ഒരു റോള്‍ ചെയ്യില്ലെന്ന് പറയാന്‍ ഭീരുവല്ല ഞാന്‍

ആലുവക്കടുത്ത് കോട്ടുവള്ളിയിലുള്ള അമ്മ വീട്ടില്‍ മുംബൈയില്‍ നിന്ന് അവധിയാഘോഷിക്കാന്‍ വരുന്നൊരു പയ്യനുണ്ടായിരുന്നു, പണ്ട്. ‘ശരദ്പ്രഭ’ എന്ന വീടിന്‍െറ വളപ്പിലെ കുളത്തില്‍ മുങ്ങാംകുഴിയിട്ടും നീന്തിക്കളിച്ചും അവധിക്കാലം കഴിഞ്ഞ് അവന്‍ മുംബൈക്ക് മടങ്ങും. മുതിര്‍ന്നപ്പോളും അവന്‍ കേരളത്തില്‍ വന്നു. ഇത്തവണ നീന്തിക്കളിച്ചത് മലയാള സിനിമയിലാണ്. മുംബൈക്ക് മടങ്ങിയപ്പോള്‍ അവിടെ നിന്ന് മുങ്ങിയെടുത്തൊരു മുത്തും ഒപ്പമുണ്ടായിരുന്നു^ മലയാളത്തിലെ മികച്ച നടനുള്ള അവാര്‍ഡ്. മുംബൈ മലയാളി എന്ന ലേബലുമായി മലയാള സിനിമയിലെത്തിയ സുദേവ് നായരിപ്പോള്‍ കേരളത്തിന് സ്വന്തം. എം.ബി. പത്മകുമാര്‍ സംവിധാനം ചെയ്ത ‘മൈ ലൈഫ് പാര്‍ട്ണറി’ലെ സ്വവര്‍ഗാനുരാഗിയായ ചെറുപ്പക്കാരനെ അവിസ്മരണീയമാക്കി മികച്ച നടനുള്ള അവാര്‍ഡ് നിവിന്‍ പോളിയുമായി പങ്കിട്ട സുദേവ് നായര്‍ ‘മാധ്യമം ഓണ്‍ലൈനു’മായി സംസാരിക്കുന്നു.
 
? മലയാളത്തിലെ ചില യുവ നായകന്മാര്‍ നിരസിച്ച കഥാപാത്രമായിരുന്നു ‘മൈ ലൈഫ് പാര്‍ട്ണറി’ലേത്. അത് ഏറ്റെടുക്കുമ്പോള്‍ എന്തായിരുന്നു വെല്ലുവിളി
= ഒരു നടനെന്ന നിലയില്‍ ഒരു കഥാപാത്രത്തെയും വേര്‍തിരിച്ച് കാണാന്‍ എനിക്കാവില്ല. ഒരു പ്രത്യേക റോള്‍ ചെയ്യില്ല എന്ന് പറയാനും മാത്രം ഭീരുവല്ല എന്നിലെ നടന്‍. അമാനുഷികനായ നായകന്‍െറ വേഷം മാത്രമേ ചെയ്യൂ എന്ന നിര്‍ബന്ധം ഒരു ബാധ്യതയാക്കി മാറ്റാനും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് യാതൊരു മുന്‍വിധിയും ആശങ്കയും ഇല്ലാതെയാണ് സ്വവര്‍ഗാനുരാഗിയുടെ വേഷം ഞാന്‍ സ്വീകരിച്ചത്. വിവാദം ആക്കാന്‍ വേണ്ടി മാത്രം സ്വവര്‍ഗാനുരാഗം വിഷയമാക്കരുത് എന്ന നിബന്ധന മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. തിരക്കഥ വായിച്ചപ്പോള്‍ വിഷയത്തോടുള്ള അതിലെ സത്യസന്ധത ബോധ്യമായി. പിന്നെ ഒന്നും ആലോചിക്കാനില്ലായിരുന്നു.|
 
