പൃഥ്വിരാജ്, നിങ്ങളിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചത് -അഡ്വ. രശ്മിത രാമചന്ദ്രൻ

കോഴിക്കോട്; ശബരിമല യുവതീ പ്രവേശനത്തിനെതിരായ നിലപാട് സ്വീകരിച്ച നടൻ പൃഥ്വിരാജിനെ വിമർശിച്ച് സുപ്രീംകോടതി അഭ ിഭാഷക രശ്മിത രാമചന്ദ്രൻ. സ്ത്രീകൾക്ക് പോകാൻ വേറെ എത്ര അമ്പലങ്ങളുണ്ട്, ശബരിമലയിൽ ചെന്ന് അവിടുത്തെ സമാധാനം എന്ത ിന് നശിപ്പിക്കുന്നുവെന്ന് എത്ര അനായാസമാണ് നിങ്ങൾ ചോദിച്ചതെന്നും രശ്മിത കുറ്റപ്പെടുത്തി.

ദർശനം നടത്താൻ എ ത്തിയ സ്ത്രീകളാണോ അവരെ തടയാനും ഉപദ്രവിക്കാനും അവരുടെ തലയിൽ തേങ്ങ ഉടയ്ക്കാനും ശബരിമലയിൽ തമ്പടിച്ച സാമൂഹിക ദ് രോഹികളാണോ സമാധാനം തകർക്കുന്നതെന്ന് രശ്മിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിച്ചു.

ഫേസ്ബുക്ക് പ ോസ്റ്റിന്‍റെ പൂർണരൂപം:

പ്രിയപ്പെട്ട പൃഥ്വിരാജ്,
നിങ്ങൾ അഭിനയിച്ച സിനിമകളേക്കാൾ നിങ്ങൾ സിനിമയി ലും പുറത്തും എടുത്ത നിലപാടുകളായിരുന്നു നിങ്ങളെ ഞങ്ങളുടെ പ്രിയങ്കരനാക്കിയത്... സൂപ്പർ സ്റ്റാർ ആധിപത്യത്തിനെതി രെ പറയാതെ പറഞ്ഞതും, നടിയുടെ അന്തസ്സിനൊപ്പം പറഞ്ഞു തന്നെ നിന്നതും ഞങ്ങൾ ആരവങ്ങളോടുകൂടെത്തന്നെയാണ് സ്വീകരിച്ചത്. പൃഥ്വി രാജെന്ന നടനൊപ്പം നിലപാടുകൾ എന്നു കൂടെ ഞങ്ങൾ ചേർത്തു വായിച്ചു... നിങ്ങളുടെ നിലപാടുകളിൽ " ന്യൂ നോർമലിനെ " സ്വീകരിക്കാത്ത കരളുറപ്പുള്ള, ബോധ്യങ്ങളുള്ള ഒരു ചെറുപ്പക്കാരനെ ഞങ്ങൾ കണ്ടു... എന്നാൽ, ഇന്നലെ...!

എത്ര അനായാസമായാണ് നിങ്ങൾ ചോദിച്ചു കളഞ്ഞത് സ്ത്രീകൾക്ക് പോകാൻ എത്ര അമ്പലങ്ങളുണ്ട്, ശബരിമലയിൽ ചെന്ന് അവിടുത്തെ സമാധാനം എന്തിനു നശിപ്പിക്കുന്നുവെന്ന്!

ശബരിമലയിൽ ദർശനം നടത്തുന്ന സ്ത്രീകളാണോ അതോ അവരെ തടയാനും ഉപദ്രവിക്കാനും അവരുടെ തലയിൽ തേങ്ങ ഉടയ്ക്കാനും മലയിൽ തമ്പടിച്ച സാമൂഹികദ്രോഹികളാണോ അവിടുത്തെ സമാധാനം നശിപ്പിക്കുന്നത്? നിങ്ങൾ എത്ര പെട്ടെന്നാണ് മലയിൽ കയറിയാൽ സ്ത്രീകൾക്കെതിരെ അക്രമം നടത്തുമെന്നു ശഠിക്കുന്ന "ന്യൂ നോർമൽ സിയെ " ആലിംഗനം ചെയ്തത്? നിങ്ങളുടെ സഹോദരിയോ കൂട്ടുകാരിയോ അമ്മയോ മകളോ ഭാര്യയോ രാത്രി വൈകി യാത്ര ചെയ്യുമ്പോൾ ആക്രമിക്കപ്പെട്ടാൽ നിങ്ങൾ അവരോടു ചോദിക്കുമോ സാമൂഹിക ദ്രോഹികളെക്കൊണ്ട് നിയമം ലംഘിപ്പിക്കാനായി അവർ എന്തിനു രാത്രി പുറത്തിറങ്ങി നടന്നുവെന്ന്? അതേ സമയം വീട്ടിനകത്തു സുരക്ഷിതമായി അവർക്കു ചെയ്യാമായിരുന്ന എത്ര മനോഹരമായ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നുവെന്ന്? നിങ്ങളുടെ ഒരു സഹപ്രവർത്തക തൊഴിലിടത്തിൽ അപമാനിക്കപ്പെട്ടാൽ നിങ്ങൾ ചോദിക്കുമോ എന്തിനാണ് അവർ ഈ തൊഴിൽ തന്നെ തിരഞ്ഞെടുത്തത്, ഇങ്ങനെ അപമാനിക്കപ്പെടാത്ത / ചൂഷണം ചെയ്യപ്പെടാത്ത എത്രയോ തൊഴിൽ മേഖലകൾ വേറെ എത്രയോ ഉണ്ടായിരുന്നെന്ന്? നിങ്ങൾ അതു ചോദിക്കില്ല... കാരണം നിങ്ങൾക്കറിയാം ഇന്ത്യൻ ഭരണഘടന ഒരു സ്ത്രീക്ക് അന്തസ്സോടെ തുല്യതയോടെ തൊഴിൽ ചെയ്യാനും സഞ്ചരിക്കാനും അവകാശം നല്കുന്നുണ്ട് എന്ന്. എന്നാൽ നിങ്ങൾക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാം അതേ ഭരണഘടന സ്ത്രീക്ക് അവൾക്കിഷ്ടമുള്ള ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം/അവകാശം കൂടെ നല്കുന്നുണ്ട് എന്ന്... ഭരണഘടനയുടെ ആമുഖത്തിൽ [ പ്രിയാമ്പിളിൽ ] ത്തന്നെ അതു പറയുന്നുണ്ട്...

