?????????????, ???? ?????

റമദാനും അറബി ചലച്ചിത്ര താരങ്ങളും

ഞങ്ങള്‍ വെള്ളിത്തിരയില്‍ പല വേഷങ്ങളും കെട്ടിയാടാറുണ്ട്. ഞങ്ങളുടെ യഥാര്‍ഥ ജീവിതവും സെല്ലുലോയിഡ് ജീവിതവും തമ്മില്‍ ഒരു വ്യത്യാസവുമുണ്ടാവില്ളെന്നാണ് അതൊക്കെ കണ്ടിട്ടുള്ളവര്‍ ധരിച്ചുവശായിരിക്കുന്നത്. ഞങ്ങളുടെ ജീവിതത്തില്‍ മതപരമായ അനുഷ്ഠാനങ്ങള്‍ക്ക് ഒരു സ്ഥാനവുമുണ്ടാകാനിടയില്ളെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഞങ്ങളില്‍ പലരും റമദാനില്‍ നോമ്പനുഷ്ഠിക്കുന്നവരും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരും തറാവീഹ് നമസ്കരിക്കുന്നവരുമാണെന്ന് അവര്‍ അറിയുന്നില്ല. അഭിനയം ഞങ്ങളുടെ പ്രഫഷന്‍ മാത്രമാണ്. ഒരു ഡോക്ടറെപ്പോലെ, എന്‍ജിനീയറെപ്പോലെ. അഭിനയം ഞങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഉപജീവനമാര്‍ഗമാണ്. എന്നാല്‍, ഡോക്ടര്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും അധ്യാപകരുടെയുമൊന്നും മതപരമായ ജീവിതത്തെക്കുറിച്ച് ആളുകള്‍ സംശയിക്കുന്നില്ല. പക്ഷേ, അങ്ങനെയൊരു ആനുകൂല്യം കലയെ ജീവിതമാര്‍ഗമായി സ്വീകരിച്ച ഞങ്ങള്‍ക്ക് അനുവദിച്ചുതരാന്‍ പലരും എന്തുകൊണ്ടോ മടിക്കുകയാണ്. സത്യത്തില്‍ റമദാനെ സന്തോഷത്തോടെ വരവേല്‍ക്കുകയും ആദരിക്കുകയും ചെയ്യുന്ന കലാകാരന്മാരും കലാകാരികളും സിനിമാലോകത്ത് എമ്പാടുമുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു അറബി പത്രത്തില്‍ റമദാനോടനുബന്ധിച്ച് വന്ന ഫീച്ചറില്‍ ഒരു ഈജിപ്ഷ്യന്‍ നടിയുടേതായി വന്ന വാക്കുകള്‍ ഓര്‍മയില്‍നിന്നെടുത്തെഴുതിയതാണ് മുകളിലെ ഉദ്ധരണി. വിശുദ്ധ റമദാന്‍െറ നേരെ അറബി സിനിമാതാരങ്ങള്‍ പുലര്‍ത്തുന്ന ഈ മനോഭാവത്തില്‍ ഇപ്പോഴും മാറ്റമൊന്നുമില്ളെന്ന് പല താരങ്ങളുടെയും കഴിഞ്ഞ വര്‍ഷത്തെ ഫേസ്ബുക് അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ കാണാവുന്നതാണ്. കുവൈത്ത് നടി ഹനാദി അല്‍ കന്‍ദരി, ഒമാനി നടി ബുഥൈന റഈസി മുതല്‍ ലബനീസ് വിവാദ താരമായ നാന്‍സി അജ്രീംവരെ ഇക്കൂട്ടത്തിലുണ്ട്. ലോക മുസ്ലിം സമൂഹത്തിന് ദൈവത്തിങ്കല്‍ സ്വീകാര്യമായ വ്രതം ആശംസിക്കുന്നതാണ് പല പോസ്റ്റുകളും. മനോഹരമായ കാലിഗ്രാഫിക് ചിത്രങ്ങളും വെട്ടം വിതറുന്ന വര്‍ണോദാരമായ റമദാന്‍ ഫാനീസുകളും കൊണ്ട് അവയെ അലങ്കരിക്കാന്‍ ശ്രദ്ധിച്ചതായും കാണാം. ‘ഖുര്‍ആന്‍ അവതീര്‍ണമായ റമദാന്‍ മാസം...’ എന്നു തുടങ്ങുന്ന അല്‍ബഖറയിലെ സൂക്തം മുഴുവനും എഴുതിച്ചമയിച്ച രൂപത്തിലുള്ളതായിരുന്നു ബഹ്റൈനി നടി ശൈല സബ്തിന്‍െറ പോസ്റ്റ്.

