സിനിമയില്‍ തുടര്‍ന്നത് വാശി മൂലം -സൈജു കുറുപ്പ്

സിനിമയിലത്തെണമെന്ന് ആഗ്രഹിക്കാതിരുന്നിട്ടും സ്വന്തം ശരീരഭാഷകൊണ്ട് യാദൃച്ഛികമായി സിനിമയിലത്തെപ്പെട്ട നടനാണ് അനിരുദ്ധ് എന്ന സൈജു കുറുപ്പ്. ആദ്യസിനിമ 'മയൂഖം' തല മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന്‍െറതായിരുന്നിട്ടും പ്രതീക്ഷിത വിജയമായില്ല. എങ്കിലും സൈജുവിനെ തേടി പിന്നെയും അവസരങ്ങള്‍ വന്നു. ചെറുതും വലുതുമായി ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത അദ്ദേഹം ഇപ്പോള്‍ 60ലധികം സിനിമകളില്‍ വേഷമിട്ടു. ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. നായകസങ്കല്‍പങ്ങള്‍ നോക്കാതെ കഥാപാത്രങ്ങളിലൂന്നി അഭിനയം തുടരുന്ന സൈജു കുറുപ്പ് മാധ്യമം ഓണ്‍ലൈനുമായി സംസാരിക്കുന്നു.

സിനിമയില്‍ എത്തിപ്പെട്ടത്?
തികച്ചും യാദൃച്ഛികമായി സിനിമയില്‍ എത്തിപ്പെട്ടതാണ്. തിരുവനന്തപുരത്ത് എയര്‍ടെലില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ എം.ജി. ശ്രീകുമാര്‍ സാറിന്‍െറ വീട്ടില്‍ ഒരു കണക്ഷന്‍ കൊടുക്കാന്‍ പോയി. അപ്പോള്‍ അദ്ദേഹമാണ് പറഞ്ഞത് സംവിധായകന്‍ ഹരിഹരന്‍ സാറിനെ പോയി കാണാന്‍. കാരണം ഹരിഹരന്‍ സാര്‍ എം.ജി. ശ്രീകുമാര്‍ സാറിനോട് പറഞ്ഞിരുന്നു 'മയൂഖം' എന്ന ചിത്രത്തിലേക്ക് ഹീറോ ലുക്കോ വില്ലന്‍ ലുക്കോ ഇല്ലാത്ത എന്നാ രണ്ട്അപ്പിയറന്‍സുള്ള ഒരു നായകനെയാണ് വേണ്ടതെന്ന്. ഉണ്ടക്കണ്ണും ആറടി ഉയരവും വെളുത്ത നിറവുമുള്ള ആളാകണം എന്നും പറഞ്ഞിരുന്നു. എന്നെ കണ്ടപ്പോള്‍ എം.ജി. സാറിന് അങ്ങനെ തോന്നിയിരിക്കാം. അങ്ങനെയാണ് ഞാന്‍ ആ ചിത്രത്തിലത്തെുന്നത്.

വീട്ടുകാരുടെ പ്രതികരണമെന്തായിരുന്നു?
ജോലി കളഞ്ഞ് സിനിമയിലേക്ക് വന്നപ്പോള്‍ വീട്ടുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. അച്ഛന്‍ സര്‍ക്കാര്‍ ജോലിക്കാരനായിരുന്നു. രാവിലെ 9 മണിക്ക് പോകും 10 മണിക്ക് ഓഫിസിലത്തെും. തിരിച്ച് 5 മണിക്ക് പോന്ന് 6-7 മണിയോടെ വീട്ടിലത്തെും. ഇതുപോലെയുള്ള ജോലിയായിരുന്നു അവര്‍ എനിക്ക് വേണ്ടി ആഗ്രഹിച്ചത്. എന്‍ജിനീയറിങ്ങിന് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരുപാട് പേര്‍ അമേരിക്കയിലൊക്കെ പോയി ജോലി ചെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ അമേരിക്കയില്‍ വിടണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി അച്ഛന്‍ എനിക്ക് പാസ്പോര്‍ട്ട് വരെ എടുത്തിരുന്നു. അവരുടെ ആഗഹം സാധിപ്പിച്ച് കൊടുക്കാന്‍ സാധിച്ചില്ല.

