നുമായല്ല. അതിനു സ്വന്തക്കാര്‍  അന്നന്നത്തെ ജീവിതമല്ല. അപ്പപ്പോള്‍ വന്നു പെടുന്ന വികാരങ്ങളിലല്ല അത് പൂവുംകായുമാവുന്നത്. എല്ലാം ഇന്നലെകളിലാണ്. അതോര്‍മകളില്‍ മാത്രം വേരാഴ്ത്തി നില്‍ക്കുന്നൊരു മരം.  പണ്ടു നനഞ്ഞ മഴകളില്‍, ചെന്നുനിന്ന വെയിലടുപ്പുകളില്‍, വിറച്ചുവിണ്ട മഞ്ഞുടുപ്പുകളില്‍. അവിടെയാണതി​​​​​​െൻറ പൊറുതി. ഒരു വരിയില്‍നിന്നും ഒരു കവിതയുണ്ടാവുന്നതുപോലെ ഒരോര്‍മയുടെ ഇത്തിരി കഷണത്തില്‍നിന്നും പതഞ്ഞുപൊങ്ങും, ഗന്ധങ്ങളുടെ അതീന്ദ്രിയാനുഭവങ്ങള്‍. അതിന്റെ ചാരെ വന്നുനില്‍ക്കും, നനഞ്ഞ പൂച്ചയെപ്പോലെ പല കാലങ്ങള്‍. 

പറഞ്ഞുവന്നത് അതുതന്നെയാണ്. മണങ്ങളെ കുറിച്ച്. ഇന്നുമൊരു പാട്ടു കേട്ടു. ആ നിമിഷം, ഒക്‌ടോവിയാ പാസ് എഴുതിയത് പോലെ, ലോകമാകെ മാറി. ഗന്ധങ്ങളുടെ ഒരു നദി മുഴുവനായി ആ പാട്ടിലൂടെ പതഞ്ഞു പൊന്തി.

പാട്ടോര്‍മകളുടെ വിധിയാണത്. അതങ്ങിനെ ഗഡാഗഡിയന്‍ പാട്ടാവണമെന്നൊന്നുമില്ല. കുഞ്ഞുന്നാളിലേക്ക് കൊണ്ടു നിര്‍ത്തുന്ന ഒരു പാഴ്‌വരിയായാലും മതി. അങ്ങിനെയൊരു പാട്ട്. പണ്ടെഴുതിയ ഒരു പഴയ ലേഖനത്തില്‍നിന്നും വന്നുകയറി. എസ്.എ ജമീല്‍ എന്നൊരു മനുഷ്യനെക്കുറിച്ചുള്ള എഴുത്തില്‍നിന്നും. അതെ, ജമീല്‍.  ഉന്‍മാദത്തിനും സന്ദേഹങ്ങള്‍ക്കുമിടയില്‍ അകം പൊള്ളി, വിശ്വാസവും ഉറപ്പുകളുമാണ് താനെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചു കടന്നുപോയ വല്ലാത്തൊരു മനുഷ്യന്‍. പലര്‍ക്കുമയാള്‍ വെറുമൊരു പാട്ടുകാരനാണ്. അയാള്‍ക്കുപോലും ചിലപ്പോള്‍ അതായിരുന്നു. എന്നിട്ടും അനേകം വര്‍ഷങ്ങള്‍ കൊണ്ട് പതംവന്ന ആ ആത്മാവില്‍നിന്നു കുതറിതന്നെ നിന്നു അയാളിലെ വിള്ളലുകള്‍. ദൈവത്തിനെയും പ്രണയത്തെയും മനുഷ്യബന്ധങ്ങളെയും സ്‌നേഹത്തെയുമെല്ലാം കണക്കറ്റ് അവിശ്വസിച്ച്, എന്നാല്‍, അവയെയെല്ലാം വാനോളം പുകഴ്ത്തി പുറമേ നടന്ന ജമീല്‍ സന്ദേഹങ്ങളുടെ തീരാത്ത മരുവഴികളായിരുന്നു. 

ആ സന്ദേഹങ്ങളെയാണ് ആദ്യം കണ്ടതുമുതല്‍ സ്‌നേഹിച്ചുപോയത്. ആ സ്‌നേഹത്തിലേക്കാണ്, അയാളുടെ സ്വരത്തില്‍, പഴയ കത്തുപാട്ടു വന്നണഞ്ഞത്​. ആ കത്തുപാട്ടിലൂടെയാണ്, വാണിമേലിലെ ഇപ്പോഴില്ലാത്ത വീടുവന്നു കയറിയത്. മുറ്റത്തുനിന്നും കയറുന്ന, ഇളം മഞ്ഞ പെയിൻറടിച്ച ഉമ്മറത്തെ റെഡ് ഓക്‌സൈഡിട്ട തിണ്ണയിലിരുന്നു പാടുന്ന, വയസ്സായൊരു നാഷനല്‍ പനാസോണിക് ടേപ്പ്‌റെക്കോര്‍ഡറില്‍ മുരണ്ടുകൊണ്ടു നിന്നത്. 