ഈജിപ്ഷ്യന്‍ നടിമാരായ ശംസ് ബാദുദിയും തഹിയ്യ കാര്‍ബുകായും റമദാന്‍ നിലാവ് കാണുന്നദിവസം ‘ഫാനീസുകള്‍’ വാങ്ങുന്നതിന് തിടുക്കപ്പെടും. സ്വന്തം ബാല്യകാലത്തിന്‍െറ ഗൃഹാതുരത്വം ഉണര്‍ത്തുന്നതാണ് ഈജിപ്തിന്‍െറ പ്രത്യേകതയായ ഈ റമദാന്‍ ദീപങ്ങള്‍ . തെരുവുകളും വീടുകളും റമദാന്‍ ഒന്നുമുതല്‍ ഈ ഫാനീസുകളാല്‍ അലംകൃതമായിരിക്കും. കുട്ടികളുടെ ഏറ്റവും വലിയ റമദാന്‍ കൗതുകങ്ങളിലൊന്നാണ് ഫാനീസുകള്‍. ഈജിപ്തില്‍ റമദാന്‍ കാലത്ത് വ്യാപകമായി വില്‍പനയാകുന്ന ഇനം കൂടിയാണിത്. ബാല്യകാലത്തേ നോമ്പെടുത്ത് ശീലിച്ചവരാണ് പല സിനിമാ താരങ്ങളും. സിറിയന്‍ സംവിധായകനും നടനുമായ ദുറൈദ് ലഹാമിന്‍െറ പിതാവ് കുട്ടികളെ നോമ്പുശീലിപ്പിക്കുന്നതില്‍ അല്‍പം കണിശക്കാരനായിരുന്നു. ഏഴാം വയസ്സിലേ ദൂറൈദിന് അദ്ദേഹം വ്രതാനുഷ്ഠാനത്തില്‍ പരിശീലനം നല്‍കി. പിതാവ് മറ്റുള്ളവരുടെ മുന്നില്‍ തന്നെ അഭിമാനപൂര്‍വം അവതരിപ്പിക്കാറുണ്ടായിരുന്നത് ദുറൈദ് ഓര്‍ക്കുന്നു. മകന്‍ എല്ലാ നോമ്പും കൃത്യമായി അനുഷ്ഠിക്കാറുണ്ടെന്ന ധാരണയിലായിരുന്നു പിതാവ്. പക്ഷേ, വിശപ്പ് കഠിനമാകുമ്പോള്‍ സഹോദരിമാരെ സേവപിടിച്ച് അദ്ദേഹം കട്ടുതിന്നും. ഒരു പെങ്ങള്‍തന്നെ കള്ളി വെളിച്ചത്താക്കിയതോടെ പിതാവിന്‍െറ മുന്നില്‍ തനിക്ക് വിലയിടിഞ്ഞതായി ദുറൈദ് ഓര്‍ക്കുന്നു. ഈ അനുഭവത്തിന്‍െറ വെളിച്ചത്തില്‍ നോമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഘട്ടമത്തെിയപ്പോള്‍ മാത്രമാണ് സ്വന്തം മകനെ നോമ്പെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുകയുണ്ടായി.

