വിജയക്കൂട്ട്

‘ആദാമിന്‍െറ മകന്‍ അബു’വും  ‘കുഞ്ഞനന്തന്‍െറ കട’യും കടന്നാണ് സലിം അഹമദ്, മധു അമ്പാട്ട്, റസൂല്‍ പൂക്കുട്ടി കൂട്ടുകെട്ട് ‘പത്തേമാരി’യില്‍ എത്തുന്നത്. എന്‍െറ മനസ്സിലുള്ളത് പറയാതെതന്നെ ഇരുവരും മനസ്സിലാക്കും’- സംവിധായകന്‍ സലിം അഹമദിന്‍െറ വാക്കുകള്‍ ശരിവെച്ച് തൊട്ടടുത്ത് മധു അമ്പാട്ടും റസൂല്‍ പൂക്കുട്ടിയും.
മൂന്നുപേരുടെയും ചിന്തകളും അഭിരുചികളും കാഴ്ചപ്പാടുകളുമെല്ലാം ഒരേ ട്രാക്കിലാണ് പോകുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ഭാഷയില്‍ ഒരാത്മാവും മൂന്നു ശരീരവും. ‘പത്തേമാരി’യിലെ നായകന്‍ പള്ളിക്കല്‍ നാരായണനില്‍ നിന്ന് വീട്ടുകാര്‍ അകന്നകന്ന് പോയി അയാള്‍ ഒറ്റപ്പെടുന്നത് ഷോട്ടുകളിലൂടെ ട്രീറ്റ് ചെയ്യാമെന്ന ആശയം സലിം അഹമദിനുണ്ടായി. ആദ്യമൊക്കെ ക്ളോസ് ഷോട്ടുകളാണ്. നാരായണന്‍ വീട്ടുകാരുമായി അത്ര അടുത്ത്. പിന്നെ അകലും തോറും അത് മിഡ്, വൈഡ് ഷോട്ടുകളിലേക്ക് മാറുന്നു. 2000 ആകുമ്പോഴേക്ക് എക്സ്ട്രീം വൈഡ്. നാരായണനില്‍നിന്ന് വീട്ടുകാര്‍ പൂര്‍ണമായും അകന്നു. ഇത് പങ്കുവെക്കാന്‍ മധു അമ്പാട്ടിനെ വിളിക്കുമ്പോള്‍ സലിമിനെ ഞെട്ടിച്ച് ഇതേ ആശയം അദ്ദേഹം ഇങ്ങോട്ടുപറഞ്ഞു.
നാരായണന്‍െറ മനസ്സ് ആക്കാം ചിത്രത്തിന്‍െറ കളര്‍ പാറ്റേണ്‍ എന്ന് ഇരുവര്‍ക്കും ഒരേ സമയത്താണ് തോന്നിയതെന്ന് മധു അമ്പാട്ട്. സാധാരണ സിനിമകളില്‍ ഫ്ളാഷ്ബാക് ബ്ളാക് ആന്‍ഡ് വൈറ്റ് ആണ്. ഇതില്‍ നേരെ തിരിച്ചാക്കാമെന്ന് ഇരുവര്‍ക്കും തോന്നി. നായകന്‍ ഏറെ സന്തോഷിക്കുന്ന പഴയ കാലഘട്ടം വര്‍ണാഭമാണ്. മനസ്സ് വിഷമിക്കുന്ന പിന്നീടുള്ള കാലങ്ങളില്‍ നിറം മങ്ങിമങ്ങി വരുന്നു. അങ്ങനെ ചെയ്യാമെന്ന് തീരുമാനമെടുത്തിരിക്കുമ്പോഴാണ് ഇതേ കാഴ്ചപ്പാട് പങ്കുവെക്കാന്‍ സലിമിനെ റസൂല്‍ പൂക്കുട്ടി വിളിക്കുന്നത്. ‘നമുക്ക് ശബ്ദങ്ങളിലൂടെയും നായകന്‍െറ ഒറ്റപ്പെടല്‍ അനുഭവിപ്പിച്ചാലോ? വീട്ടുകാര്‍ നായകനില്‍നിന്ന് അകലുംതോറും സൗണ്ട് എലമെന്‍റുകള്‍ കുറച്ചുകുറച്ച് ശരിക്കും ഒറ്റപ്പെടുമ്പോള്‍ കാറ്റിന്‍െറ ശബ്ദം മാത്രമാക്കാം’. സമ്മതം മൂളാന്‍ ആലോചിക്കേണ്ടിയേ വന്നില്ളെന്ന് സലിം അഹമദ്.
