ന്യൂഡല്‍ഹി: സിനിമാശാലകളില്‍ ഓരോ പ്രദര്‍ശനത്തിനും മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ദേശീയഗാനം കേള്‍പ്പിക്കുന്ന സമയത്ത് എല്ലാവരും ആദരവോടെ എഴുന്നേറ്റ് നില്‍ക്കണമെന്നും ദേശീയപതാക സ്ക്രീനില്‍ കാണിക്കണമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് ഘോഷ് എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. ഒരാഴ്ചക്കകം ഉത്തരവ് നടപ്പാക്കണം. ദേശീയഗാനവും പതാകയും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ദേശീയഗാനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഹാളിന്‍െറ വാതിലുകള്‍ അടക്കണം. ദേശീയഗാനം കഴിഞ്ഞ ശേഷമേ തുറക്കാവൂ. സിനിമാശാലകളില്‍ ദേശീയഗാനം കേള്‍ക്കുന്ന ശീലം ദേശഭക്തിയോടും ദേശീയതയോടും പ്രതിബദ്ധതയുണ്ടാക്കുമെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ദേശീയഗാനം ഭരണഘടനാപരമായ ദേശഭക്തിയുടെ പ്രതീകമാണെന്ന് തിരിച്ചറിയേണ്ട സമയം സമാഗതമായി.
സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തിപരമായി മനസ്സിലാക്കിയ ധാരണകളില്‍ അഭിരമിക്കുന്നവര്‍ ധാരാളമുണ്ടെന്ന് ബെഞ്ച് കുറ്റപ്പെടുത്തി. അത്തരം ധാരണകള്‍ ഇല്ലാതാകണം. ഭോപാലില്‍നിന്നുള്ള ശ്യാം നാരായണ്‍ ചൗസ്കി സമര്‍പ്പിച്ച ഹരജിയില്‍ ടി.വി ഷോകളിലും സിനിമകളിലും ദേശീയഗാനം ദുരുപയോഗം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഹരജിക്കാരന്‍െറ ഈ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി ദേശീയഗാനത്തെ നാടകീയമായി അവതരിപ്പിക്കുന്നതും വിനോദത്തിന് വിവിധ ഷോകള്‍ക്കായി ഉപയോഗിക്കുന്നതും പൂര്‍ണമായി നിരോധിച്ചു. ദേശീയഗാനം ഏതെങ്കിലും മാന്യമല്ലാത്ത വസ്തുക്കളില്‍ അച്ചടിക്കരുത്.
അവമതിയുണ്ടാക്കുന്ന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കരുത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുമരുത്. സാമ്പത്തികമായ നേട്ടത്തിന് ദേശീയഗാനം ചൂഷണം ചെയ്യരുത്. ഏതെങ്കിലും വിനോദ പരിപാടിയുടെയോ ഷോയുടെയോ ഭാഗമായി ദേശീയഗാനം അവതരിപ്പിക്കാനും പാടില്ല. 1951ലെ ദേശീയ ഉപചാരങ്ങളെ നിന്ദിക്കുന്നത് തടയല്‍ നിയമ പ്രകാരം ദേശീയഗാനം ആലപിക്കുമ്പോള്‍ ആദരിക്കേണ്ടത് ഏതൊരാളുടെയും ഉത്തരവാദിത്തമാണെന്ന് ബെഞ്ച് തുടര്‍ന്നു. ഇടക്കാല ഉത്തരവ് ചീഫ് സെക്രട്ടറിമാര്‍ക്ക് എത്തിക്കണമെന്നും പത്ര-ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
സുപ്രീംകോടതിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത അറ്റോണി ജനറല്‍ മുകുല്‍ രോഹതഗി ബോധിപ്പിച്ചു. സിനിമകള്‍ക്കുശേഷം ദേശീയഗാനം കേള്‍പ്പിക്കല്‍ 1960 മുതല്‍ നിര്‍ബന്ധമായിരുന്നു. പിന്നീട് ഇത് അപ്രത്യക്ഷമായി. സിനിമക്ക് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് 2003ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.