നഷ്ടപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്‍റെ വില അറിയുക -മോഹന്‍ലാല്‍

ലോക്ഡൗണ്‍ കാലത്തെ ക്ഷമയോടെ നേരിടാനും കാത്തിരിക്കാനുമുള്ള സന്ദേശം പങ്ക് വെച്ച് മോഹന്‍ലാലിന്‍റെ പുതിയ ബ്ലോഗ ്. ലോക്ക് ഡൗണ്‍ തീരാന്‍ 21 ദിവസം കാത്തിരുന്ന ജനതക്ക് വീണ്ടും കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തെ പരാമര്‍ശിച്ചാ ണ് മോഹന്‍ലാൽ ‘വി ഷാള്‍ ഓവര്‍ കം’ എന്ന തലക്കെട്ടോടെ ബ്ലോഗ് എഴുതിയത്. നഷ്ടപ്പെടുമ്പോഴാണ് എന്തിന്‍റെയും വില അറിയ ുന്നതെന്നും സ്വാതന്ത്ര്യവും അങ്ങനെ തന്നെയാണെന്നും താരം ഓര്‍മിപ്പിക്കുന്നു.

കാണാതെ പോയ വീട്ടുവിസ്മയങ്ങള െക്കുറിച്ചും മോഹന്‍ലാല്‍ ഓരോരുത്തരേയുമായ് ഓര്‍മിപ്പിക്കുന്നു. ‘എന്ത് വേഗമായിരുന്നു നമ്മുടെ ഓട്ടത്തിന്, എന് തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാന്‍, ഈ ഓട്ടത്തിനിടെ നാം കണ്ടതെത്ര! കാണാതെ പോയതെത്ര! കേട്ടതെത്ര, കേള്‍ക്കാ തെ പോയതെത്ര...! കണ്ട വിദൂരവിസ്മയങ്ങളേക്കാള്‍ മോഹനം, കാണാതെ പോയ, വീട്ടുവിസ്മയങ്ങളാണെന്ന് ചിലരെങ്കിലും തിരിച്ചറി ഞ്ഞിരിക്കും.’ മോഹന്‍ലാല്‍ കുറിച്ചു.

ലോക്ഡൌണ്‍ നീട്ടിയ സാഹചര്യം പരിഗണിച്ച് എല്ലാവരും കാത്തിരിക്കേണ്ടതുണ് ടെന്നും ക്ഷമയോടെ എല്ലാവരും അതിന് തയാറാകണമെന്നും അദ്ദേഹം തന്‍റെ ബ്ലോഗിലൂടെ പറയുന്നു. ‘രാജ്യം പറഞ്ഞു, അരുത്, ആയി ട്ടില്ല അല്‍പം കൂടി ക്ഷമിക്കൂ നിങ്ങള്‍ക്ക് വേണ്ടി, നമുക്ക് വേണ്ടി, ഈ നാടിന് വേണ്ടി’ മോഹന്‍ലാല്‍ എഴുതി.

ബ്ലോ​ഗിന്റെ പൂർണരൂപം

കാത്തിരിക്കുകയായിരുന്നു നമ്മളെല്ലാം ഇരുപത്തിയൊന്ന് ദിവസത്ത അടച്ചിരിപ്പിന് ശേഷം സ്വാതന്ത്ര്യത്തോടെ ഈ ലോകത്തേക്കിറങ്ങാൻ.നാം നടന്ന വഴികളിലേക്ക്, കൂട്ട് കൂടിയിരുന്ന ഇടങ്ങളിലേക്ക്, നമ്മുടെ അങ്ങാടികളിലേക്ക്, കടലോരങ്ങളിലേക്ക്, കളിസ്ഥലങ്ങളിലേക്ക്,ആഘോഷ​സംഗമങ്ങളിലേക്ക്, തൊഴിലിടങ്ങളിലേക്ക്, ആരാധനാലയങ്ങളിലേക്ക്, ഉത്സവപറമ്പുകളിലേക്ക്, ഹൃദ്യമായ സായാഹ്നങ്ങളിലേക്ക്, സന്തോഷ പൂർണമായ രാവുകളിലേക്ക് തിരിച്ചു പോകാൻ, ജീവിതത്തെ തിരിച്ചു പിടിക്കാൻ, അതേ നാമെല്ലാം കാത്തിരിക്കുകയായിരുന്നു. നമ്മൾ കാത്തിരിക്കുകയായിരുന്നു

