ഡോ. ഹമീദ് കാരശ്ശേരി

‘വിധി’ വർത്തമാനങ്ങൾ

കേരളം വീണ്ടും സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആരവത്തിലേക്കടുക്കുകയാണ്. പ്രതിഭകൾ മാറ്റുരക്കുന്ന മത്സര ഇനങ്ങളിൽ ‘ഉർദു’ ഇനങ്ങൾ എന്നും വേറിട്ടുനിൽക്കാറുണ്ട്. പൊതുവെ മത്സരാർഥികൾ കുറവാകും എന്ന് പലരും കണക്കാക്കുന്ന വിഭാഗമാണിത്. പക്ഷേ, മത്സരിക്കാനെത്തുന്ന കുട്ടികളുടെ എണ്ണം കണ്ടാൽ ഞെട്ടിപ്പോവുകയും ചെയ്യും. കലോത്സവ വേദികളിൽ കഴിഞ്ഞ 40 വർഷക്കാലം ഉർദു വിധികർത്താവായി സേവനം ചെയ്യുന്ന ഒരാളുണ്ട് -ഡോ. ഹമീദ് കാരശ്ശേരി. 1979-’80കൾ മുതലുള്ള ഒരു ‘വിധികർത്താവിന്റെ’ അനുഭവങ്ങൾ...

കവിതയിൽനിന്ന് ഗസലിലേക്ക്

സമൂഹമാധ്യമങ്ങളില്ലാത്ത, ഉർദു പ്രസിദ്ധീകരണങ്ങൾ വേണ്ടതുപോലെ ലഭ്യമല്ലാത്ത കാലം. അന്ന് ഡോ. അല്ലാമാ ഇക്ബാൽ കവിതകൾ മാത്രം കേന്ദ്രീകരിച്ചുള്ള കവിതാലാപന മത്സരമായിരുന്നു അധികവും നടന്നിരുന്നത്. പരിന്ധേകീ ഫരിയാദ്, ജുഗ് നു, തറാനെ ഹിന്ദി, ഹംദർദീ തുടങ്ങിയ ഇക്ബാൽ കവിതകളായിരുന്നു കൂടുതൽ. പിന്നീട് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ കവിതാവതരണം വന്നുതുടങ്ങി. ഉർദു കാവ്യപുസ്തകമായ ‘നുകൂഷേ അദബി’ലെ പ്രശസ്ത കവികളുടെ കവിതകൾ ട്യൂൺ ചെയ്ത് അധ്യാപകർ കുട്ടികളെ പരിശീലിപ്പിച്ചു.

1985-90 കാലഘട്ടത്തിലെത്തിയപ്പോൾ പദ്യംചൊല്ലൽ മത്സരങ്ങളിൽ മിർസാ ഗാലിബ്‌ ഗസലുകൾ കൂടുതൽ വന്നുതുടങ്ങി. ഗസൽ ആലാപനത്തിനായി പ്രത്യേക മത്സരം അന്നുണ്ടായിരുന്നില്ല. ഇത്രയേറെ ഗസലുകൾ ആലപിക്കുന്ന പരിപാടി മറ്റെങ്ങും കാണാനും കഴിയില്ലായിരുന്നു. അതുകൊണ്ടുകൂടിയാണ് ‘ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം’ വിശേഷണമെല്ലാം നമ്മുടെ കലോത്സവത്തിന് ലഭിക്കുന്നത്.

