ആനക്കൊമ്പ്​ കേസിൽ മോഹൻ ലാലിനെതിരെ ത്വരിതാന്വേഷണം

മൂവാറ്റുപുഴ: ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച സംഭവത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതിന് കേസെടുക്കണമെന്ന് കാണിച്ച് ഏലൂര്‍ ഉദ്യോഗമണ്ഡല്‍ സ്വദേശി പൗലോസ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആനക്കൊമ്പ് മോഹന്‍ലാലിന് കൈമാറിയവര്‍ക്കെതിരെയും അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 13നകം വിജിലന്‍സ് ഡയറക്ടര്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

2012ല്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മോഹന്‍ലാലിന്‍െറ വീട്ടില്‍നിന്ന് ആനക്കൊമ്പ് പിടികൂടിയിരുന്നു. സംഭവം വിവാദമായതോടെ കോടനാട് റേഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ചില്ല. പിന്നീട് വനം വകുപ്പ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം സൂക്ഷിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. അനധികൃതമായി വന്യജീവികളെയോ ബന്ധപ്പെട്ട വസ്തുക്കളോ കൈവശം വെക്കാന്‍ നിയമം അനുവദിക്കുന്നില്ളെന്നും എന്നാല്‍, മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെക്കാന്‍ വനം വകുപ്പ് അനുമതി നല്‍കിയെന്നും ഹരജിയില്‍ ആരോപിച്ചു.

വനം മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറയും ഉന്നത ഉദ്യോഗസ്ഥരുടെയും ഇടപെടല്‍ മൂലമാണ് കേസില്‍ നടപടി ഉണ്ടാകാതിരുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. അതേസമയം, ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നാണ് മോഹന്‍ലാല്‍ മൊഴി നല്‍കിയിരുന്നത്.

Full View
Tags:    
News Summary - Quick verification aginst actor Mohanlal in Ivory case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.