വലയെറിഞ്ഞ് വലയെറിഞ്ഞ് വാസവന്‍ മലയാള സിനിമക്ക് സമ്മാനിച്ചത് പുരസ്കാരക്കൊയ്ത്ത്. കേരളത്തിന്‍െറ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘സുവര്‍ണചകോരം’ അടക്കം നാലു പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ജയരാജ് സംവിധാനം ചെയ്ത ‘ഒറ്റാലി’ലെ നായകനാണ് മത്സ്യബന്ധന തൊഴിലാളിയായ കുമരകം അട്ടിപ്പീടിക ആശാരിചെരിവ് പുളിക്കിയില്‍ വാസവന്‍ (70). ദേശീയ-സംസ്ഥാന പുരസ്കാരങ്ങളുടെ തിളക്കം വിട്ടുമാറും മുമ്പാണ് ചരിത്രത്തിലാദ്യമായി ‘സുവര്‍ണചകോരം’ മലയാളത്തിന് സ്വന്തമായത്. സിനിമ കണ്ടുപോലും പരിചയമില്ലാതെ സിനിമയിലത്തെിയ നാട്ടുകാരുടെ ‘മീശമാധവന്’ പക്ഷേ, ജീവിതത്തിലെ സ്വാഭാവിക സ്ക്രീനിലെ ആവലാതികളില്‍നിന്ന് രക്ഷതേടാനുള്ള വഴി ഇപ്പോഴും തെളിഞ്ഞിട്ടില്ല. പ്രായാധിക്യത്തിന്‍െറ അവശതയും സാമ്പത്തിക ക്ളേശവും ഒന്നിച്ചത്തെിയപ്പോള്‍ ഉപജീവനമായ മീന്‍പിടിത്തം മുടങ്ങിയതിന്‍െറ നിരാശയിലും കുമരകത്തെ കാഴ്ചകളും ജീവിതാനുഭവങ്ങളും പകര്‍ന്നുനല്‍കുന്ന ചിത്രം ഉയരങ്ങള്‍ കീഴടക്കുന്നതിന്‍െറ സന്തോഷം മറച്ചുവെക്കുന്നുമില്ല.
30 വര്‍ഷത്തോളം ആനപാപ്പാനായി ജോലി ചെയ്തിട്ടുണ്ട് വാസവന്‍. ചാന്നാനിക്കാട് രാമചന്ദ്രന്‍െറ പാപ്പാനായിരുന്നു വര്‍ഷങ്ങളോളം. ശരീരം അനുവദിക്കാതായതോടെ പാപ്പാന്‍ പണി നിര്‍ത്തി കായലില്‍ മീന്‍ പിടിക്കാന്‍ പോയി. നടുവേദനയായിരുന്നതിനാല്‍ കുറെ ദിവസം വീട്ടിലിരുന്നശേഷം വള്ളവുമെടുത്ത് കായലില്‍ ഇറങ്ങിയപ്പോഴാണ് ‘സിനിമയിലെടുത്തത്’. ലൊക്കേഷന്‍ തേടി കുമരകം ഭാഗത്തുകൂടി ബോട്ടില്‍ കറങ്ങുന്നതിനിടെയാണ് ജയരാജ് തോണി തുഴഞ്ഞുപോകുന്ന വാസവനെ കണ്ടത്. നല്ലവില കിട്ടുന്ന കൊഞ്ചും പിടിച്ച് മടങ്ങുന്നതിനിടെയായിരുന്നു ആ കൂടിക്കാഴ്ച. ബോട്ടിലുണ്ടായിരുന്നവര്‍ കൈകാട്ടി വിളിച്ചപ്പോള്‍ മീന്‍ വാങ്ങാനാണെന്ന് കരുതിയാണ് വാസവന്‍ ചെല്ലുന്നത്. വാസവന്‍െറ കൊമ്പന്‍മീശ ഇഷ്ടപ്പെട്ട ജയരാജ് സിനിമയില്‍ കൂടാമായെന്ന് ചോദിച്ചു. ‘നേരാവണ്ണം പടം പോലും കാണാത്ത ഞാന്‍ ഏങ്ങനെയാണ് അഭിനയിക്കുക’ എന്നായിരുന്നു മറുപടി. കാശ് തന്നാല്‍ കൂടെ വരാമെന്ന് പറഞ്ഞപ്പോള്‍ ജയരാജ് നായകനെയും ലൊക്കേഷനും തിരയുന്നത് നിര്‍ത്തി. കുമരകത്തെ കൊടിയന്തറ വീട്ടിലായിരുന്നു ആദ്യ ഷോട്ട്. താറാവ് മുട്ടയുമായി മുതലാളിയുടെ വീട്ടില്‍ എത്തുന്നതായിരുന്നു രംഗം. അദ്യ ടേക് തന്നെ ഒ.കെയായിരുന്നു.
താറാവുകര്‍ഷകനായ 70 വയസ്സുകാരന് കുട്ടപ്പായി എന്ന അനാഥബാലനെ അപ്രതീക്ഷിതമായി ലഭിക്കുന്നതും ആ കുട്ടിയെ സംരക്ഷിക്കുന്നതുമാണ് ‘ഒറ്റാലി’ന്‍െറ ഇതിവൃത്തം. താറാവ് കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയുടെ ജീവിത കഥയാണ് പറയുന്നത്. ആന്‍റണ്‍ ചൊക്കോവിന്‍െറ ‘വാങ്ക’ എന്ന ചെറുകഥയാണ് ചിത്രത്തിന് പ്രചോദനമായത്. സിനിമയിലെ പ്രധാന കഥാപാത്രമായ താറാവ് കര്‍ഷകന്‍ വല്യപ്പച്ചായിയെയാണ് വാസവന്‍ അവതരിപ്പിച്ചത്. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമ ശ്രദ്ധനേടിയത് അഭിനയംപോലും പരിചയമില്ലാത്ത വാസവനിലൂടെയാണെന്നത് ഇരട്ടിമധുരം നല്‍കുന്നു. കുമരകത്തും വേമ്പനാട്ട് കായലിലുമായിരുന്നു ചിത്രീകരണം. ഏതാണ്ട് ഒരുമാസത്തോളം കുമരകം, ആര്‍ ബ്ളോക്, അട്ടപ്പീടിക, എം.എം ബ്ളോക് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമ പൂര്‍ത്തിയാക്കിയത്.
ചലച്ചിത്രമേളയില്‍ ‘സുവര്‍ണചകോരം’ കൂടാതെ ചലച്ചിത്ര നിരൂപകരുടെ രാജ്യാന്തര സംഘടനയായ ഫിപ്രസിയുടെ മികച്ച ചിത്രം, പ്രേക്ഷകരുടെ മികച്ച ചിത്രം, ഏഷ്യന്‍ സിനിമയുടെ പ്രോത്സാഹനത്തിനുള്ള സംഘടനയായ നെറ്റ്പാക്കിന്‍െറ മികച്ച മലയാള ചലച്ചിത്രം എന്നീ അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയപുരസ്കാരവും 2014ലെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ‘ഒറ്റാലി’ന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.