2010 മുതൽ ഗസൽ ഒരു പ്രത്യേക മത്സരയിനമായിത്തന്നെ കലോത്സവത്തിൽ ഉൾപ്പെടുത്തി.ഇതോടൊപ്പം ഉർദു സംഘഗാനവും കഥ, കവിത, ഉപന്യാസം, ക്വിസ് തുടങ്ങിയ മത്സരവും പൊതു വിഭാഗത്തിലായി നടന്നു. ഉർദു ഇനങ്ങൾ, പ്രത്യേകിച്ച് ഗസൽ കലോത്സവത്തിന്റെ പ്രധാന ആകർഷക ഇനമായി മാറി. ഉർദു ഭാഷയുടെ ബഹുസ്വരത ഉയർത്തിപ്പിടിക്കാനും സംഗീതസാന്ദ്രമായ ഉർദു ഭാഷ പരിചയപ്പെടാനും എല്ലാവർക്കും സാധിച്ചുവെന്നതാണ് ഇതുകൊണ്ടുണ്ടായ നേട്ടം. സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ പുതുമയുള്ള കവിതകൾ മത്സര രംഗത്തേക്ക് വന്നു. ഫൈസ് അഹ്‌മദ്‌ ഫൈസ്, മോമിൻ ഖാൻ മോമിൻ, മൗലാനാ മുഹമ്മദലി ജൗഹർ, ഷക്കീൽ ബദായൂനി, അഹ്മദ്‌ ഫറാസ്, ഹസ്രത് മോഹാനി, ബഹദൂർഷാ സഫർ, സുദർശൻ ഫഖീർ, മീർ തഖി മീർ തുടങ്ങിയ കവികളുടെ കവിതകളും ദേശസ്നേഹം സ്ഫുരിക്കുന്ന ദേശഭക്തി ഗാനങ്ങളും രംഗത്തെത്തി.

ശ്രദ്ധവേണം, ഓരോ വരിയിലും

30 വർഷത്തെ വിധിനിർണയ പരിചയത്തിൽ വിദ്യാർഥികളോട് പറയാൻ ചില കാര്യങ്ങളുണ്ട്. മത്സരാർഥികൾ ശ്രദ്ധിക്കേണ്ടത് ആശയവ്യക്തത, തനത് ശൈലി, ഉച്ചാരണശുദ്ധി, സാഹിത്യ പ്രാധാന്യം തുടങ്ങിയവയിലാണ്. ഗസലുകളും പദ്യങ്ങളും യുട്യൂബിൽനിന്നെടുത്ത് ഉർദു വരികൾ മലയാളത്തിലെഴുതി പഠിക്കുമ്പോൾ ഉച്ചാരണപ്പിശകുകളുണ്ടാകും. ആശയവ്യക്തതയും തനത് ശൈലിയും നഷ്ടപ്പെടാനും ഇത് കാരണമാകും. ആശയ ഗ്രാഹ്യവും ഉച്ചാരണ ശുദ്ധിയും ശൈലിയും ആലാപനത്തിൽ അനിവാര്യമാണ്. സംഗീതത്തിന്റ അതിപ്രസരമുള്ളതുകൊണ്ട് ചിലപ്പോഴൊക്കെ വരികൾ ഒട്ടും വ്യക്തമല്ലാതെ പോകാറുണ്ട്. ഇത് വിധികർത്താക്കളെ വലക്കും.

ഉർദു സാഹിത്യം അറിയുന്നവരെക്കൊണ്ട് പരിശോധിപ്പിച്ച് പരിശീലിച്ചാൽ ആശയ വ്യക്തതയോടെ, അക്ഷര സ്ഫുടതയോടെ അവതരിപ്പിക്കാനാകും. ശോകമായി പാടേണ്ട പാട്ടുകൾ സന്തോഷത്തോടെയും സന്തോഷം ജനിപ്പിക്കേണ്ട പാട്ടുകൾ ശോകത്തോടെയും പാടേണ്ടിവരുന്നത് കവിതയുടെ ആശയം അറിയാത്തതുമൂലമാണ്. ചൊല്ലുന്ന കവിതയുടെ ആശയം നിർബന്ധമായും കുട്ടികൾ അറിയണം.