? അഭിനയം മികവുറ്റതാക്കാന്‍ എന്തെല്ലാം തയാറെടുപ്പുകള്‍ വേണ്ടിവന്നു
= മികച്ച തിരക്കഥ ആയിരുന്നതിനാല്‍ തയാറെടുപ്പുകള്‍ തികച്ചും ലളിതമായിരുന്നു. കൃത്രിമത്വമോ അനാവശ്യ ഡ്രാമയോ തിരക്കഥയില്‍ ഇല്ലാഞ്ഞതിനാല്‍ സ്വാഭാവികമായി അഭിനയിക്കാനായി. തിരക്കഥയിലെ ഭാവങ്ങള്‍ക്ക് തനിമയുണ്ടായിരുന്നതിനാല്‍ പുറമേ നിന്നുള്ള ഒരു സ്വാധീനവും അഭിനയത്തില്‍ വേണ്ടി വന്നില്ല. ജനങ്ങള്‍ക്ക് മുന്‍ധാരണ ഉള്ളത് പോലെ ഒരു സ്ത്രൈണ ഭാവമൊന്നുമല്ല സ്വവര്‍ഗാനുരാഗികളുടേത്. അവരെ കുറിച്ചുള്ള അത്തരം ക്ളീഷേ ആയ അവതരണം അഭിനയത്തില്‍ ഉണ്ടാകരുതെന്ന തയാറെടുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ കഥാപാത്രങ്ങളോടും അത്തരം ആത്മാര്‍ഥമായ സമീപനമാണ് എനിക്ക്. ആത്മാര്‍ഥമായ അഭിനയം. അല്ലാതെ അവാര്‍ഡിനായുള്ള അഭിനയം അല്ല.  
 
? അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല എന്നതൊക്കെ സ്ഥിരം പല്ലവിയായി മാറിയിട്ടുണ്ട്
= എന്‍െറ കാര്യത്തില്‍ അങ്ങനെയല്ല. അഭിനയിച്ചിരുന്നപ്പോള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ചെറുപ്പം മുതല്‍ ഞാന്‍ ആരാധിച്ചിരുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരൊക്കെ നേടിയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അഭിമാനം തോന്നി. ഈ കലയോടുള്ള ആത്മാര്‍ഥതയും ഉത്തരവാദിത്തവും കൂടി. വിവാദങ്ങള്‍ കാരണം സിനിമ ജനങ്ങളിലേക്ക് എത്തിയില്ല എന്ന വിഷമമേയുള്ളൂ.
 
? ചെറുപ്പം മുതലേ മലയാള സിനിമകള്‍ കാണുമായിരുന്നോ
= ‘നിറക്കൂട്ടി’ലെ മമ്മൂട്ടിയുടെ അഭിനയം കണ്ട് കരഞ്ഞതൊക്കെയാണ് എന്‍െറ ആദ്യകാല സിനിമാ ഓര്‍മകള്‍. മലയാളത്തിലെ നടന്മാരോടൊക്കെ കടുത്ത ആരാധനയാണ് ഇപ്പോഴും. എത്ര കണ്ടാലും മടുക്കാത്ത അഭിനയമാണ് മോഹന്‍ലാലിന്‍േറത്. രണ്ടുപേരില്‍ നിന്നും പഠിച്ചെടുക്കാന്‍ ഒരുപാടുണ്ട്. തിരക്കഥ എഴുതേണ്ടി വന്നപ്പോള്‍ ശ്രീനിവാസന്‍ ശൈലിയാണ് ആദ്യം മനസിലേക്കെത്തിയത്. ചാര്‍ളി ചാപ്ളിന്‍െറ കാലഘട്ടത്തില്‍ വേറിട്ട ക്ളാസിക് നര്‍മവുമായി അരങ്ങ് തകര്‍ത്ത ബസ്റ്റര്‍ കീറ്റണിന്‍െറ ശൈലിയാണ് ശ്രീനിവാസന്‍േറതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.  
 