സിനിമയില്‍ തുടരാന്‍ പ്രേരണയായത്?
'മയൂഖ'ത്തിന് ശേഷം സിനിമയില്‍ തുടരാന്‍ താല്‍പര്യമില്ലായിരുന്നു. എന്‍െറ പരിചയത്തില്‍ ആരും സിനിമക്കാരില്ലായിരുന്നു. സിനിമ കണ്ട ചരിചയം മാത്രമേയുള്ളൂ. വീട്ടുകാരുടെ ആഗ്രഹം സിനിമയില്‍ തുടരരുതെന്നായിരുന്നു. എന്നാലും രണ്ടാമത്തെ സിനിമ 'ലയണ്‍' ചെയ്തു. മൂന്നാമത്തെ സിനിമക്ക് വിളിച്ച് അതിന്‍െറ സെറ്റില്‍ ചെന്നപ്പോള്‍ മോശപ്പെട്ട അനുഭവവുമുണ്ടായി. ആദ്യസിനിമയായ മയൂഖം വിജയിക്കാത്തതിന്‍െറ പ്രശ്നമായിരുന്നു. നിന്‍െറ ഫസ്റ്റ് പടം എത്ര പേര്‍ കണ്ടിട്ടുണ്ട്. നിന്‍െറ മുഖം കണ്ടാല്‍ എത്ര പേര്‍ അറിയും എന്നൊക്കെ ചോദിച്ചു. ആ സെറ്റില്‍ നിന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചു പോന്നു. അതോടെ സിനിമയില്‍ തന്നെ തുടരണമെന്ന് വാശിയായി. മലയാളികളില്‍ ഒരു 50 ശതമാനം പേരെങ്കിലും എന്നെ തിരിച്ചറിയണം എന്ന നിര്‍ബന്ധമായി. അതോടെ ജോലി ഉപേക്ഷിച്ച് സിനിമയിലേക്കിറങ്ങാമെന്ന് വിചാരിച്ചപ്പോള്‍ ആറ് മാസത്തേക്ക് സിനിമയില്ല. വാശി പ്രശ്നമായോ എന്ന് കരുതിയിരിക്കുമ്പോഴാണ് ജയരാജ് അശ്വാരൂഢം എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. പിന്നീട് പതുക്കെ പലരും വിളിക്കാന്‍ തുടങ്ങി.

മയൂഖത്തിലൂടെ നായക കഥാപാത്രമായാണല്ലോ സിനിമയിലത്തെുന്നത്. മലയാളസിനിമയിലെ സമകാലിക നായക-പ്രതിനായക സങ്കല്‍പത്തെ കുറിച്ച് എന്താണ് അഭിപ്രായം?

നായകനായാലും പ്രതിനായകനായാലും ആത്യന്തികമായി എല്ലാം കഥാപാത്രങ്ങളാണ്്. കഥാപാത്രങ്ങളായിട്ടല്ല നായകന്മാരെ കണ്ടിരുന്നതെങ്കില്‍ ഞാന്‍ മയൂഖം കഴിഞ്ഞ് നായക കഥാപാത്രത്തെ മാത്രമേ ചെയ്യുമായിരുന്നുള്ളൂ. എന്നാല്‍ എന്‍െറ രണ്ടാമത്തെ പടം ലയണാണ്. അതില്‍ ഞാന്‍ മുന്ന് സീനിലേയുള്ളൂ. നായകന്‍ എന്ന രീതിയിലല്ല, ഒരു ആക്ടര്‍ എന്ന രീതിയിലാണ് അഭിനയത്തെ നോക്കിക്കാണുന്നത്. ചെയ്യാന്‍ കഴിയുന്ന ഏത് കഥാപാത്രവും ഞാന്‍ ചെയ്യും.

