????? ???????????????? ???????? ???? ??????????????

സുഡാനിയാണ് താരം

‘സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ’ എ​ന്ന ചി​ത്ര​ത്തി​ലെ സാ​മു​വ​ലെ​ന്ന പ്ര​ധാ​ന താ​ര​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ക​യാ​ണ് സാ​മു​വ​ൽ റോ​ബി​ൻ​സ​ൺ 
സെവൻസിന് പേരുകേട്ട മലബാറിൽ പ്രത്യേകിച്ച് ഫുട്​ബാളിനെ അത്രമേല്‍ അനുഭവിച്ചാനന്ദിക്കുന്ന മലപ്പുറത്തി​​​െൻറ മണ്ണിലേക്ക് അതിഥി ഫുട്ബാൾ താരങ്ങളായി വന്ന നിരവധി വിദേശ താരങ്ങളുണ്ട്. അതും പ്രത്യേകിച്ച് ഫുട്ബാളിനെ നെഞ്ചേറ്റിയ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന്. ആരാധകർ സുഡാനികളെന്നും സുഡുവെന്നും വിളിപ്പേര് നൽകി താലോലിച്ച അനേകം താരങ്ങളാണ് കാൽപ്പന്തുകളിക്കായി കേരളത്തിൽ വന്നുപോയത്. അതിരുകളില്ലാത്ത ഈ ഏറനാടന്‍ ഫുട്ബാള്‍ ഭ്രാന്ത്‌ കേരളത്തിനു സമ്മാനിച്ച സെവന്‍സ്‌ ഫുട്ബാൾ ഇന്ന് ഏറെ പ്രശസ്തമാണ്.

എന്നാൽ, ഇപ്പോൾ കഥ അങ്ങ​െനയല്ല. ഫുട്ബാൾ താരമല്ലാതിരുന്നിട്ടും മലയാളികൾക്ക് സുപരിചിതനായ ഒരു സുഡാനിയാണ് ഇപ്പോൾ താരം. മലപ്പുറത്തി​​െൻറ ഫുട്ബാൾ ലഹരി ഇതിവൃത്തമായ സിനിമക്കായി കേരളത്തിലെത്തിയ  നൈജീരിയൻ ടി.വി-സിനിമ രംഗത്ത് പ്രശസ്തനായ സാമുവൽ അബിയോള റോബിൻസൺ.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ സാമുവലെന്ന പ്രധാന താരമായി മലയാള സിനിമയിലേക്കെത്തിയിരിക്കുകയാണ് സാമുവൽ റോബിൻസൺ. വെറും രണ്ടുമാസമേ ഷൂട്ടിങ്ങിനായി കേരളത്തിൽ തങ്ങിയിട്ടുള്ളൂവെങ്കിലും സമൂഹമാധ്യമങ്ങളിലെ താരമായ സാമുവൽ അബിയോള റോബിൻസണെ മലയാളികൾ നെഞ്ചേറ്റിക്കഴിഞ്ഞു. ‘സുഡാനി ഫ്രം നൈജീരിയ’ മലപ്പുറത്തും കോഴിക്കോട്ടുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്​ത ചിത്രമാണ് ‘സുഡാനി ഫ്രം നൈജീരിയ’. ഫുട്ബാളിനെ നെഞ്ചേറ്റിയ മലപ്പുറത്തി​​െൻറ കളി ആവേശവും ആരവവുമാണ് സിനിമയുടെ പശ്ചാത്തലം.

ഹാപ്പി ഹവേഴ്സ് എൻറർടൈൻമ​​െൻറി​​​െൻറ ബാനറിൽ ഷൈജു ഖാലിദും സമീർ താഹിറും ചേർന്നാണ് ചിത്രം നിർമിച്ചത്. ഷൈജു ഖാലിദ് തന്നെയാണ് ഛായാഗ്രഹണവും. ‘നീലാകാശം പച്ചക്കടൽ ചുവന്നഭൂമി’ എന്ന സിനിമക്കുശേഷം ഹാപ്പി ഹവേഴ്സ് ഒരുക്കുന്ന ചിത്രമാണിത്​. മുഹ്സിൻ പരാരിയും സക്കരിയയും ചേർന്നാണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയത്. നൗഫൽ എഡിറ്റിങ്ങും റെക്സ് വിജയൻ ഗാനങ്ങളും ഒരുക്കിയിരിക്കുന്നു. 