? ജനിച്ചതും വളര്‍ന്നതും മുംബൈയില്‍. എന്നിട്ടും ഇത്ര നന്നായി എങ്ങനെ മലയാളം പഠിച്ചു
= അതിന്‍െറ ക്രഡിറ്റ് അച്ഛനും അമ്മക്കുമാണ്. അവര്‍ ചെയ്ത ഏറ്റവും വലിയ പുണ്യം എന്നെ മലയാളിയായി വളര്‍ത്തി എന്നതാണ്. മുംബൈയില്‍ ജനിച്ച് വളര്‍ന്ന അച്ഛന്‍ വിജയകുമാര്‍ മലയാളിയായി തന്നെ വളര്‍ന്നു. എന്നെയും അനുജന്‍ സുജയ്നെയും അങ്ങനെ തന്നെ വളര്‍ത്തി. പാലക്കാട് നിന്നത്തെി വര്‍ഷങ്ങള്‍ക്ക് മുമ്പേ അവിടെ സ്ഥിരതാമസമാക്കിയതാണ് അച്ഛന്‍െറ കുടുംബം. പറവൂരിനടുത്ത് കോട്ടുവള്ളിയിലാണ് അമ്മ ശുഭദയുടെ വീട്. കുട്ടിക്കാലത്ത് എല്ലാ അവധിക്കാലത്തുംഅമ്മയുടെ തറവാടായ ‘ശരദ്പ്രഭ’യില്‍ എത്തുമായിരുന്നു. ആ വീട്ടുവളപ്പിലുള്ള കുളത്തില്‍ ചാടുകയായിരുന്നു അന്നത്തെ പ്രധാന വിനോദം. ഗേറ്റ് തുറക്കുന്നതേ ഓടുക കുളത്തിലേക്കാണ്. എത്ര വെള്ളം ഉണ്ടെന്നറിയാന്‍. കുളപ്പടവുകളാണ് അടയാളം. എത്ര പടവുകള്‍ മൂടി വെള്ളമുണ്ടോ അത്രയും സന്തോഷം ഇരട്ടിക്കും. ഒരു അവധിക്കാലത്ത് എത്തിയപ്പോള്‍ മലയാളം പഠിപ്പിക്കാന്‍ ഒരു അധ്യാപകനെയും അച്ഛന്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്നൊക്കെ എനിക്ക് ആ ക്ളാസുകള്‍ വെറുപ്പ് ആയിരുന്നു. ഇന്നാലോചിക്കുമ്പോള്‍ അച്ഛനും അമ്മയും നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു ആ ക്ളാസുകള്‍ എന്ന് തിരിച്ചറിയുന്നു. അതുകൊണ്ട് മലയാളത്തിലെ തിരക്കഥകള്‍ മനസിലാകുന്നു. സംഭാഷണത്തിന്‍െറയൊക്കെ അര്‍ഥമുള്‍ക്കൊണ്ട് അഭിനയിക്കാന്‍ കഴിയുന്നു.
 
? അഭിനയമാണ് സ്വന്തം വഴിയെന്ന് തിരിച്ചറിഞ്ഞത് എപ്പോളാണ്
= താനെയിലെ സിംഗാനിയ സ്കൂളിലായിരുന്നു പഠനം. അവിടുത്തെ പ്രതിവാര കലാപരിപാടികളാണ് എന്നിലെ കലാകാരനെ വളര്‍ത്തിയത്. മലയാളി സമാജമൊക്കെ നടത്തുന്ന പരിപാടികളില്‍ സ്ഥിരം ബ്രേക് ഡാന്‍സ് സാന്നിധ്യമായിരുന്നു ഞാന്‍. സ്കൂള്‍ പഠനകാലത്ത് കായികരംഗത്തും കഴിവ് തെളിയിച്ചു. അണ്ടര്‍ 16 ഹൈജമ്പില്‍ ദേശീയ തലത്തില്‍ വെങ്കലമൊക്കെ നേടിയിട്ടുണ്ട്. വി.ജി. വസെ കോളജിലെ ഉപരിപഠനത്തിന് ശേഷമാണ് നാഗ്പൂര്‍ എന്‍.ഐ.ടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് ചേരുന്നത്. അവിടുത്തെ ഹോസ്റ്റല്‍ വാസത്തിനിടെയാണ് അഭിനയമാണ് എന്‍െറ മേഖലയെന്ന് തിരിച്ചറിയുന്നത്. പിന്നീട് പൂനെയിലെ ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോകുന്നത്. പഠിച്ചിറങ്ങിയ ശേഷം മലയാളത്തില്‍ അവസരം തേടി ഒരുപാട് അലഞ്ഞു. നോര്‍ത് ഇന്ത്യന്‍ ലുക്ക് ആണെന്ന് പറഞ്ഞാണ് പല അവസരങ്ങളും നഷ്ടമായത്. അതിനിടെ, മാധുരി ദീക്ഷിതും ജൂഹി ചാവ് ലയുമൊക്കെ അഭിനയിച്ച ‘ഗുലാബ് ഗ്യാങ്’ എന്ന സിനിമയിലെ പ്രതിനായക വേഷം ലഭിച്ചു. എന്നാല്‍, ആ സിനിമയും തീയറ്ററില്‍ ഓടിയില്ല. ഇപ്പോള്‍ മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ‘അനാര്‍ക്കലി’യിലാണ് ഇനി പ്രതീക്ഷ മുഴുവന്‍.
 
? ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി
= ഋത്വിക് റോഷന്‍ ആകാന്‍ ആഗ്രഹിച്ചു നടന്ന എന്‍െറ ജീവിതം മാറിമറിഞ്ഞത് അവിടെ വെച്ചാണ്. ലോക സിനിമയെ പരിചയപ്പെടാനായത് വലിയ മാറ്റങ്ങള്‍ വരുത്തി. അവിടുത്തെ ലൈബ്രറി, സിനിമകള്‍, ജീവിതം ഇതൊക്കെ എന്നിലെ നടനെ അക്ഷരാര്‍ഥത്തില്‍ മെരുക്കിയെടുത്തു. സിനിമയെ കുറിച്ചുള്ള ധാരണകള്‍ മാറിമറിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നതിന് മുമ്പേ പലരും നിര്‍ദേശിച്ചതനുസരിച്ച് ക്ളാസിക് സിനിമയായ ‘സിറ്റിസണ്‍ കെയ്ന്‍’ കണ്ടിരുന്നു. ബോര്‍ ആയിട്ടാണ് തോന്നിയത്. മൂന്നാം തവണ കണ്ടപ്പോള്‍ എന്താണ് ആ സിനിമയെന്ന് മനസിലാകുന്ന നിലയിലേക്ക് അവിടുത്തെ പഠനം എന്നെ മാറ്റിയെടുത്തു. 
 
? സ്വന്തം വെബ് സിനിമയായ ‘നോട്ട് ഫിറ്റ്’ ആത്മകഥാംശമുള്ളതാണോ
= അതെ എന്ന് പറയാം. സിനിമയിലെ ഭാഗ്യാന്വേഷികളുടെ ജീവിതമാണ് അത് പറയുന്നത്. പിടിച്ചുനില്‍ക്കാനുള്ള തുടക്കക്കാരുടെ ശ്രമങ്ങളെ നര്‍മബോധത്തോടെ നോക്കി കാണുന്ന സിനിമയാണത്. തിരക്കഥയും സംവിധാനവും ഞാന്‍ തന്നെ ആയതിനാല്‍ സ്വന്തം അനുഭവങ്ങള്‍ അതില്‍ കടന്നുകൂടിയിട്ടുണ്ട്. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള 10 എപിസോഡുകളായിട്ടാണ് അത് ചെയ്യുന്നത്. ലാബ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു. സെപ്റ്റംബര്‍ പകുതിയോടെ ആദ്യ എപിസോഡ് യൂട്യൂബില്‍ റിലീസ് ചെയ്യും. ഇന്ത്യയില്‍ അത്ര പ്രചാരം ആയിട്ടില്ലാത്ത മോക്യുമെന്‍ററി ശൈലിയിലാണ് ‘നോട്ട് ഫിറ്റ്’ ചിത്രീകരിച്ചിരിക്കുന്നത്. വെബ്ബില്‍ ആകുമ്പോള്‍ എല്ലാത്തരം പരീക്ഷണങ്ങള്‍ക്കും അവസരമുണ്ട്.    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.