ഈ തിരിച്ചറിവോടെയാണോ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാറുള്ളത്?
 കഥാപാത്രങ്ങളെകുറിച്ച് മനസിലാക്കിയാണ് സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളത്. സിനിമയില്‍ എത്തിയിട്ട് കുറച്ചു നാളായതിനാല്‍ പഴയതും പുതിയതുമായ സംവിധായകരെയും എഴുത്തുകാരെയും നിര്‍മാതാക്കളെയും വിതരണക്കാരെയും അറിയാം. അപ്പോള്‍ ജനങ്ങള്‍ക്കും തീയറ്റര്‍കാര്‍ക്കും ഒക്കെ ഇവര്‍ ചെയ്യുന്ന പടം നല്ലതായിരിക്കും എന്ന് ഒരു വിശ്വാസമുണ്ട്. ആ വിശ്വാസം നടന്മാരായ ഞങ്ങള്‍ക്കുമുണ്ട്. അപ്പോള്‍ തന്നെ 50 ശതമാനം ഓക്കെയാണ്. പിന്നെ നോക്കാനുള്ളത് കഥയാണ്. അത് ചെറിയ രീതിയില്‍ കേട്ടാല്‍ മതിയാകും. പിന്നെ കഥാപാത്രം എങ്ങനെയെന്നറിയണം. കഥാപാത്രം നിര്‍ബന്ധമായും കേള്‍ക്കും. കഥാപാത്രങ്ങളുടെ ആവര്‍ത്തനം വരാതിരിക്കാനാണ്.

എന്നിട്ടും കഥാപാത്രങ്ങളില്‍ ആവര്‍ത്തന വിരസത സംഭവിക്കാറില്ലേ?
നമ്മുടെ അഭിനയശൈലിയില്‍ ആവര്‍ത്തനമുണ്ടാകാം. അത് മറി കടക്കാന്‍ ശ്രമിക്കേണ്ടത് കഥാപാത്രങ്ങള്‍ വ്യത്യസ്തമായി ചെയ്തിട്ടാണ്. നായക കഥാപാത്രങ്ങളല്ളെങ്കിലും മികച്ച കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. പ്രേക്ഷകരുടെ വീക്ഷണത്തില്‍ എങ്ങനെയെന്നറിയില്ല. പക്ഷേ എന്‍െറ വീക്ഷണത്തില്‍ അവ മികച്ചവയാണ്. ശ്രദ്ധിക്കപ്പെടാത്ത ചില സിനിമയിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. വി.കെ പ്രകാശിന്‍െറ 'കര്‍മയോഗി'യെന്ന സിനിമയില്‍ കാന്തന്‍ എന്നൊരു കഥാപാത്രം ഞാന്‍ ചെയ്തു. അത് മികച്ചതായിരുന്നു. പക്ഷേ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. അതിനാല്‍ അതിലെ കഥാപാത്രങ്ങളുംശ്രദ്ധിക്കപ്പെട്ടില്ല.

വാശിയില്‍ തടസ്സങ്ങളെ അതിജീവിക്കാനായപ്പോള്‍ സിനിമാക്കാരോടും സിനിമയോടും ഇപ്പോഴുള്ള സമീപനം?
നല്ല സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമാണ്. മോശം സിനിമകള്‍ ഉണ്ടാകരുതെന്നാണ് പ്രാര്‍ഥന. സിനിമ ഒരു മാജിക്കാണ്. ദൈവാധീനമുള്ള ഒരു കലയാണത്. മുമ്പ് ചിലപ്പോള്‍ പക്വതക്കുറവ് കൊണ്ട് മോശം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാള സിനിമയെ സംബന്ധിച്ച് നല്ല കാലമാണ്. നല്ല സിനിമകളാണ് വരുന്നത്. ജനങ്ങള്‍ ഇവ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. പൈറസി പോലുള്ള സംഭവങ്ങള്‍ കുറഞ്ഞു. തിയറ്ററുകള്‍ നന്നായതും പ്രേക്ഷകര്‍ വര്‍ധിക്കാന്‍ കാരണമായി.

