വരവായൊരാതിരയിലെ മകരനിലാവായ്...

മലയാളികൾക്ക് തമിഴന്റെ സംഗീതം ഒട്ടും അന്യമായി തോന്നാറില്ല. ബ്രദർ ലക്ഷ്മണന്റെയൊക്കെ കാലം മുതൽ നമുക്ക് തമിഴ്നാട്ടുകാരായ സംഗീത സംവിധായകരുടെ പാട്ടുകളുണ്ട്. അന്നത്തെ തമിഴ്നാട്ടിൽ ജനിച്ചു വളർന്ന ബി.എ. ചിദംബരനാഥും ആദ്യകാലം മുതൽ മലയാളത്തിൽ ഗാനങ്ങൾ ചെയ്തിട്ടുള്ള സംഗീതസംവിധായകനാണ്. എന്നാൽ, തമിഴ് സംഗീതത്തിൽ വിപ്ലവമുണ്ടാക്കിയ എം.എസ്. വിശ്വനാഥനും ഇളയരാജയും മലയാളത്തിന് അതുല്യങ്ങളായ ഗാനങ്ങൾ സമ്മാനിച്ചെങ്കിലും അവരുടെ തിരക്കുകാരണം ഇവിടെ ഒരു നിരന്തര സാന്നിധ്യമായില്ല. ജന്മംകൊണ്ടും കർമംകൊണ്ടും തമിഴ്നാട്ടുകാരനായിട്ടും മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനായി ഒരു കാലഘട്ടം അടക്കിവാണ ശ്യാമിനെപ്പോലെ പിന്നെയൊരാൾ വന്നത് എസ്.പി. വെങ്കിടേഷാണ്.

‘വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ സംഗീതമേ..’ എന്ന ഉണ്ണിമേനോൻ ഗാനം രാജാവിന്റെ മകനിലൂടെ ഹിറ്റായെങ്കിലും എസ്.പി വെങ്കിടേഷ് എന്ന സംഗീത സംവിധായകനെ മലയാളത്തിലെ സാധാരണ ഗാനാസ്വാദകർ അങ്ങനെ തിരിച്ചറിഞ്ഞിരുന്നില്ല. സാധാരണ അന്യഭാഷകളിൽനിന്ന് കടന്നുവരുന്നവർക്ക് ആദ്യഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാൽ, അങ്ങനെയൊരു വൻസ്വീകാര്യത ലഭിക്കാൻ എസ്.പിക്ക് രണ്ടു മൂന്നു വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നു. ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കുകയും കന്നടയിലും തെലുഗിലും തമിഴിലുമൊക്കെയായി നിരവധി ഗാനങ്ങൾ ചെയ്യുകയും ചെയ്ത വെങ്കിടേഷിന് മലയാളത്തിൽ ആദ്യം അവസരം നൽകിയ തമ്പി കണ്ണന്താനത്തിന്റെതന്നെ ഇന്ദ്രജാലത്തിൽ മലയാളത്തിന്റെ പതിവുശൈലിയിൽനിന്ന് വ്യത്യസ്തമായ ഗാനങ്ങളുമായി വെങ്കിടേഷ് വന്നതോടെ സാധാരണ ഗാനാസ്വാദകർതന്നെ അന്വേഷിച്ചു, ആരാണീ സംഗീത സംവിധായകനെന്ന്.

മലയാളത്തിൽ പൊതുവേ കാണാത്ത റിഥമിക്കായ പാട്ടുകൾ പുറത്തുനിന്നു വരുമ്പോൾ നാം വേഗം ശ്രദ്ധിക്കും. ‘കുഞ്ഞിക്കിളിയേ കൂടെവിടെ’ എന്ന എം.ജി. ശ്രീകുമാർ പാടിയ ഗാനം അങ്ങനെ വേഗം മലയാളത്തിൻ ശ്രദ്ധ നേടി. എസ്.പി. വെങ്കിടേഷിന്റെ സംഗീതത്തിന്റെ തുടക്കം മാൻഡലിനിൽനിന്നും പിന്നെ അദ്ദേഹത്തിന് പ്രിയപ്പെട്ട ഗിറ്റാറിൽനിന്നുമാണ്. പിതാവ് പളനി മാൻഡലിൻ വാദകനായിരുന്നു. ഗിറ്റാറിനോട് ഏറെ സാമ്യമുള്ളതും കർണാടക സംഗീതത്തിന് വഴങ്ങുന്നതുമാണ് മാൻഡലിൻ.

