രജനീകാന്ത് @ 75; തമിഴ്നാടിന്‍റെ തലൈവർക്ക് ഇന്ന് പിറന്നാൾ...

തമിഴ് സിനിമ പ്രേക്ഷകരെ സംബന്ധിച്ച് തലൈവർ എന്നത് വെറുമൊരു വാക്കല്ല, അതൊരു വികാരമാണ്. രജനീകാന്തിന്‍റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് 50 വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും ആ മനുഷ്യൻ തമിഴ് പ്രേക്ഷകർക്ക് നൽകുന്ന ആവേശം മാറ്റമില്ലാതെ തുടരുകയാണ്. പ്രിയ താരത്തിന്‍റെ കരിയറിന്‍റെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ആരാധകർ ഇന്ന് മറ്റൊരു ആഘോഷത്തിലാണ്. തമിഴ് സിനിമയുടെ തലൈവർക്ക് 75 തികയുകയാണ് ഇന്ന്.

1975ൽ ബാലചന്ദറാണ് തന്‍റെ ചിത്രമായ അപൂർവരാഗങ്ങളിൽ ശിവാജി റാവു ഗെയ്ക്‌വാദ് എന്ന പുതുമുഖ നടനെ അവതരിപ്പിക്കുന്നത്. ശിവാജി ഗണേശന്റെ പേരിനോട് സാമ്യമുള്ള പേര് തുടക്കക്കാരനായ ഒരു യുവ നടനെ സംബന്ധിച്ചിടത്തോളം ആവശ്യമില്ലാത്ത താരതമ്യങ്ങൾക്ക് കാരണമാകും എന്ന ചിന്തയിലാണ് സംവിധായകൻ ആ നടന് പുതിയൊരു പേര് നിർദേശിക്കുന്നത്. അവിടെയൊരു ചരിത്രം പിറക്കുകയായിരുന്നു. അന്നു മുതലാണ് ശിവാജി റാവു രജനീകാന്താകുന്നത്.

171ലധികം ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്‍റെ സ്ഥാനം അദ്ദേഹം അടയാളപ്പെടുത്തിക്കഴിഞ്ഞു. ദളപതി, അണ്ണാമലൈ, ബാഷ, മനിതന്‍, അരുണാചലം, മുത്തു, പടയപ്പ, ചന്ദ്രമുഖി, ശിവാജി, യെന്തിരന്‍, കാലാ, കബാലി, ജയിലര്‍, കൂലി തുടങ്ങി ആരാധകര്‍ ആഘോഷമാക്കിയ എത്രയെത്ര സിനിമകൾ. കരിയറിന്‍റെ അമ്പതാം വർഷത്തിലെത്തിയ താരം അഭിനയം നിർത്തുന്നു എന്ന റിപ്പോർട്ട് പുറത്തു വരുന്നുണ്ട്. കമൽഹാസനൊപ്പം അഭിനയിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം രജനീകാന്തിന്റെ വിടവാങ്ങൽ ചിത്രമായിരിക്കുമെന്നാണ് വിവരം. 2028ൽ മാത്രമേ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാകൂ.

രജനീകാന്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് ചില ചിത്രങ്ങൾ റീ റിലീസ് ചെയ്യുന്നുണ്ട്. സൂപ്പർ ഹിറ്റ് ചിത്രം പടയപ്പ ഇന്ന് റീ റിലീസ് ചെയ്യും. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ശിവാജി ഗണേശൻ, സൗന്ദര്യ, ലക്ഷ്മി, സിതാര, രാധ രവി, മണിവണ്ണൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. രജനീകാന്തിന്‍റെ മാസ് സീനികുൾ തിയറ്ററിൽ കാണാൻ പുതുതലമുറക്ക് അവസരം ലഭിക്കുകയാണ് പടയപ്പയുടെ റീ റിലീസിലൂടെ. 1992ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം അണ്ണാമലൈയും വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. രജനീകാന്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. അദ്ദേഹത്തിന് 'സൂപ്പർ സ്റ്റാർ' എന്ന പദവി നൽകുന്ന ആദ്യ ചിത്രം കൂടിയാണിത്.

Tags:    
News Summary - rajanikanth birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.