കവർച്ച കേസിൽ കൊലക്കേസ് പ്രതികൾ ഉൾപ്പെടെ ക്വട്ടേഷൻ സംഘം പിടിയിൽ

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജിൽ താമസിച്ചിരുന്ന കൊച്ചി മെട്രോ ജീവനക്കാരനായ ചെങ്ങന്നൂർ സ്വദേശി സന്തോഷിനെ മദ്യം നൽകിയ ശേഷം ദേഹോപദ്രവം ഏൽപിച്ച് ആഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ അഞ്ചു പേർ പൊലീസ് പിടിയിലായി.

അടൂർ സ്വദേശി ജാങ്കോ എന്നു വിളിക്കുന്ന അനൂപ് (30), നൂറനാട് സ്വദേശികളായ വട്ടോളി എന്നു വിളിക്കുന്ന അനൂപ് (26), ശ്യം (24), വിഴിഞ്ഞം പുല്ലൂർക്കോണം സ്വദേശി ആമ്പൽ എന്ന് വിളിക്കുന്ന മുഹമ്മദ്‌ യുസുഫ് (25), തൃശൂർ കല്ലൂർ സ്വദേശി മാടപ്രാവ് എന്നു വിളിക്കുന്ന അനൂപ് (33) എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിന്‍റെ പിടിയിൽ ആയത്.

ഒരു ക്വാട്ടേഷന് പരിപാടിക്കായി തൃശൂർ പോകും വഴി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജിൽ തങ്ങിയ സമയത്താണ് പ്രതികൾ പരാതിക്കാരനെ കാണുന്നതും പരിചയ പെടുന്നതും. ഇയാളുടെ കഴുത്തിൽ കിടന്ന 8 പവൻ വരുന്ന സ്വർണ മാലയും, 6 പവൻ വരുന്ന വളയും മോതിരവും കണ്ട പ്രതികൾ ഇയാളുമായി കൂടുതൽ അടുപ്പത്തിൽ ആകുകയും മദ്യത്തിൽ നൈട്രോസപം ഗുളിക കലർത്തി കുടിപ്പിച്ചു അവശനാക്കിയ ശേഷം കഴിഞ്ഞ 9നു രാത്രി സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു മുങ്ങുകയായിരുന്നു. പിന്നീട് ആഭരണങ്ങൾ തിരിച്ചു കൊടുക്കാം എന്നു പറഞ്ഞു ചെങ്ങന്നൂരിൽ വിളിച്ചു വരുത്തിയ ശേഷം കഴുത്തിൽ കത്തിവെച്ചു ദേഹോപദ്രവം ഏൽപ്പിക്കുകയും വിവരം പൊലീസിൽ അറിയിച്ചാൽ കൊന്നുകളയും എന്ന് ഭീഷണി പെടുത്തുകയും ചെയ്തു.

പിന്നീട് ഇയാളിൽ നിന്നും വിവരം അറിഞ്ഞ ഇയാളുടെ സുഹൃത്തുക്കൾ വഴി നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ലോഡ്ജിൽ മുറിയെടുത്ത സമയം നൽകിയ തിരിച്ചറിയൽ രേഖകളും ഫോൺ നമ്പറുകളും വ്യാജമായിരുന്നതിനാൽ ഇവരെ കണ്ടെത്തുക പ്രയാസമായിരുന്നു. ഒടുവിൽ ഇവർ വന്ന വണ്ടി നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വഷണത്തി നൊടുവിൽ പല സ്ഥലങ്ങളിൽ ആയി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അടൂരിലെ ലോഡ്ജിൽ നിന്നും പിടി കൂടുകയായിരുന്നു.

മാടപ്രാവ് എന്നു വിളിക്കുന്ന തൃശൂർ കല്ലൂർ സ്വദേശി അനൂപിന് ഒല്ലൂർ സ്റ്റേഷനിൽ കൊലപാതക കേസും, ആമ്പല്ലൂർ, പുതുക്കാട് എന്നീ സ്റ്റേഷനുകളിൽ വധശ്രമ കേസുകളും, മഞ്ചേരി, കൽപ്പറ്റ സ്റ്റേഷനുകളിൽ കവർച്ച കേസും, കുഴൽപ്പണ കേസും, മോഷണ കേസുകളും, ജാങ്കോ എന്നു വിളിക്കുന്ന അടൂർ സ്വദേശി അനൂപിന് അടൂർ സ്റ്റേഷനിൽ കൊലപാതക കേസും, നിരവധി വധശ്രമ കേസുകളും, വട്ടോളി എന്നു വിളിക്കുന്ന നൂറനാട് സ്വദേശി അനൂപിന് പന്തളം സ്റ്റേഷനിൽ മാലപൊട്ടിക്കൽ കേസും, ആമ്പൽ എന്നു വിളിക്കുന്ന വിഴിഞ്ഞം സ്വദേശി മുഹമ്മദ്‌ യൂസഫിന് മയക്കു മരുന്ന് കേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇനിയും കൂടുതൽ പ്രതികൾ പിടിയിൽ ആകാനുണ്ട്. എറണാകുളം അസിസ്റ്റന്‍റ് കമീഷണർ ലാൽജി, നോർത്ത് എസ്.എച്ച്.ഒ സിബി ടോം എന്നിവരുടെ നിർദ്ദേശ പ്രകാരം നോർത്ത് എസ്.ഐ അനസ്, മൈതീൻ, എ.എസ്.ഐമാരായ വിനോദ് കൃഷ്ണ, ബിജു, ഷാജി, സി.പി.ഒ അജിലേഷ്, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. 



.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.