ഗിറ്റാറിൽ വായിച്ചാണ് വെങ്കിടേഷ് ഈണങ്ങൾ ഒരുക്കിയിരുന്നത്. എസ്.പി. വെങ്കിടേഷ് എന്ന് കേൾക്കുമ്പോൾ ഏതു മലയാളിയുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് അദ്ദേഹത്തി​ന്റെ ഒട്ടുമിക്ക പാട്ടുകളിലും കേൾക്കാറുള്ള ഏതാണ്ട് ഒരേ താളം ഫോളോ ചെയ്യുന്ന ആ ഗിറ്റാർ ഈണമാണ്. കിഴക്കൻ പത്രോസിലെ ‘പാതിരാക്കിളീ’ എന്ന ഗാനത്തിന്റെയൊപ്പമൊക്കെ കേൾക്കാറുള്ള ആ ഈണം ഈ ഗാനത്തെ നമ്മുടെ പ്രിയപ്പെട്ട ഓണപ്പാട്ടുമാക്കി.

താളം കൊണ്ടു പൊതിഞ്ഞ മെലഡികളാണ് അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളും. ഇന്ദ്രജാലത്തിനു ശേഷം വെങ്കിടേഷിന്റെ ജൈത്രയാത്രയായിരുന്നു വർഷങ്ങളോളം മലയാളത്തിൽ. തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തെ തേടി സംവിധായകനും നിർമാതാക്കളും ക്യൂ നിന്നു. അതുകൊണ്ട് അദ്ദേഹത്തിന് പതിവുശൈലിയിൽനിന്ന് വ്യത്യസ്തമായി തന്റെ സംഗീതജ്ഞാനം നന്നായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ധാരാളം പാട്ടുകൾ ചെയ്യാൻ കഴിഞ്ഞു. ഇതിൻ ഏറ്റവും ഗ്രദ്ധേയമായ ഗാനങ്ങളായിരുന്നു അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്ത ‘പൈതൃക’ത്തിലെ ഗാനങ്ങൾ. ആനന്ദഭൈരവി എന്ന രാഗത്തിന്റെ മനോഹാരിതയെക്കുറിച്ച് പറയുന്ന ഒരു സംഗീത ചർച്ചയിലും ഇതിലെ ‘വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂമണമൊഴുകി’ എന്ന ഗാനം പരാമർശിക്കാതിരിക്കാനാവില്ല. അത്രമേൽ ആ രാഗത്തിന്റെ ചാരുത നിഴലിക്കുന്ന ഗാനമാണിത്. ‘സീതാ കല്യാണ വൈഭോഗമേ’ എന്ന ത്യാഗരാജന്റെ ഉത്സവസാമ്പ്രദായ കൃതി സാധാരണക്കാർക്കുപോലും പരിചിതമാക്കിയത് ഈ ചിത്രത്തിലൂടെ അത് യേശുദാസ് പാടിയതുകൊണ്ടാണ് എന്ന് പറയാതിരിക്കാനാവില്ല.

നീലാംബരിയുടെ സൗന്ദര്യം ഒരു വെസ്റ്റേൺ കോഡിങ്ങിലൊതുക്കി നമ്മുടെ പരമ്പരാഗത താരാട്ടുപാട്ടുപോലെ മനോഹരമാക്കി ഗാനാസ്വാദകരെ വിസ്മയിപ്പിച്ച ഗാനമാണ് ‘കിലുകിൽ പമ്പരം’ എന്ന കിലുക്കത്തിലെ ഗാനം. ഹൈപിച്ചിലും` ഒരു താരാട്ടുപാട്ട് ചെയ്യാമെന്ന് വെങ്കിടേഷ് തെളിയിച്ചു. ഈ ഗാനത്തിന്റെ പല നോട്ടുകളും ഹൈപിച്ചില്ലാണ് എന്നത് ശ്രദ്ധേയം. എന്നാൽ, ഹൈനോട്ടുകൾ പരമാവധി കുറച്ച് താളാത്മകത നന്നായി നിലനിർത്തിയാണ് വാത്സല്യത്തിലെ ‘താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം’ എന്ന മറ്റൊരു ശ്രദ്ധേയമായ ഗാനം അദ്ദേഹം അണിയി​ച്ചൊരുക്കിയത്.

 

സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലയെങ്കിലും എല്ലാ ഗാനങ്ങളും ഒരു പോലെ മനോഹരങ്ങളാക്കാനും അവയെല്ലാം ഹിറ്റാക്കാനും കഴിയുന്ന അപൂർവത അവകാശപ്പെടാവുന്നതാണ് അദ്ദേഹത്തിന്റെ ‘തുടർക്കഥ’ എന്ന ചിത്രത്തിലെ ഗാനങ്ങൾ. ‘ആതിര വരവായി’ എന്ന ആദ്യഗാനം മുതൽ അതിലെ എല്ലാ ഗാനങ്ങളും ഇന്നും ഓർമിക്കപ്പെടുന്നതാണ്. ആവശ്യത്തിലേറെ ഗാനങ്ങളുള്ള സിനിമയിലെ പാട്ടുകളെല്ലാം റെക്കോഡ് ചെയ്ത കഴിഞ്ഞപ്പോൾ വെറുതെ ഗിറ്റാറെടുത്ത് ഒരു ട്യൂൺവായിച്ചത് കേട്ടിട്ടാണ് ചിത്രത്തിൽ അതുകൂടി പാട്ടാക്കണമെന്ന് സംവിധായകൻ തമ്പി കണ്ണന്താനം വെങ്കിടേഷിനെ നിർബന്ധിക്കുന്നത്. തിരിച്ചു പോകാനൊരുങ്ങിയ ഒ.എൻ.വിയെ നിർബന്ധിച്ച് അപ്പോൾതന്നെ ഒരു പല്ലവി എഴുതി വാങ്ങുകയും ചെയ്തു കണ്ണന്താനം. ആ ഗാനമാണ് ‘മാണിക്യകുയിലേ നീ കാണാത്ത കാടുണ്ടോ’ എന്ന ഗാനം. ഇതും വൻ ഹിറ്റായ ഗാനമാണ്.