ബാല്യത്തിലേ നിഷ്ഠയോടെ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നതിനാല്‍ മുതിര്‍ന്നപ്പോള്‍ അനായാസം അത് തുടരാന്‍ സാധിച്ചതായി റാഗിബ് അലാമ പറയുന്നു. നോമ്പുകാലത്ത് ഒരിക്കല്‍ തന്‍െറ സഹോദര സമുദായത്തില്‍പ്പെട്ട സുഹൃത്തിന് അദ്ദേഹം ശീതളപാനീയം വാങ്ങിക്കൊടുക്കാനിടയായി. പക്ഷേ, വീട്ടില്‍ ആ വാര്‍ത്ത എത്തിയത് റാഗിബ് പരസ്യമായി പാനീയം കുടിച്ചു എന്നാണ്. വീട്ടുകാരെ കാര്യം ബോധ്യപ്പെടുത്താന്‍ പാടുപെടേണ്ടിവന്നതില്‍ അന്ന് വലിയ മനസ്താപമുണ്ടായതായി റാഗിബ് ഓര്‍ക്കുന്നു. അത്താഴത്തിന് കുട്ടിയായതിനാല്‍ വിളിച്ചുണര്‍ത്താത്തതായിരുന്നു വീട്ടുകാരോടുള്ള മുഈന്‍ ശരീഫിന്‍െറ പരാതി. അങ്ങനെ വാശിക്ക് അത്താഴമില്ലാതെ തന്നെ ബാലനായ മുഈന്‍ ഒരിക്കല്‍ നോമ്പെടുത്തു. അതോടെ ഉമ്മ എന്നും മുഈനിനെ അത്താഴത്തിന് വിളിച്ചുണര്‍ത്താന്‍ തുടങ്ങി. ഇന്ന് തന്‍െറ കുട്ടികള്‍ ആരുടെ പ്രേരണയും കൂടാതെ നോമ്പനുഷ്ഠിക്കുന്നതില്‍ സന്തുഷ്ടനാണ് നടനായ മുഈന്‍. നടി ഹുദാ ഹുസൈന്‍െറ കൗതുകം സമൂഹ ഇഫ്താറിലാണ്.

സിനിമാ വ്യവസായം സാങ്കേതികമായി വികസിച്ച ഇക്കാലത്ത് മാത്രമല്ല, ബ്ളാക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിലും റമദാന്‍െറ നേരയുള്ള പ്രമുഖ താരങ്ങളുടെ സമീപനം ഇതുതന്നെയായിരുന്നു. തന്‍െറ വീട്ടിലെ എല്ലാ ജോലിക്കാര്‍ക്കും ഇഫ്താര്‍ വെച്ചുവിളമ്പുന്നതില്‍ പുണ്യം കണ്ടത്തെിയ നടിയായിരുന്നു മാജിദ സബാഹി. ഫരീദ് അത്വ്റശ് സിനിമാരംഗത്തെ സുഹൃത്തുക്കളായ നടീനടന്മാര്‍ക്ക് ഇഫ്താര്‍ ഒരുക്കുന്നതില്‍ സന്തോഷം കണ്ടത്തെി. മുഹമ്മദ് ഫൗസി, നടിയായ ഭാര്യ മദീഹ യുസ്രി, കമാല്‍ ശന്നാവി, ശാദിയ, ഹുദ സുല്‍ത്താന്‍, മഹ്മുദ് ദുല്‍ഫിഖാര്‍, ലൈലാ ഫൗസി തുടങ്ങിയവര്‍ അത്വ്റശിന്‍െറ പതിവ് അതിഥികളായിരുന്നു.

ഇവര്‍ക്കൊക്കെ റമദാനില്‍ തങ്ങളുടേതായ പതിവ് ശീലങ്ങളുണ്ടായിരുന്നു. റമദാന്‍ ആരംഭിച്ചാല്‍ നടന്‍ മഹ്മൂദ് മലീഹി സ്വന്തം പ്രദേശത്തെ ഗ്രോസറിയില്‍ ചെന്ന് ഒരുമാസത്തേക്ക് ആവശ്യമുള്ള പലചരക്കുകളൊക്കെ നേരിട്ടു വാങ്ങും. നടി സുരയ്യ ഹില്‍മിക്ക് അണ്ടിപ്പരിപ്പുകള്‍ സ്വയം തെരഞ്ഞെടുത്താലേ തൃപ്തിയാകൂ. റമദാനായാല്‍ ഷൂട്ടിങ് ഒക്കെ നിര്‍ത്തിവെച്ച് ദൈവസാമീപ്യത്തിന് സമയം കണ്ടത്തെുന്ന നടീനടന്മാരുമുണ്ടായിരുന്നു. അവര്‍ സ്റ്റുഡിയോയില്‍നിന്നും മാധ്യമങ്ങളില്‍നിന്നുമെല്ലാം ഒരുമാസം അകന്നുജീവിക്കും. മദീഹ യുസ്രി റമദാനായാല്‍ ആ മാസം മുഴുവന്‍ ഹിജാബിലായിരിക്കും. റമദാനില്‍ ആദ്യംമുതല്‍ അവസാനംവരെ ഖുര്‍ആന്‍ ഒരാവര്‍ത്തി പാരായണം ചെയ്യുക എന്നതും അവരുടെ പതിവായിരുന്നു. കിഴക്കിന്‍െറ പൂങ്കുയില്‍ എന്നപേരില്‍ പ്രസിദ്ധയായ സിനിമാ ഗായിക ഉമ്മുകുല്‍സൂം റമദാനില്‍ പതിവായി പള്ളിയില്‍ നമസ്കാരത്തിനത്തെുമായിരുന്നു.