തമിഴിലേക്ക്
ഒരു മാഗസിനില്‍ ഫോട്ടോ കണ്ട് ഭാഗ്യരാജാണ് പ്ളസ്ടു എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചത്. പിന്നീട് മറുപടിയും ഒരു കാതല്‍, ആദി ഭഗവാന്‍, തനി ഒരുവന്‍ എന്നീ ചിത്രങ്ങളിലഭിനയിച്ചു.
 

സിനിമാ മോഹങ്ങളില്ലാത്ത കാലത്തെ സിനിമാ കാഴ്ചകള്‍
എല്ലാ സിനിമകളും കാണുമായിരുന്നു. മഹാരാഷ്ട്രയില്‍ കുറെ കാലമുണ്ടായതിനാല്‍ ഹിന്ദി സിനിമകളാണ് അധികവും കണ്ടിരുന്നത്. പിന്നെ ഡി.ഡി ഫോറും ഏഷ്യാനെറ്റും വന്ന സമയത്താണ് ഏറെ മലയാളസിനിമകള്‍ കാണാന്‍ തുടങ്ങിയത്. അങ്കിള്‍ നാട്ടില്‍ നിന്ന് വരുമ്പോള്‍ വീഡിയോ കാസറ്റുകള്‍ കൊണ്ടു വരുമായിരുന്നു. അങ്ങനെയാണ് ന്യൂഡല്‍ഹി, സന്മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ സിനിമകള്‍ കണ്ടത്. ചെറുപ്പത്തില്‍ എനിക്ക് ആക്ഷന്‍ ചിത്രങ്ങളോടായിരുന്നു പ്രിയം.  മിഥുന്‍ ചക്രവര്‍ത്തിയുടെ കടുത്ത ഫാനായിരുന്നു . മിഥുന്‍ എന്‍െറ ജ്യേഷ്ഠനായിരുന്നെങ്കില്‍ എന്നൊക്കെ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരാണ് എന്ന സ്കൂളിലെ പ്രതിജ്ഞ കേള്‍ക്കുമ്പോള്‍ മിഥുന്‍ ഇന്ത്യനാണല്ലോ അപ്പോള്‍ എന്‍െറ സഹോദരനാണല്ലോ എന്ന് സമാധാനിച്ചിട്ടുണ്ട്.
 

സിനിമയിലെ ആരാധകര്‍

മുമ്പ് മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനായിരുന്നു. ജീവിതത്തില്‍ ഞാന്‍ നേരിട്ട് കാണാന്‍ ആഗ്രഹിച്ച അഞ്ചു പേരില്‍ ഒരാള്‍ ലാലായിരുന്നു. മറ്റു നാലു പേര്‍ ജഡേജ, ഷാറൂഖ് ഖാന്‍, മിഥുന്‍ ചക്രവര്‍ത്തി, ഗോവിന്ദ എന്നിവരായിരുന്നു. ജഡേജയെ  നാഗ്പൂരില്‍ കളിക്കാന്‍ വന്നനപ്പോള്‍ കണ്ടിട്ടുണ്ട്. മറ്റ് മൂന്നു പേരെയും കാണാന്‍ കഴിഞ്ഞിട്ടില്ല. ഷാരൂഖ് ഖാനോടും ഗോവിന്ദയോടും ഇപ്പോഴും ആരാധനയുണ്ട്.
 
സിനിമയിലെ ആഗ്രഹം?

എല്ലാ നല്ല എഴുത്തുകാരുടെയും സംവിധായകരുടെയും സിനിമയില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം. അക്കാര്യത്തില്‍ സെലക്ടീവൊന്നുമില്ല. പക്ഷേ കഥാപാത്രങ്ങളുടെ ആവര്‍ത്തനമാണെന്‍െറ പേടി. അത് വരാതെ നോക്കും.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.