"വീ ദ പീപ്പ്ൾ ഓഫ് ഇന്ത്യ ഹാവിങ് സോളം ലി റിസോൾവ് ഡ് ടു കോൺസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഇൻറു എ സോവ റെയ്ൻ സോഷ്യലിസ്റ്റ് സെകുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക് ആൻഡ് ടു സെക്യുർ ടു ഓൾ ഇറ്റ്സ് സിറ്റിസൺസ്... ലിബർട്ടി ഓഫ് തോട്ട്, എക്സ്പ്രഷൻ, ബിലീഫ്, ഫെയ്ത് ആൻഡ് എക്സ്പ്രഷൻ..."

ചിന്തയുടെ സ്വയം പ്രകാശനത്തിന്‍റെ വിശ്വാസത്തിന്‍റെ ഒക്കെ സ്വാതന്ത്ര്യം പൗരർ എന്ന നിലയിൽ സ്ത്രീക്കും പുരുഷനും രണ്ടല്ല എന്നിനി പ്രത്യേകിച്ചു പറയണ്ടല്ലോ? അപ്പോൾ സ്ത്രീകൾ മറ്റമ്പലങ്ങൾ കൊണ്ട് തൃപ്തി അടയണം എന്ന താങ്കളുടെ ആഹ്വാനത്തിന്‍റെ യുക്തി എന്താണ്?

പിന്നെ, ചരിത്രത്തിൽ എന്നും ഇതുപോലെയുള്ള യുക്തിരഹിത ആഹ്വാനങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട് കേട്ടോ ! സ്വാതന്ത്ര്യ സമരമെന്തിന്, ബ്രിട്ടീഷുകാർ ഇന്ത്യക്കാരുടെയും കാര്യങ്ങൾ വേണ്ട പോലെ നോക്കുന്നുണ്ടല്ലോ എന്നു ചോദിച്ച "എലീറ്റുകൾ"ക്ക് ചെവി കൊടുക്കാതെ സ്വാതന്ത്ര്യത്തിൽ കുറഞ്ഞൊന്നും ഞങ്ങൾക്കു വേണ്ട എന്നു കരുതി സമരം ചെയ്ത അന്തസ്സുള്ള ഇന്ത്യക്കാർ മൂലമാണ് നാം ഇന്ത്യൻ പൗരന്മാരായി സ്വതന്ത്ര ഇന്ത്യയിൽ നെഞ്ചുവിരിച്ചു നടക്കുന്നത്... അതു കൊണ്ടാണ് നമ്മളിൽ ച്ചിലർ വാങ്ങുന്ന കോടികളുടെ ലമ്പോഗിനി ഓടിക്കാൻ പാകത്തിൽ വീട്ടറ്റം വരെയുള്ള റോഡു നന്നാക്കണമെന്ന് സർക്കാരിനോട് പൗരൻ എന്ന നിലയിൽ ആവശ്യപ്പെടാൻ കഴിയുന്നത്! സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ഔദാര്യങ്ങൾ അല്ലാതെ, പൗരന്റെ അവകാശങ്ങൾ ആകുന്നത്!
അതു കൊണ്ട്...

നടക്കാൻ മൂന്നു ചുറ്റും വഴിയുണ്ടായിട്ടും നാലാമത്തെ വഴി ജാതി താഴ്മയുടെ പേരിൽ അടച്ചപ്പോൾ അന്തസ്സും ചോരത്തിളപ്പുമുള്ളവർ സമരം ചെയ്തു നാലാമത്തെ വഴി തുറപ്പിച്ച നാട്ടിൽ, പലവക അമ്പലങ്ങളിൽ പ്രവേശനമുണ്ടായിട്ടും ഗുരുവായൂർ അമ്പലത്തിൽ പ്രവേശനം നിഷേധിച്ചപ്പോൾ അതിനെതിരെ ഉശിരോടെ സമരം നയിച്ചവരുടെ നാട്ടിൽ പതിറ്റാണ്ടുകൾക്കിപ്പുറം പൃഥ്വിരാജ് സുകുമാരൻ ഇങ്ങനെ ഒരു യുക്തിരഹിത ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു.

എന്ന് അന്തസ്സുള്ള ഒരു ഇന്ത്യൻ പൗര

Tags:    
News Summary - Sabarimala women entry Actor Prithviraj adv. Reshmitha Ramachandran -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.