എന്നാല്‍, അവിടെ തീര്‍ന്നു എല്ലാം. പാട്ടും വരികളും ആ സ്വരവും. പിന്നെ, ഇളകിയാടിയത്, വീട്ടുമുറ്റത്തെ മരങ്ങളായിരുന്നു. ഓരോ അകങ്ങളുടെയും മണം. ഉമ്മയുടെ മണം. നീറാലി എന്നു ഞങ്ങള്‍ വിളിച്ചിരുന്ന അടുക്കളയുടെ മണം. പൊരിച്ച മീനി​​​​​​െൻറ മണം.  ഒറ്റയ്ക്കാവുമ്പോള്‍ മാത്രം ചെന്നുനിന്ന ചെമ്പകമരത്തി​​​​​​െൻറ കീഴിലെ, നീറുകള്‍ കടിച്ചുകുടയുന്ന ഉടലി​​​​​​െൻറ മണം. 

ഇപ്പോഴുള്ളില്‍ അതേയുള്ളൂ. മണങ്ങള്‍! പാട്ടും ജമീലും വരികളുമെല്ലാം എങ്ങോ മറഞ്ഞു. പാതിരാവായിട്ടും മൂക്കില്‍നിന്നു പോവാത്ത ഗന്ധങ്ങളുടെ കാറ്റുവരവുകള്‍. ഇങ്ങനെ പറയുമ്പോള്‍, ആ മണങ്ങളൊന്നും അതുമാത്രമല്ല. അതൊക്കെ ഓരോ മനുഷ്യരാണ്. ഓരോ മുറികളാണ്. മുറിവുകളാണ്. ഇല്ലാതായ ഒരു വീടിനു മാത്രം തരാനാവുന്ന അഭയമാണ്. ആ വീട്ടിലെത്തിയാല്‍ മാത്രം കിട്ടുമായിരുന്ന സ്‌നേഹത്തി​​​​​​െൻറ കുഞ്ഞുകുഞ്ഞു സ്പര്‍ശങ്ങളാണ്.  പഞ്ഞിക്കായകള്‍ പൊട്ടുമ്പോലെ പറന്നുനടക്കുന്ന വെള്ള നിറത്തിലുള്ള സന്തോഷമാണ്. അലക്കു കല്ലിനരികെ, കുറ്റിക്കാടുപോലെ വളര്‍ന്നു നിന്ന മൈലാഞ്ചിച്ചെടിയുടെ ഇളകിയാട്ടം. വൈകിട്ടു മാത്രം കണ്ണു തുറക്കുന്ന അസര്‍ പൂക്കളില്‍ അന്തിവെയില്‍ വരയ്ക്കുന്ന പിങ്ക് നിറത്തിലുള്ള ചിത്രപ്പണികള്‍. 

പറയാനുള്ളത് ഇത്രയേ ഉള്ളൂ. ഒന്നും അതു മാത്രമല്ല. ഒരു പാട്ടും അതു മാത്രമല്ല. ഒരു കരച്ചിലും ഒരു ചിരിയും അതായി ജീവിച്ചു മരിച്ചുപോവുന്നില്ല. ഓർമ തൊടുന്ന നിമിഷം മുതല്‍ അവയെല്ലാം, മറ്റനേകം ജന്മങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങുന്നു. ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടാവുമെന്ന നമ്മുടെ അന്ധവിശ്വാസത്തിനേക്കാളും വിചിത്രമാണ് ജീവിതം തൊടുന്ന വേളകള്‍. 

അതിനാല്‍, ഇത് ഗന്ധങ്ങളുടെ നേരം. 
മണങ്ങള്‍ വേട്ടയ്ക്കിറങ്ങുന്ന യാമം. 

ഓർമ അതിന്റെ ഖബറു തുറന്നിറങ്ങി,ലോകത്തെ ആദ്യമായെന്നോണം അന്തംവിട്ടു കണ്ട്, കുഞ്ഞുങ്ങളെ പോലെ നടക്കാന്‍ പഠിക്കുന്ന പാതിര. 

കെ.പി റഷീദ് (ലേഖകന്‍)
 


 

Tags:    
News Summary - k p Rasheed's pattorma on S A Jameel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.