സാ​മു​വ​ൽ റോ​ബി​ൻ​സ​ൺ
 

നൈജീരിയൻ സിനിമയും നേട്ടങ്ങളും
കഴിഞ്ഞ അഞ്ചുവർഷമായി നോളിവുഡിൽ (നൈജീരിയൻ സിനിമ ഇൻഡസ്ട്രി) സജീവമാണ് സാമുവൽ. 2013ൽ 15ാം വയസ്സിലാണ് അഭിനയരംഗത്തേക്ക് വരുന്നത്. ആദ്യമായി അഭിനയിച്ചത് ‘8 ബാർസ്’ എന്ന സിനിമയാണ്. ‘ഗ്രീൻ വൈറ്റ് ഗ്രീൻ’ എന്ന ചിത്രത്തിന് 21ാം നൂറ്റാണ്ടിലെ ആഫ്രിക്കയിലെ മികച്ച സിനിമക്കുള്ള നാമനിർദേശം ലഭിച്ചിരുന്നു. ഈ സിനിമ ടൊറ​​േൻറാ ഇൻറർനാഷനൽ ഫെസ്​റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. നിരവധി ടി.വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2013ൽ സെക്കൻഡറി സ്കൂൾ പഠനം പൂർത്തിയാക്കി. സിനിമയിൽ സജീവമായതിനാൽ അഭിനയത്തിനായി തുടർപഠനം തൽക്കാലം നിർത്തിവെക്കുകയായിരുന്നു.

 ‘സുഡാനി ഫ്രം നൈജീരിയ’ സാമുവലി​​​െൻറ 14ാമത്തെ സിനിമയാണ്. ആദ്യത്തെ വിദേശ സിനിമയും. 19ാം വയസ്സിൽ നൈജീരിയൻ ടീൻ ചോയ്സ് അവാർഡ് ലിസ്​റ്റിൽ സ്ഥാനംപിടിച്ചിരുന്നു. 2016ലെ മികച്ച നൈജീരിയൻ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ട ഗ്രീൻ വൗറ്റ് ഗ്രീൻ, മികച്ച ഡയറക്ടർക്കുള്ള ആഫ്രിക്കൻ  അക്കാദമി അവാർഡിനും അർഹത നേടിയിരുന്നു. ലിയനാർഡോ ഡി കാപ്രിയോയാണ് ഇഷ്​ടപ്പെട്ട നടൻ. മെർലിൻ സ്ട്രീപ് ആണ് നടി. ക്രിസ്​റ്റഫർ നോളൻ, ജെയിംസ് കാമറൂൺ, മാർട്ടിൻ സ്കോർസെസ് എന്നിവരുടെ സിനിമകളാണ് ഏറെ ഇഷ്​ടം.

ഗൂഗിളിന് നന്ദി
ഇന്ത്യൻ സിനിമയെക്കുറിച്ച് നേരത്തേ കേട്ടറിവുണ്ടായിരുന്നു. മലയാള സിനിമയിലേക്കായി അഭിനയിക്കാൻ അവസരംലഭിച്ചപ്പോൾ ഞെട്ടിപ്പോയതായി സാമുവൽ പറയുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ നിർമാതാക്കൾ സിനിമയിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കാൻ യോഗ്യനായ നൈജീരിയൻ താരത്തിനായി ഗൂഗ്​ൾ വഴി നടത്തിയ തിരച്ചിലും ആഫ്രിക്കൻ ഫിലിം ഏജൻസി വഴി നടത്തിയ അന്വേഷണവുമാണ് സാമുവലിലെത്തിച്ചേർന്നത്.

എനിക്ക് ഏറെ മിസ്​ ചെയ്യുന്നത് ‘കഞ്ഞി’
മലയാളികളുടെ ഇഷ്​ടവിഭവമായ കഞ്ഞി തന്നെ ഏറെ കൊതിപ്പിച്ചു. ഷൂട്ടിങ്ങിന് ശേഷം നാട്ടിലെത്തിയ തനിക്ക് ഏറെ മിസ്​ ചെയ്യുന്നത് കഞ്ഞി തന്നെയാണ്. പിന്നെ മട്ടൻകറിയുടെയും പത്തിരിയുടെയും രുചി നാവിൽനിന്ന് മായുന്നില്ലെന്ന് സാമുവൽ പറയുന്നു. കേരളത്തി​​െൻറ സൗന്ദര്യത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും നേരത്തേ ഒരുപാട് കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പൂർണമായും ഷൂട്ടിങ്ങി​​​െൻറ തിരക്കിലായതിനാൽ പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രങ്ങളോ സ്ഥലങ്ങളോ കാണാൻ സാധിച്ചിട്ടില്ല. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയതായി സാമുവൽ പറയുന്നു.

