91മത് ഓസ്കര് പുരസ്കാരം പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം. ഇന്ത്യക്കാരി ഗുണീത് മോഗ നിർമ്മിച്ച 'പിരീയഡ്, എൻഡ് ഒാഫ് സെന്‍റൻസ്' മികച്ച ഡോക്യുമെന്‍ററിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ പശ്ചാത്തലമാ യി ഇറാനിയൻ-അമേരിക്കൻ സംവിധായിക റൈക സെതാബ്ചിയും മെലിസ ബെർട്ടനും ചേർന്നാണ് ഈ ഡോക്യുമെന്‍ററി തയാറാക്കിയത്.
ഡോക്യുമെന്‍ററി ഷോർട്ട് സബ്ജക്റ്റ് വിഭാഗത്തിലാണ് പിരീയഡ്, എൻഡ് ഒാഫ് സെന്‍റൻസ് നേട്ടം കൈവരിച്ചത്. ഒാസ്കർ നോമിനേഷൻ പട്ടികയിൽ ഇന്ത്യൻ ബന്ധമുള്ള ഏക ചിത്രമാണിത്.
ഉത്തർപ്രദേശിലെ ഹോപൂരിലെ സ്ത്രീകൾ ആർത്തവ കാലത്ത് നേരിടുന്ന പ്രശ്നങ്ങളാണ് 26 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്‍ററിയുടെ പ്രമേയം. ചുരുങ്ങിയ ചെലവിൽ സാനിറ്ററി നാപ്കിനുകൾ തയാറാക്കുന്നതിന് അരുണാചലം മുരുകാനന്ദം എന്ന ആൾ നിർമിച്ച മെഷീൻ ഗ്രാമത്തിൽ സ്ഥാപിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ വിവരിക്കുന്നത്.
ലോസ് ആഞ്ജലസിലെ ഒാക് വുഡ് സ്കൂളിലെ അധ്യാപിക മെലീസ ബെർട്ടനും ഒരു സംഘം വിദ്യാർഥികളുമാണ് 'ദ് പാഡ് പ്രോജക്റ്റ്' എന്ന പദ്ധതിയുമായി ഹോപുരിലെത്തിയത്. ഈ പദ്ധതിയിലൂടെ ആർത്തവ കാലത്ത് വസ്ത്രങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകളെ തന്നെ രംഗത്തിറക്കാൻ ഇവർക്ക് സാധിച്ചു. ഈ പദ്ധതിയിലൂടെ ആർത്തവകാല ശുചിത്വം വിജയത്തിലെത്തിക്കാൻ സാധിച്ചു.
2009ലാണ് ഇന്ത്യയിലേക്ക് ആദ്യമായി ഓസ്കർ പുരസ്കാരം എത്തുന്നത്. മുംബൈയിലെ ചേരിയുടെ കഥ പറയുന്ന ഡാനി ബോയെൽ സംവിധാനം ചെയ്ത സ്ലംഡോഗ് മില്ല്യനെയർ എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം. സംഗീത സംവിധാനത്തിന് എ.ആർ. റഹ്മാനും ഗാനരചനക്ക് ഗുൽസാറിനും ശബ്ദമിശ്രണത്തിന് റസൂൽ പൂക്കുട്ടിക്കും ഓസ്കർ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.