ദേശീയ ഗാനത്തിന്​ എഴുന്നേൽക്കാത്ത ആറുപേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍  എഴുന്നേൽക്കാത്തതിന് മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആറ് ഡെലിഗേറ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരായ സുല്‍ത്താന്‍ ബത്തേരി കുറക്കണ്ടി പുതുപ്പറമ്പ് ഹൗസില്‍ ജോയല്‍ സി. ജോസ് (25), കോഴിക്കോട് മണ്ണാത്തിവയല്‍ ഗോകുലത്തില്‍ എസ്. വിനേഷ്കുമാര്‍ (34), കോട്ടയം മേല്‍വെള്ളൂരില്‍ വി.കെ. രതിമോള്‍(26), ഗ്രാഫിക് ഡിസൈനറും കാസര്‍കോട് നീലേശ്വരം സ്വദേശിയുമായ പി.സി. നൗഷാദ്(31), നീലേശ്വരം ചേരമല്‍ ഹൗസില്‍ സി.എച്ച്. ഹനീഫ (39), കോഴിക്കോട് കുട്ടോത്ത് കുന്നുമ്മല്‍ വീട്ടില്‍ അശോക്കുമാര്‍ (52) എന്നിവരാണ് പിടിയിലായത്.
ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. രാത്രിയോടെ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. രാത്രി വൈകി അഞ്ചുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇവരെയും പിന്നീട് വിട്ടയച്ചു.
തിങ്കളാഴ്ച വൈകീട്ട് ആറിന് നിശാഗന്ധിയിലാണ് സംഭവങ്ങളുടെ തുടക്കം. ഡെലിഗേറ്റുകളുടെ പ്രതിഷേധത്തത്തെുടര്‍ന്ന് രാവിലെ 11.30ന് കലാഭവനില്‍ മാറ്റിവെച്ച മത്സരചിത്രമായ ‘ക്ളാഷ്’ ആണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പുതന്നെ ദേശീയഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേല്‍ക്കണമെന്ന് സംഘാടകര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ദേശീയഗാനം ആരംഭിച്ചപ്പോള്‍ പിന്‍നിരയില്‍ ഇരുന്ന ആറുപേരും എഴുന്നേറ്റില്ല. ഇവരോട് എഴുന്നേല്‍ക്കാന്‍ സംഘാടകരും പൊലീസും ആംഗ്യം കാട്ടിയെങ്കിലും അനുസരിച്ചില്ല. ഇതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം, തങ്ങള്‍ ദേശീയഗാനം തുടങ്ങുന്ന സമയത്താണ് എത്തിയതെന്നും അതുകൊണ്ട് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ളെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. രാത്രി ഒമ്പതോടെ സിനിമ കണ്ട് ഇറങ്ങുമ്പോഴാണ് അഞ്ചുപേരെക്കൂടി കസ്റ്റഡിയിലെടുക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11ന് ടാഗോര്‍ തിയറ്റര്‍ വളപ്പില്‍ പ്രതിഷേധ പരിപാടി നടത്തുമെന്ന് ഡെലിഗേറ്റുകളുടെ കൂട്ടായ്മ അറിയിച്ചു.

 

Tags:    
News Summary - six people in police custody on national anthem issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.