ഒരേ മനസ്സുള്ളതിന്‍െറ മറ്റൊരു അനുഭവവും പങ്കുവെക്കാനുണ്ട് റസൂല്‍ പൂക്കുട്ടിക്ക്. സിനിമയുടെ കഥാസന്ദര്‍ഭങ്ങളെല്ലാം സലിം പൂക്കുട്ടിയുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, തിരക്കഥ ചോദിച്ചപ്പോള്‍ തരില്ല, ചിത്രീകരിച്ചശേഷം കണ്ടാല്‍ മതിയെന്നായിരുന്നു മറുപടി. അങ്ങനെ ഫസ്റ്റ് കട്ട് ആണ് കാണുന്നത്. സൗണ്ട് മിക്സിങ് തുടങ്ങിയപ്പോള്‍ എല്ലാം കഴിഞ്ഞ് കണ്ടാല്‍ മതിയെന്നുപറഞ്ഞ് സലിമിനെ പൂക്കുട്ടിയും അടുപ്പിച്ചില്ല. രണ്ടു ദിവസം മാത്രമാണ് സലിം വന്നത്. എല്ലാം കഴിഞ്ഞപ്പോള്‍ ആകെ മൂന്നിടത്ത് മാത്രമേ തിരുത്തലുകള്‍ വേണ്ടി വന്നുള്ളൂ.
നിര്‍മാണത്തില്‍ പങ്കാളികളായ ടി.പി. സുധീഷ്, അഡ്വ. ടി.കെ. ഹാഷിക്ക് എന്നിവരും സലിമിന്‍െറ സുഹൃത്തുക്കളാണ്. നിര്‍മാണപങ്കാളികളെ കണ്ടത്തൊനുള്ള സലിമിന്‍െറ പല യാത്രകളിലും ഇരുവരും ഒപ്പമുണ്ടായിരുന്നു. റിസ്കെടുക്കാന്‍ ആരും തയാറാവാതെവന്നപ്പോള്‍ പ്രവാസത്തെ അടയാളപ്പെടുത്തുന്ന ഈ സിനിമ സംഭവിക്കണം എന്ന ആഗ്രഹത്താലാണ് പ്രവാസികളായ ഇരുവരും ലാഭേച്ഛയില്ലാതെ സലിമിനൊപ്പം നിന്നത്.
തന്‍െറ ‘മനസ്സറിഞ്ഞ’ മറ്റൊരാള്‍ കൂടിയുണ്ടെന്ന് സലിം അഹമദ്. സലിമിന്‍െറ മനസ്സില്‍ മാത്രമുള്ള ‘പത്തേമാരി’യുടെ കഥ ‘കണ്ട’ ഒരു പ്രവാസി. ചിത്രീകരണം നടക്കുമ്പോഴേ തന്‍െറ കഥ മോഷ്ടിച്ചെന്നാരോപിച്ച് അയാള്‍ കേസ് നല്‍കി. കോടതിയില്‍ നിന്നുകിട്ടിയ അയാളുടെ കഥ വായിച്ചപ്പോള്‍ സലിമിന് തോന്നി -ഇത് ഞാന്‍ മറ്റെവിടെയോ വായിച്ചിട്ടുണ്ട്. അങ്ങനെ തിരഞ്ഞുകണ്ടത്തെി. ടി.വി. കൊച്ചുബാവയുടെ ‘സ്വപ്നങ്ങളില്‍നിന്ന് സ്വപ്നങ്ങളിലേക്കൊരു കബീര്‍’ എന്ന കഥയാണ് അയാള്‍ തന്‍േറതാണെന്ന് അവകാശപ്പെട്ടിരിക്കുന്നത്. കാട്ടൂരില്‍ നടന്നൊരു സംഭവം ആസ്പദമാക്കിയെഴുതിയ കഥയാണ്. ആ വീട്ടില്‍ സലിം പോയിട്ടുമുണ്ട്. സത്യം ബോധ്യമായ കോടതി അയാള്‍ കൊച്ചുബാവയുടെ കഥ കോപ്പിയടിച്ചതാണെന്ന് വിധിച്ചു. സിനിമയുടെ തിരക്കുകള്‍ കഴിഞ്ഞ സ്ഥിതിക്ക് അയാള്‍ക്കെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് സലിം അഹമദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.