ലോക്ക്ഡൗണിന്റെ അതിർത്തികൾക്കപ്പുറം തനിച്ചായി പോയ മാതാപിതാക്കളെ കാണാൻ, കുടുംബത്തെ കാണാൻ, കുഞ്ഞുങ്ങളെ ചേർത്തുപിടിക്കാൻ, രോ​ഗികളായ പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ, മുറിഞ്ഞു പോയ സൗഹൃദങ്ങിൽ വീണ്ടും കണ്ണിചേരാൻ.. നാമെല്ലാം വെമ്പലോടെ കാത്തിരിക്കുകയായിരുന്നു.

നമുക്ക് ചെയ്ത് തീർക്കാൻ ഏറെയുണ്ടായിരുന്നു. പാതിയിൽ നിന്നു പോയ ജോലികൾ, വീട്ടേണ്ട ബാധ്യതകൾ, മുടങ്ങതിരിക്കേണ്ട കടമകൾ, മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ. എന്നാൽ രാജ്യം പറഞ്ഞു, അരുത് ആയിട്ടില്ല, അൽപം കൂടി ക്ഷമിക്കൂ.. നിങ്ങൾക്ക് വേണ്ടി, നമുക്ക് വേണ്ടി ഈ നാടിന് വേണ്ടി. സ്വാതന്ത്രൃത്തിന്റെ പടിവാതിക്കൽ വച്ച് വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോൾ നാം തിരിച്ചെത്തുന്നത് നമ്മളിലേക്ക് തന്നെയാണ്. നമ്മുടെ തന്നെ ഓർമകളിലേക്ക്, കടന്നു പോയ വഴികളിലേക്ക്.

നഷ്ടപ്പെടുമ്പോഴാണ് എന്തിന്റെയും വില അറിയുന്നത്. സ്വാതന്ത്രൃവും അങ്ങനെ തന്നെ. ഈ ഭൂമിയിൽ, ഈ നാട്ടിൽ നാം എത്ര മേൽ സ്വതന്ത്രരായിരുന്നു. സ്കൂളിലേക്ക് നാം നടന്ന പോയ വഴികൾ, നാം കളിച്ച വീട്ടു തൊടികൾ, വളരും തോറും നാം കണ്ട സ്വപ്നങ്ങൾ, നാം തേടിയ ജോലികൾ, ഒടുവിൽ എത്തിച്ചേർന്ന ഇടങ്ങൾ, നമ്മുടെ അധ്വാനങ്ങൾ, ആത്മസംതൃപ്തികൾ, പ്രിയപ്പെട്ടവരുമൊത്ത് ലവഴിച്ച നിമിഷങ്ങൾ, നമ്മുടെ നേട്ടങ്ങൾ, പങ്കിടലുകൾ, കണ്ട് വിസ്മയിച്ച മനോഹര കാഴ്ച്ചകൾ, തനിച്ച് സഹിച്ച സഹനങ്ങൾ, ആരോരുമറിയാതെ ഉള്ളിൽ സൂക്ഷിക്കുന്ന ആധികൾ. ഇവയിലേക്കെല്ലാം തിരിച്ചു പോകുമ്പോൾ നാം നമ്മിൽ തന്നെ എത്തുന്നു.

എന്ത് വേ​ഗമായിരുന്നു നമ്മുടെ ഓട്ടത്തിന്, എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാൻ, ഈ ഓട്ടത്തിനിടെ നാം കണ്ടതെത്ര, കാണാതെ പോയതെത്ര, കേട്ടതെത്ര, കേൾക്കാതെ പോയതെത്ര, കണ്ട വിദൂര വിസ്മയങ്ങളേക്കാൾ മോഹനം കാണാതെ പോയ വീട്ടു വിസ്മയങ്ങളാണെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കാം.

