അതെ ഇർഫാൻ, നമ്മൾ ആഗ്രഹിക്കുന്നത് സമ്മാനിക്കേണ്ട ബാധ്യത ജീവിതത്തിനില്ലല്ലോ...

''വളരെ വേഗതയുള്ള ഒരു ട്രെയിനിൽ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനെ പോലെയാ യിരുന്നു ഞാൻ. അപ്പോഴാണ് പെട്ടെന്ന് ടിക്കറ്റ് പരിശോധകൻ തോളിൽ തട്ടി നിങ്ങളുടെ സ്ഥലം എത്തിയിരിക്കുന്നു, ഉടൻ ഇറങ് ങണമെന്ന് പറയുന്നത്. എന്നാൽ എന്റെ സ്റ്റോപ്പ് ഇതല്ലെന്നും എനിക്ക് ഇനിയുമധികം സഞ്ചരിക്കാനുണ്ടെന്നും ഞാൻ തിരിച് ച് പറഞ്ഞു. ആ അവസ്ഥയാണ് ഇപ്പോൾ എനിക്ക് " - കൈവിട്ട് പോയെന്ന് തോന്നിയ ജീവിതം തിരിച്ചുപിടിച്ച നാളുകളിലൊന്നിൽ ഇർഫാൻ ഖാൻ പറഞ്ഞു.

ആ യാത്ര രണ്ട് വർഷത്തോളം തുടർന്നു. ഇന്ന് "നിങ്ങളുടെ സ്ഥലം എത്തിയിരിക്കുന്നു, ഉടൻ ഇറങ്ങണം" എന്ന് ടി ക്കറ്റ് പരിശോധകൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ഇർഫാൻ ഇറങ്ങി പോകുകയും ചെയ്തു.

നൈരാശ്യം നിറയുന്ന ആ കണ്ണുകളിലൂടെ പുതിയൊരു കഥാപാത്രം ഇനി നമ്മളോട് സംസാരിക്കില്ല. വിഷാദഛവിയുള്ള ആ ചിരി നമ്മെ നെടുവീർപ്പിടുവിക്കുകയില്ല. ആൾക്കൂട്ടത്തിനിടയിലും എകാന്തത ധ്വനിപ്പിക്കുന്ന ആ ശരീരത്തിന്റെ കർക്കശ ചലനങ്ങളും ഉള്ളെരിച്ചിലും നമ്മെ വിസ്മയിപ്പിക്കില്ല. ഇതൊക്കെ ആഗ്രഹമായി അവശേഷിക്കുമ്പോഴും ഇർഫാൻ, നിങ്ങളൊരിക്കൽ പറഞ്ഞ മാർഗരറ്റ് മിച്ചലിന്റെ വാക്കുകൾ തന്നെ കടമെടുക്കട്ടെ - "നമ്മൾ ആഗ്രഹിക്കുന്നത് സമ്മാനിക്കേണ്ട ബാധ്യത ജീവിതത്തിനില്ലല്ലോ..."

തളരാൻ തയ്യാറല്ലാത്തൊരു പോരാളിയായിരുന്നു എന്നും ഇർഫാൻ. ജീവിതത്തോടും രോഗത്തോടും നിരന്തരം പോരാടിയ നായകന് വേണ്ടി സെന്റിമ​െൻറ്സും ട്വിസ്റ്റും ആവോളമുള്ള കിടിലൻ തിരക്കഥയും കാലം എഴുതി വെച്ചു. തുടക്ക സീനുകളിൽ സി.കെ നായിഡു ടൂർണമെന്റിലേക്കുള്ള രാജസ്ഥാൻ അണ്ടർ 23 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും പരിശീലനത്തിത് പോകാൻ പണമില്ലാതെ ക്രിക്കറ്റ് എന്ന ഇഷ്ടത്തെ ത്യജിച്ച 20കാരനും 'ജുറാസിക് പാർക്ക് ' എന്ന ഹോളിവുഡ് വിസ്മയം കാണാൻ സുഹൃത്തിൽ നിന്ന് പണം കടം വാങ്ങേണ്ടി വരുന്ന യുവാവുമൊക്കെയാണയാൾ.

ഇടവേള കഴിയുമ്പോൾ അതേ 'ജുറാസിക് ' പരമ്പരയുടെ നാലാം ഭാഗത്തിൽ നടനായി കാണികളുടെ കൈയടി നേടുന്നവനാക്കി നായകനെ മാറ്റുന്ന ട്വിസ്റ്റ് തിരക്കഥയിലൊളിപ്പിച്ച് വെച്ചിരുന്നു കാലം.