ജനപ്രിയമാകുന്ന ഗസലുകൾ

ഉർദു ഭാഷയുടെ ഏറ്റവും ജനപ്രിയ കാവ്യവിഭാഗമായ ഗസൽ കലോത്സവ വേദിയിലെ പ്രധാന ഇനമാണ്. വളരെയധികം ശ്രുതിമാധുര്യമുള്ള ഗസൽ ഗാനാലാപന മത്സരത്തിന് ഉർദു പഠിക്കാത്ത വിദ്യാർഥികളും പങ്കെടുത്ത് വിജയിച്ചുവരാറുണ്ട്. ഗസൽ ആലാപന മത്സരത്തിന് തയാറാകുന്ന മത്സരാർഥികൾ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. തെരഞ്ഞെടുക്കുന്ന ഗസൽ സഹിത്യ പ്രാധാന്യമുള്ളവയായിരിക്കണം എന്നതാണ് പ്രധാനം. പ്രശസ്ത കവികളുടെ ഗസലുകൾ തെരഞ്ഞെടുക്കുന്നതുതന്നെയാണ് നല്ലത്. ഉച്ചാരണശുദ്ധിയും ഭാഷയുടെ തനത് ശൈലിയും ആശയവ്യക്തതയും അനിവാര്യമാണ്. മിക്ക കുട്ടികൾക്കും തെറ്റുന്നത് ഇവിടെയാണ്. ഭാഷയും സാഹിത്യവും അറിയുന്ന ആളുകളുടെ ശിക്ഷണവും ഗുണംചെയ്യും. സംഗീത ഉപകരണങ്ങൾ ആവാമെന്നാണ് മാന്വലിൽ പറയുന്നത്. പലപ്പോഴും ഗസൽ ആലാപന മത്സരങ്ങളിൽ സംഗീതോപകരണങ്ങളുടെ ശബ്ദം കാരണം ഗസൽ ശരിക്കും കേൾക്കാതെ പോകാറുമുണ്ട്്. കവിയുടെ തൂലികാനാമത്തോടെ അവസാനത്തെ ഈരടിക്കാണ് ‘മക്ത’ എന്നു പറയുന്നത്. മക്തയുള്ള ഗസൽ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മിക്ക മത്സരാർഥികളും ഗസൽ യൂട്യൂബിൽ നിന്ന് കേട്ട് അതേപോലെ അനുകരിക്കാൻ ശ്രമിക്കുകയാണ് ചെയ്യാറ്. സ്വന്തമായ പുതിയ ട്യൂൺ കണ്ടെത്താനുള്ള ശ്രമവും വേണം.

വിധിനിർണയവും മത്സരയിനങ്ങളും

വിധിനിർണയം വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. വൈലോപ്പിള്ളിയെപ്പോലെ പ്രതിഭാധനരായ സാഹിത്യകാരന്മാർ വിധിനിർണയിച്ചിരുന്ന പാരമ്പര്യമുള്ള ഈ മേഖലയിൽ കൃത്യമായി വാല്യു പോയന്റ് അറിഞ്ഞ് സൂക്ഷ്മമായി വിധി നിർണയിക്കുന്ന രീതി നടക്കുന്നില്ല എന്നൊരു ആക്ഷേപം ഉയർന്നുവരുന്നുണ്ട്. ഇതിന്റെ മറുവശംകൂടി കാണാതിരുന്നുകൂടാ. വലിയ തുക ചെലവാക്കി പരിശീലിച്ചുവരുന്ന കുട്ടിക്ക് പ്രമോഷൻ കിട്ടാതെ വരുമ്പോൾ പരിശീലകരും രക്ഷിതാക്കളും വിധികർത്താക്കളെ ചോദ്യംചെയ്യാൻ വരാറുണ്ട്. ഇത്തരം അനാരോഗ്യകരമായ അവസ്ഥക്ക് കാരണം ഉർദു സാഹിത്യത്തെക്കുറിച്ചോ ഉച്ചാരണ സ്ഫുടതയെക്കുറിച്ചോ തനത് ശൈലിയെക്കുറിച്ചോ അറിയാത്തതാണ്. വിധികർത്താക്കളെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവംവരെ ഉണ്ടായിട്ടുണ്ട്.

ഗസൽ, പദ്യംചൊല്ലൽ, സംഘഗാനം തുടങ്ങിയ മത്സരങ്ങളിൽ കവിത തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകിച്ച് ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിലുള്ളവർ പ്രൈമറി നിലവാരത്തിലുള്ള റൈംസ് പോലുള്ള പദ്യങ്ങൾ തെരഞ്ഞെടുക്കാതെ സാഹിത്യ സമ്പുഷ്ഠതയുള്ള ശ്രദ്ധേയമായ കവികളുടെ കവിതയായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഉർദു രചനയിലും ഗാനമത്സരങ്ങളിലും മലയാളി വിദ്യാർഥികൾ വിജയിക്കുന്നുണ്ടെങ്കിലും ഉർദു പ്രസംഗത്തിൽ അന്തർ സംസ്ഥാനക്കാരായ വിദ്യാർഥികളാണ് മുൻപന്തിയിലെത്തുന്നത്.

Tags:    
News Summary - 'Destiny' Presents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.