നമ്മുടെ വയോജനങ്ങൾ അനുഭവിക്കുന്ന ഏകാന്തത ചിലരെങ്കിലുമൊക്കെ മനസിലാക്കിയിരിക്കാം. പുറത്തിറങ്ങാനാവാതെ ജാലകകള്ളിയിലൂടെ നോക്കിയിരിക്കുമ്പോൾ ചിലരെങ്കിലും പറ‍ഞ‍ിരിക്കാം ഈ ലോകം എത്ര മേൽ മനോഹരമാണ്, എത്ര വിശാലമാണ്. സ്വയം അണിഞ്ഞ വിലങ്ങുകൾ മാറ്റി അധികം വൈകാതെ വീണ്ടും ലോകത്തേക്ക് ഇറങ്ങുമ്പോൾ നാമെല്ലാം പങ്കിടുന്ന പൊതു ചോദ്യമുണ്ട്...എവിടെ തുടങ്ങണം? എങ്ങോട്ട് പോകണം? എനിക്കിനി സാധിക്കുമോ?

പ്രസിദ്ധനായ ഒരു ​ഗ്രീക്ക് എഴുത്തുകാരന്റെ ആത്മകഥയിലെ രം​ഗം ഓർമ വരുന്നു. അദ്ദേഹം കുട്ടിക്കാലം ഓർക്കുകയാണ്, കൊടും മഴ പ്രളയം നാടിനെ മുക്കിയിരിക്കുന്നു, അവരുടെ മുന്തിരിപ്പാടങ്ങൾ മുഴുവൻ മുങ്ങിപ്പോയത് അവൻ കണ്ടു. അധ്വാനിച്ചതെല്ലാം പ്രകൃതി എടുത്തിരിക്കുന്നു. വീടിന്റെ നനഞ്ഞ വാതിൽപടിയിൽ അച്ഛൻ നിൽപ്പുണ്ടായിരുന്നു, അച്ഛൻ പട്ടാളക്കാരനായിരുന്നു. ഒരുപാട് യുദ്ധങ്ങൾ കടന്നു പോന്നയാൾ. തീക്ഷണമായി ജീവിതം രുചിച്ചയാൾ. വിറച്ച് വിറച്ച് അവൻ ചോദിച്ചു നമ്മുടെ മുന്തിരി മുഴുവൻ പോയി അല്ലേ അച്ഛാ....അപ്പോൾ മുഴങ്ങുന്ന സ്വരത്തിൽ അച്ഛൻ പറഞ്ഞു നമ്മൾ പോയില്ലല്ലോ.

സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങൾ തിരിച്ചു വരുമ്പോൾ നമുക്ക് പറയാറാകണം, നമ്മൾ പോയില്ലല്ലോ... നാം ശേഷിച്ചാൽ മറ്റെന്തും നമുക്ക് തിരിച്ചു പിടിക്കാം.. അതിനായി നാം ക്ഷമിച്ചിരുന്നേ മതിയാകൂ... നമുക്ക് വേണ്ടി ഈ നാടിന് വേണ്ടി,. ആശങ്കകളുടെയും നിരാശകളുടെയും വേദനകളുടെയും വിഷാദങ്ങളുടെയും അപ്പുറത്ത് നിന്ന് ഞാനൊരു ​ഗാനം കേൾക്കുന്നു.. പിറ്റ് സീ​ഗർ എന്ന അമേരിക്കൻ നാടോടി ​ഗായകന്റെ പ്രത്യാശാഭരിതമായ ആ ​ഗാനം.

we shall overcome
we shall overcome someday
oho, deep in my heart, i do believe
we shall overcome someday

സ്നേഹത്തോടെ മോഹൻലാൽ

Tags:    
News Summary - Mohanlal New Blog on Lockdown-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.