കായികസ്വപ്നം പാതിവഴിയിൽ ഉപേക്ഷിപ്പിച്ചതിന്റെ പ്രായശ്ചിത്തമായിരുന്നു കാലമൊരുക്കിയിരുന്ന മറ്റൊരു ട്വിസ്റ്റ്. പാൻ സിങ് തോമറെന്ന കായികതാരമായി പകർന്നാടി രാജ്യത്തെ മികച്ച നടനാകുന്ന സീനിലും നായകൻ കൈയടി നേടി.

അഭിനയത്തിന്റെ പുതിയ ക്രീസിൽ ബോളിവുഡിലും ഹോളിവുഡിലും മികച്ച ഇന്നിങ്ങ്സ് തുടരുമ്പോഴാണ് 2018ൽ ക്ലൈമാക്സിലേക്ക് നയിക്കുന്ന വില്ലനായി ന്യൂറോ എൻഡോക്രൈൻ ട്യൂമർ രംഗ പ്രവേശനം ചെയ്യുന്നത്. അപൂർവ രോഗത്തെ അത്യപൂർവ മനക്കട്ടിയോടെ ഇർഫാനും കുടുംബവും നേരിട്ടു.

വിദേശത്ത് ചികിത്സയിലിരിക്കെ ഇർഫാൻ പറഞ്ഞ വാക്കുകൾ തോറ്റു കൊടുക്കാനറിയാത്ത ഒരു മനസ്സിൽ നിന്നായിരുന്നു. " ജീവിതത്തെ മറ്റൊരു കോണിലൂടെ നോക്കി കാണാൻ ഞാൻ പഠിച്ചു. ജീവിതം നമുക്കുനേരെ വെല്ലുവിളികൾ ഉയർത്തും. ആദ്യം ഞാനും പകച്ചു. എന്നാൽ, അതിൽ നിന്ന് കൂടുതൽ ശക്തവും നൈസർഗികവും ആരോഗ്യകരവുമായ പുതിയൊരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാൻ ആകുമെന്ന് പതുക്കെ പതുക്കെ ഞാൻ പഠിച്ചു "- അദ്ദേഹം പറഞ്ഞു.

സന്തോഷവും സങ്കടവും വേദനയും മാറിമാറിവന്ന ഒരു റോളർകോസ്റ്റർ യാത്രയായിരുന്നു ഇർഫാന് ചികിത്സാ കാലം. വേണ്ട എല്ലാപരിചരണവും നൽകി ഒപ്പം നിന്ന ഭാര്യ സുതപ സിക്തറിന് വേണ്ടി ജീവിതത്തിലേക്ക് തിരികെ വരിക തന്നെ ചെയ്യുമെന്ന് അദ്ദേഹം ദൃഢനിശ്ചയമെടുത്തു.

ചികിത്സ കാലത്തെ കുറിച്ച് ഇർഫാൻ പിന്നീട് ഇങ്ങനെ ഓർത്തെടുക്കുന്നു -

"ചിലപ്പോഴൊക്കെ കുറേ കരഞ്ഞു. ചിലപ്പോൾ കുറേ ചിരിച്ചു. വലിയ ഉത്കണ്ഠയിലൂടെ സമയം കടന്നുപോയി. പക്ഷെ, അതെല്ലാം അതിജീവിക്കാനായി.
എന്റെ യാത്രയിലുടനീളം ഞാനറിയുന്നതും അറിയാത്തതുമായ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് എന്നെ ആശ്വസിപ്പിക്കുകയും എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തു. അവരുടെ പ്രാർഥനകളെല്ലാം ഒന്നായതായി എനിക്ക് തോന്നുന്നു. ആ ശക്തി എന്റെ ഉള്ളിലെത്തുകയും അതെനിക്ക് ഊർജമാകുകയും ചെയ്തു. അത് ഒരു പൂമൊട്ട് പോലെയോ ഇല പോലെയോ തളിര് പോലെയോ ചില്ലപോലെയോ എന്നിൽ മുളച്ചു. ഞാൻ അതിൽ നോക്കിക്കൊണ്ടേ നിന്നു. പ്രാർഥനകളിൽ മുളച്ച ഓരോ പൂവും ചില്ലയും ഇലയും എന്നിൽ വിസ്മയവും സന്തോഷവും കൗതുകവും നിറച്ചു ".

ഈ ചില്ലയും ഇലയും പൂവുമെല്ലാമാണ് ഇപ്പോൾ പ്രകൃതി തിരിച്ചെടുത്തത്. ആ തിരിച്ചുപോക്കിന് ഒരു ആൻറി ക്ലൈമാക്സും കാലം എഴുതി വെച്ചിരുന്നു. നാലുനാൾ മുമ്പ് വിടപറഞ്ഞ മാതാവ് സഈദ ബീഗത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെയാണ് ഇർഫാന്റെ മടക്കയാത്ര.

Tags:    
News Summary - Irrfan khan death and Cinema-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.