തുനീഷ്യന്‍ നടനായ സാബിര്‍ റുബാഇ റമദാനില്‍ കലാപ്രവര്‍ത്തനങ്ങളൊക്കെ നിര്‍ത്തും. പകല്‍സമയം മുഴുവന്‍ വീട്ടില്‍ തന്നെ ഖുര്‍ആന്‍ പാരായണവുമായി കഴിയുകയായിരുന്നു പതിവ്. ഈജിപ്ഷ്യന്‍ സംവിധായകനായ ബദ്ര്‍ഖാന്‍ ഒരു സംഭവം ഓര്‍ക്കുന്നു. ‘ഈമാന്‍’ എന്ന പടത്തിന്‍െറ ഇന്‍ഡോര്‍ ഷൂട്ടിങ് മുഴുവന്‍ അദ്ദേഹം റമദാന് മുമ്പേ പൂര്‍ത്തിയാക്കിയെങ്കിലും ഒൗട്ട് ഡോര്‍ ഷൂട്ടിങ് റമദാനിലാണ് ഒത്തുവന്നത്. നടി വിദാദിന് അതില്‍ ഒരു റോളുണ്ടായിരുന്നു. ആ രംഗം ചിത്രീകരിക്കുന്ന വേളയില്‍ അവര്‍ക്ക് ഉമിനീര്‍ വറ്റിയതു കാരണം വ്യക്തമായി ഡയലോഗ് പറയാന്‍ സാധിച്ചില്ല. വിദാദ് നോമ്പനുഷ്ഠിച്ചിരുന്നു. പിറ്റേന്ന് ഷൂട്ടിങ് വേളയില്‍ വിദാദിന്‍െറ മുന്നില്‍വെച്ച് ആഹാരം കഴിക്കുന്നതില്‍നിന്നും പുകവലിക്കുന്നതില്‍നിന്നും നോമ്പില്ലാത്ത ഇതര സിനിമാ പ്രവര്‍ത്തകരെ ബദ്ര്‍ ഖാന്‍ കര്‍ശനമായി വിലക്കുകയായിരുന്നു.

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ഈജിപ്ഷ്യന്‍ സിനിമാ ഇന്‍ഡസ്ട്രി വലിയൊരു പ്രതിസന്ധി നേരിടുകയുണ്ടായി. ഹനാന്‍ തരിക്, സബ്രീന്‍, സുഹൈര്‍ ബാബ്ലി, ഗാദ ആദില്‍, സുഹൈര്‍ റംസി തുടങ്ങി പ്രഗല്ഭരായ ഒട്ടനവധി നടികള്‍ വെള്ളിത്തിരയില്‍നിന്ന് ഹിജാബിലേക്ക് മാറി ഭക്തിജീവിതം സ്വീകരിച്ചതായിരുന്നു സംഭവം. അവരില്‍ ചിലരൊക്കെ ഇപ്പോഴും അഭിനയിക്കുന്നുണ്ടെങ്കിലും വിവേചനത്തോടെ സ്വയം തെരഞ്ഞെടുക്കുന്ന റോളുകളില്‍ പരിമിതമാണത്. സിനിമാ ലോകത്ത് ജീവിക്കുമ്പോഴും മതം അവരുടെ ആന്തരിക ലോകത്ത് ജാഗ്രത്തായിരുന്നതിന്‍െറ ഫലമായിട്ടാകാം ഈ പരിണതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.