ക്ലാസിക്കൻ സംഗീതത്തിൽ നല്ല അവഗാഹമുള്ള വെങ്കിടേഷ് പാട്ടുകാർക്ക് വെല്ലുവിളിയുയർത്തുന്ന അത്തരം ഗാനങ്ങളും ചെയ്തിട്ടുണ്ട്. നാടോടിയിലെ ‘നാദം മണിനാദം പ്രണവ ശ്രീ മണിനാദം’ അത്തരത്തിലുള്ള ഒരു ഗാനമാണ്. സ്വരങ്ങളും ജതികളുമൊക്കെ കോർത്തിണക്കിക്കൊണ്ട് നാഗ നൃത്തത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കായ ഗാനമാണിത്. ജോണി വാക്കർ, എന്നോടിഷ്ടം കൂടാമോ തുടങ്ങിയ ചിത്രങ്ങളിലെ വെ​േസ്റ്റൺ പശ്ചാത്തലത്തിന്റെ ഗാംഭീര്യമുക്കൊള്ളുന്ന പാട്ടുകളൊക്കെ ധൈര്യമായി ഏൽപിക്കാവുന്ന പ്രതിഭയായിട്ടാണ് അന്ന് വെങ്കിടേഷിനെ സിനിമാലോകം കണ്ടിരുന്നത്.

തന്റെ പാട്ടുകൾ യേശുദാസ് തന്നെ പാടണം എന്നൊന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നില്ല. ഒരു സംവിധായകന്റെ ആത്മവിശ്വാസമായിരുന്നു അത്. അന്ന് പുതിയ ഗായകനായിരുന്ന ബിജു നാരായണന് ഏറ്റവും കൂടുതൽ പാട്ടുകൾ നൽകിയിരുന്നത് വെങ്കിടേഷായിരുന്നു. പുതിയ മില്ലേനിയം വന്നണഞ്ഞതോടെ പാട്ടിന്റെ സംസ്കാരം ഒരു പാട് മാറുകയും ധാരാളം പേർ കടന്നുവരുകയും ചെയ്തതോടെ സീനിയറായ പലർക്കും പിൻവാങ്ങേണ്ടി വന്നു. അങ്ങനെ കാലത്തിന്റെ ഒരനിവാര്യതയിൽ പല പ്രമുഖരും കളം മാറിയതുപോലെ വെങ്കിടേഷും മലയാളത്തിൽ നിന്നകന്നു.

എന്നാൽ, തമിഴ്നാട്ടിൽ ജനിച്ച് കേരളത്തിന്റെ പ്രിയ കൂട്ടുകാരനായി മാറിയ വെങ്കിടേഷ് ഇവിടെ നിന്നു നേരെ പോയത് ബംഗാളിലേക്കാണ്. കുറെകാലത്ത് അവിടെ തിരക്കുള്ള സംഗീത സംവിധായകനായി അദ്ദേഹം മാറുകയും ചെയ്തു. 2008ൽ കേരളത്തിൽനിന്ന് സ്​പോർട്സ് റിപ്പോർട്ടിങ്ങിനെത്തിയ പത്രപ്രവർത്തകർ വെങ്കിടേഷിനെ കൊൽക്കത്തയിലെ വെങ്കിടേശ്വര ഹോട്ടലിൽ വച്ച് കണ്ട് അത്ഭുതപ്പെട്ടു. അന്നാണ് അവരറിയു​ന്നത് അ​ദ്ദേഹം ബംഗാളി ഗാനങ്ങളൊരുക്കി അവിടെയും തന്റെ മുദ്ര പതിപ്പിക്കുകയായിരുന്നു എന്ന്. അന്ന് അവരോട് സ്നേഹം പങ്കിട്ടാണ് നമുക്ക് എക്കാലത്തുമോർക്കാനുള്ള നല്ല ഗാനങ്ങൾ സമ്മാനിച്ച പ്രിയ സംഗീതജ്ഞൻ മലയാളി സംഘത്തെ യാത്രയാക്കിയത്.

Tags:    
News Summary - S.P. Venkatesh Musical Career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.