മികച്ച പിന്തുണയും നല്ല പെരുമാറ്റവുമായിരുന്നു. കൊച്ചി ഏറെ സുന്ദരിയാണ്​. കോഴിക്കോ​െട്ട ജനങ്ങളും മലപ്പുറത്തി​​​െൻറ ഫുട്ബാൾ ലഹരിയും തൃശൂരും തന്നെ ഹരംകൊള്ളിച്ചു. വീണ്ടും കേരളത്തിലെത്തുമ്പോൾ പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രങ്ങൾ സന്ദർശിക്കാനാവുമെന്നാണ് സാമുവലി​​​െൻറ പ്രതീക്ഷ. മലയാളഭാഷ തന്നെ പ്രയാസപ്പെടുത്തിയെങ്കിലും ‘ഗത്യന്തരമില്ലാതെ’ പഠിക്കേണ്ടിവന്നു. ‘യൊറുബ’യാണ് നൈജീരിയയിലെ ഒൗദ്യോഗികഭാഷ. മലയാളത്തിൽ മമ്മൂട്ടിയെയും ദുൽഖർ സൽമാനെയുമാണ് സാമുവലിന് ഇഷ്​ടം.

സിനിമക്കായി പഠിച്ച ഫുട്ബാൾ
ഫുട്ബാളി​​​െൻറ ബാലപാഠം അറിയാത്ത സാമുവൽ സിനിമയിലെ ‘സുഡു’വിനായി  ഫുട്ബാൾ പഠിക്കാനായി രണ്ടാഴ്ചത്തെ കഠിനപരിശ്രമമാണ് നടത്തിയത്. സിനിമക്കായി നൈജീരിയയിൽനിന്ന് കേരളത്തിലെത്തിയ ചില താരങ്ങളെ പരിചയപ്പെട്ടതായും അനുഭവങ്ങൾ ചോദിച്ചറിഞ്ഞതായും സാമുവൽ പറയുന്നു. 

തന്നെ ഫുട്ബാൾ പരിശീലിപ്പിക്കാൻ ചുമതലപ്പെടുത്തിയവരോടൊപ്പം മലപ്പുറത്തും കോഴിക്കോടുമായിരുന്നു പരിശീലനം. മലപ്പുറത്തി​​െൻറ സെവൻസ് മൈതാനത്ത് നാട്ടുകാർക്കും ടീമിലെ അംഗങ്ങൾക്കുമൊപ്പം ഫുട്ബാൾ കളി പഠിച്ചത് സാമുവലിന് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. അത്രമേൽ രസകരവും അദ്ഭുതവുമായിരുന്നു മലപ്പുറത്തി​​െൻറ ഫുട്ബാൾ കമ്പമെന്ന് സാമുവൽ പറയുന്നു. ഫുട്ബാൾ മലപ്പുറത്തിന് ലഹരിയാണെന്ന് കൂടെയുള്ളവർ പറഞ്ഞത് അനുഭവത്തിലൂടെ സാമുവൽ തിരിച്ചറിഞ്ഞു. സിനിമ ടീം അംഗങ്ങളും സംവിധായകൻ സക്കരിയയും നൽകിയ പിന്തുണ  ഏറെ സഹായകരമായിരുന്നതായി സാമുവൽ പറയുന്നു. സംഭാഷണങ്ങൾ മനസ്സിലായില്ലെങ്കിലും നിരവധി മലയാള സിനിമകളാണ് കണ്ടത്. ഇതിൽ മമ്മൂട്ടിയുടെയും ദുൽഖറി​​​െൻറയും സിനിമകളാണ് കണ്ടതിൽ ഏറെയും. 

കേരളത്തെക്കുറിച്ചും സിനിമയെക്കുറിച്ചും
ചിത്രത്തിൽ ഫുട്ബാൾ തലക്കുപിടിച്ച കഥാപാത്രമാണ് സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന മജീദ്. സ്വന്തം  സെവൻസ്  ടീമുണ്ടാക്കിയ മജീദ് നാട്ടിലെ സകല മത്സരത്തിനും ടീമുമായി പങ്കെടുക്കും. പിന്നീട് മജീദ് നൈജീരിയൻ താരമായ സാമുവലിനെ  ടീമിലെത്തിക്കുന്നതും തുടർന്ന് നാട്ടിലും മജീദി​​െൻറ ജീവിതത്തിലും ഉണ്ടാകുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. സംവിധായകരായ അമൽ നീരദ്, അൻവർ റഷീദ് എന്നിവരുമായി ഏറെ അടുപ്പം ഉണ്ടാക്കാൻ സാധിച്ചു. മലയാളത്തിലെ അഭിനയം തനിക്ക് നാട്ടിൽ മികച്ച അവസരങ്ങൾ തുറക്കാൻ കാരണമായതായി സാമുവൽ പറയുന്നു. സിനിമ മേഖലയിലെ നല്ല ബന്ധങ്ങൾക്ക് പുറമെ, കേരളത്തിൽനിന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി ഫ്രീക്കന്മാരായ ചങ്കുകളെയും കിട്ടിയതായി സാമുവൽ പറയുന്നു. 
 

Tags:    
News Summary - Sudani From Nigeria: Samual Abiola - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.